വിതുര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. വലിയമല പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഒാഫീസർ പാലോട് നന്ദിയോട് കള്ളിപ്പാറ റോസ്ഗിരിയിൽ എസ്.എസ്. അനൂപിനെയാണ് (40) സസ്പെൻഡ് ചെയ്തത്. 2017ലാണ് കേസിനാസ്പദമായ സംഭവം. അനൂപ് വിതുര സ്റ്റേഷനിൽ ഡ്രൈവറായിരിക്കെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് പെൺകുട്ടി ബാലാവകാശ കമ്മിഷനിൽ നൽകിയ പരാതിയിൽ പറയുന്നു. കമ്മിഷന്റെ നിർദ്ദേശപ്രകാരം വിതുര പൊലീസാണ് കേസെടുത്തത്.
കുട്ടിയുടെ മാതാപിതാക്കൾ തമ്മിൽ പിണക്കത്തിലായിരുന്നു. അമ്മ സ്റ്റേഷനിൽ കൊടുത്ത പരാതി അന്വേഷിക്കുന്നതിനിടെയാണ് അനൂപ് ഇവരുമായി അടുപ്പത്തിലായത്. തുടർന്ന് ഉദ്യോഗസ്ഥൻ പെൺകുട്ടിയുടെ വീട്ടിൽ നിത്യസന്ദർശകനായിരുന്നെന്നും ഇതിനിടെയാണ് പീഡനശ്രമം നടന്നതെന്നും പരാതിയിൽ പറയുന്നു. രണ്ടുമാസം മുൻപ് പെൺകുട്ടി നേരിട്ടാണ് ബാലാവകാശ കമ്മിഷനിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് പൊലീസിനെതിരായി നടപടിയുണ്ടായത്. ഒളിവിൽ പോയ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് വിതുര പൊലീസ് ഇൻസ്പെക്ടർ എസ്. ശ്രീജിത്ത് അറിയിച്ചു.