കുറ്റിച്ചൽ:കോട്ടൂരിൽ സാമൂഹ്യവിരുദ്ധർ വീടിന് തീയിട്ടു. വെട്ടുകാട് പുത്തൻവീട്ടിൽ വിജില (23)യുടെ വീടിനാണ് തീയിട്ടത്.വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം.വീട്ടുപകരണങ്ങളും വസ്തുവിന്റെ പ്രമാണം, ആധാർ കാർഡ്,ശ്രീചിത്ര-എസ്.എ.ടി ആശുപത്രി രേഖകൾ, വസ്ത്രങ്ങൾ തുടങ്ങിയവയെല്ലാം കത്തി നശിച്ചു.മുൻ വൈരാഗ്യത്തെ തുടർന്ന് വീട്ടുകാർ ഇല്ലാത്ത തക്കംനോക്കി വീടിന്റെ വാതിൽ പൊളിച്ച് അകത്ത് കടന്ന് തീയിട്ടതായി വിജില നെയ്യാർഡാം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.സംഭവം നടക്കുമ്പോൾ വിജിലയുടെ ഭർത്താവ് ദീപു (29),പിതാവ് അപ്പു (50) എന്നിവർ സ്ഥലത്തില്ലായിരുന്നു.ശബ്ദം കേട്ട് അയൽക്കാരാണ് വിജിലയെ വിവരം അറിയിച്ചത്.പ്രദേശത്ത് നിരന്തരം സാമൂഹ്യ വിരുദ്ധ ശല്യമാണെന്ന് പ്രദേശവാസികൾ നേരത്തേ പരാതിപ്പെട്ടിരുന്നു. ലഹരി, പിടിച്ചുപറി, മാല മോഷണ കേസുകളിലെ പ്രതികളാണ് സംഭവത്തിന് പിന്നിലെന്നും ആക്ഷേപമുണ്ട്. ഇതിന് മുൻപും വിജിലയുടെ വീടാക്രമിക്കുകയും വാതിലുകൾ തകർക്കുകയും ചെയ്തിരുന്നു. നെയ്യാർഡാം പൊലീസ് കേസെടുത്തു.