v-muralidharan

കൊച്ചി: കൊവിഡ് പ്രതിസന്ധിയെ അവസരമാക്കുന്നതിനൊപ്പം അത് സൃഷ്ടിച്ച ഗുണപരമായ മാറ്റങ്ങൾ നിലനിറുത്തുക വെല്ലുവിളിയായി സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്റെ ഭാഗമായി കൊവിഡ് അനന്തര ആരോഗ്യ, സാമ്പത്തിക, സാമൂഹിക മേഖലകളെ അഭിമുഖീകരിക്കലും അന്താരാഷ്ട്ര ബന്ധങ്ങളും എന്ന വിഷയത്തിലുള്ള പ്ലീനറി സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മിക്ക രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥകളെ കൊവിഡ് ബാധിച്ചപ്പോൾ പ്രതിസന്ധിയെ അവസരമാക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രസർക്കാർ എടുത്തത്. ആത്മനിർഭർ ഭാരത് ശ്രദ്ധേയമായ ചുവട് വയ്പായിരുന്നു. 266 ഡോളറിന്റെ സാമ്പത്തിക പാക്കേജ് നടപ്പാക്കിയതും സമ്പദ് വ്യവസ്ഥയ്ക്ക് ഉണർവ് പകർന്നു. 150 രാജ്യങ്ങളിലേക്ക് അവശ്യമരുന്നുകളും ജീവൻ രക്ഷാഉപകരണങ്ങളും കയറ്റി അയച്ച് വസുധൈവ കുടുംബകമെന്ന കാഴ്ചപ്പാട് സഫലീകരിക്കാൻ ഭാരതത്തിന് കഴിഞ്ഞു. വാക്സിൻ വികസിപ്പിക്കാൻ ആഗോള തലത്തിലുള്ള കൂട്ടായ്മക്ക് 15 ദശലക്ഷം ഡോളർ വാഗ്ദാനം നൽകി ഈ രംഗത്തും നിർണായക പങ്കാളിത്തം ഉറപ്പാക്കി. വന്ദേ ഭാരത് മിഷനിലൂടെ 3.2 ദശലക്ഷം ആളുകളെ തിരികെ എത്തിക്കാനായതും 120 രാജ്യങ്ങളിലെ പൗരന്മാരെ മടക്കി അയയ്ക്കാനായതും നേട്ടമായെന്നും വി. മുരളീധരൻ പറഞ്ഞു.