തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരുന്നുസൂക്ഷിക്കാൻ വിശാലമായ ഫാർമസി സ്റ്റോർ ഉടൻ സജ്ജമാകും. പഴയ അത്യാഹിത വിഭാഗത്തിനോടു ചേർന്ന് എമർജൻസി തിയേറ്റർ പ്രവർത്തിച്ചിരുന്ന സ്ഥലത്താണ് കൂടുതൽ സൗകര്യങ്ങളോടെ സ്റ്റോർ മാറ്റി സ്ഥാപിക്കുന്നത്. പുതിയ അത്യാഹിത വിഭാഗത്തിന് കൂടുതൽ സ്ഥലം വേണ്ടതിനാലാണ് സ്റ്റോർ മാറ്റിയത്. മരുന്നു സൂക്ഷിക്കാൻ പുതിയ മോഡുലാർ റാക്ക്, രണ്ട് ലിഫ്ടുകൾ, സെൻട്രലൈസ്ഡ് എസി എന്നിവയോടു കൂടിയുള്ള സ്റ്റോർ മൂന്നു കോടിയിലേറെ രൂപ ചെലവഴിച്ചാണ് സജ്ജമാക്കുന്നത്. മാറ്റി സ്ഥാപിക്കാൻ കഴിയുന്ന മോഡുലാർ റാക്കിൽ രണ്ടു തട്ടുകളിലായി മരുന്നു സൂക്ഷിക്കാൻ സൗകര്യമുണ്ട്.
മുകൾഭാഗത്തുള്ള തട്ടിലേക്ക് ലിഫ്ടു വഴിയാണ് മരുന്നുപെട്ടികൾ എത്തിക്കുന്നത്. കേരളാ മെഡിക്കൽ സർവീസ് കോർപറേഷന്റെ വെയർഹൗസുകളിലേതിന് സമാനമായ റാക്ക് മരുന്നുകൾ കൈകാര്യം ചെയ്യുന്നതിനും കൂടുതൽ സൗകര്യമാണ്. ഇതോടൊപ്പം ശീതീകരണിയിൽ സൂക്ഷിക്കേണ്ട മരുന്നുകൾക്കായി രണ്ട് വാക്ക് ഇൻ കൂളറുകളും സ്ഥാപിച്ചു. ജീവനക്കാർക്ക് ശീതീകരണിക്കുള്ളിൽ കടന്ന് മരുന്നുകൾ എടുക്കാൻ കഴിയുന്ന സംവിധാനമാണിത്. കൂളറിൽ വൈദ്യുതി തടസം നേരിട്ടാൽ അധികൃതരുടെ മൊബൈൽ ഫോണിലേക്ക് സന്ദേശമെത്തുകയും ചെയ്യും.നിലവിൽ ലിഫ്ട് സ്ഥാപിക്കുന്ന ജോലിയാണ് നടക്കുന്നത്. അധികം വൈകാതെ തന്നെ സ്റ്റോറിന്റെ പ്രവർത്തനം തുടങ്ങാൻ കഴിയും. കേരളാ മെഡിക്കൽ സർവീസ് കോർപറേഷനും പി.ഡബ്ളിയു.ഡിയുമാണ് പുതിയ സ്റ്റോർ സംവിധാനം യാഥാർത്ഥ്യമാക്കുന്നത്.