crime


ചവറ: പന്മന ചിറ്റൂരിൽ മുഖം മറച്ചെത്തിയ ആറംഗ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വീടിനു നേരെ ആക്രമണം നടത്തി. പന്മന ചിറ്റൂർ എസ്.എൻ.ഡി.പി ജംഗ്ഷന് സമീപം കാർത്തികയിൽ കുഞ്ഞിക്കുട്ടൻ എന്ന് വിളിക്കുന്ന ബേബിഡോണിന്റെ വീടിന് നേരെയാണ് ആക്രമണം നടത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ചവറ കൊട്ടുകാട് ബിനു ഭവനത്തിൽ ബിനു ( 20) ,പൊന്മന കൊട്ടാരത്തിൻ കടവിൽ രാഹുൽ ഭവനിൽ രാഹുൽ ( 18 ) ,പന്മന മേക്കാട് രഞ്ജിത് ഭവനിൽ ശ്രീജിത്ത് ( 30 ) എന്നിവരെ ചവറ പൊലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മാരകായുധങ്ങൾ ഉപയോഗിച്ച് നടത്തിയ അക്രമത്തിൽ കുഞ്ഞിക്കുട്ടന്റെ വീടിന്റെ ജനൽചില്ലുകളും ബൈക്കും തകർത്തു. കെ. എം. എം. എൽ കമ്പനിയുടെ പട്രോളിംഗിന് പോയ വാഹനം തടഞ്ഞ് അതിലുണ്ടായിരുന്നവരെ ആക്രമിക്കാനും ശ്രമം നടന്നതായും പറയപ്പെടുന്നു . വെള്ളിയാഴ്ച്ച പുലർച്ചെ 12.30 തോടെയാണ് സംഭവം. ആക്രമണത്തിൽ ബൈക്കിന്റെ ഗ്ലാസുകളും പെട്രോൾ ടാങ്കും അഞ്ച് പ്ലാസ്റ്റിക് കസേരകളും ടീപ്പോയും തല്ലി തകർത്തു. ശബ്ദം കേട്ട് ഉണർന്ന വീട്ടുകാർ ബഹളം വെച്ചപ്പോൾ അക്രമികൾ കതക് തള്ളിത്തുറന്ന് അകത്തു കയറി വീട്ടിലുള്ളവരെ ആക്രമിക്കാൻ ശ്രമിച്ചു. അയൽപക്കത്തുള്ളവർ ബഹളം വെച്ച് ഓടി എത്തിയപ്പോഴെക്കും അക്രമികൾ ബൈക്കിൽ കയറി രക്ഷപെട്ടു.