തിരുവനന്തപുരം: അക്ഷയ സേവനങ്ങൾ ഓൺലൈനായി അപേക്ഷിക്കാൻ ബുദ്ധിമുട്ടുള്ളവരെ സഹായിക്കുന്നതിനും സേവനങ്ങൾ വീടുകളിലെത്തിക്കുന്നതിനും സന്നദ്ധ സേനാംഗങ്ങളെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അപേക്ഷകളും പരാതികളും സ്വീകരിച്ച് അധികാരികൾക്ക് എത്തിക്കുന്നതിനും തുടർനടപടികളുടെ വിവരങ്ങൾ വിളിച്ച് അറിയിക്കുന്നതിനും അംഗങ്ങൾക്ക് ഇ പാസ് അനുവദിക്കും. ചലച്ചിത്രതാരം ടൊവിനോ തോമസിനെ സന്നദ്ധ സേനയുടെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സന്നദ്ധപ്രവർത്തകർക്ക് ആവശ്യമായ ഇൻഷ്വറൻസ് പരിരക്ഷ, മത്സര പരീക്ഷകൾക്കുള്ള ഗ്രേസ് മാർക്ക് തുടങ്ങിയവ സർക്കാർ പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സന്നദ്ധപ്രവർത്തകരെ ഏകോപിപ്പിച്ച് ശാസ്ത്രീയ പരിശീലനം നൽകി സന്നദ്ധസേന രൂപീകരിച്ചതിന് സർക്കാരിനെ അഭിനന്ദിച്ച ടൊവിനോ ബ്രാൻഡ് അംബാസഡർ പദവി സന്തോഷം നൽകുന്നതാണെന്ന് പറഞ്ഞു. ഓൺലൈനായി നടന്ന ചടങ്ങിൽ പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്താ ജെറോം, സാമൂഹിക സന്നദ്ധ സേന ഡയറക്ടർ അമിത് മീണ എന്നിവർ പങ്കെടുത്തു.