തിരുവനന്തപുരം: പൂട്ടിക്കിടക്കുന്ന ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ കമ്പനി തൊഴിലാളി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരം മാധവപുരം പഴയ റെയിൽവേ സ്റ്റേഷൻ സ്വദേശി അരുൺ(35)ആണ് തൂങ്ങിമരിക്കാൻ ശ്രമിച്ചത്. ഫേസ്ബുക്ക് ലൈവിൽ വന്ന് കമ്പനി മാനേജ്‌മെന്റിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച ശേഷമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ലൈവ് ശ്രദ്ധയിൽപ്പെട്ട സുഹൃത്തുക്കൾ അറിയിച്ചതിനെത്തുടർന്ന് വീട്ടുകാർ തക്ക സമയത്ത് ഇടപെട്ട് ആത്മഹത്യാശ്രമം തടഞ്ഞു. വീട്ടിലാണ് അരുൺ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഉടൻതന്നെ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

പ്രഫുല്ലകുമാർ എന്ന തൊഴിലാളി അടുത്തിടെ ഇവിടെ ആത്മഹത്യ ചെയ്തിരുന്നു.

മാനേജ്‌മെന്റാണ് തന്നെ കൊന്നത്, മറ്റ് തൊഴിലാളികൾക്ക് വേണ്ടിയാണ് താൻ മരിക്കുന്നതെന്നും ഫേസ്ബുക്ക് ലൈവിൽ അരുൺ പറഞ്ഞു. ഇയാൾ 16 വർഷമായി ഫാക്ടറി തൊഴിലാളിയാണ്. എന്നാൽ കുടുംബപരമായ പ്രശ്നങ്ങളും അരുണിനെ അലട്ടിയതായി പൊലീസ് പറഞ്ഞു. അരുൺ ഭാര്യയുമായി പിണങ്ങി കുടുംബവീട്ടിൽ കഴിയുന്ന ആളായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഈ രണ്ട് കാരണങ്ങളുമാകാം അരുൺ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് നിഗമനം. അരുണിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

മാസങ്ങളായി കമ്പനി പൂട്ടിയിട്ടിരിക്കുന്നതിൽ സമരത്തിലാണ് തൊഴിലാളികൾ. നിരവധി ചർച്ചകൾ നടത്തിയിട്ടും കമ്പനി തുറന്നിട്ടില്ല. കഴിഞ്ഞ ശനിയാഴ്ചയാണ് കമ്പനിക്കകത്ത് മരിച്ച നിലയിൽ പ്രഫുല്ല കുമാറിനെ കണ്ടെത്തിയത്.പട്ടിണി മൂലമാണ് ആത്മഹത്യ ചെയ്തതെന്നാണ്ന് തൊഴിലാളികൾ പറയുന്നത്. ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇപ്പോൾ ഇങ്ങനെ ഒരു ആത്മഹത്യാശ്രമം. ഇപ്പോഴത്തെ സംഭവത്തിൽ വലിയതുറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.