issac

തിരുവനന്തപുരം: ട്രഷറി നിക്ഷേപങ്ങളുടെ പലിശ എട്ടര ശതമാനത്തിൽ നിന്ന് 8 ശതമാനമായി കുറയ്ക്കുമെന്നു മന്ത്രി ടി.എം. തോമസ് ഐസക് പറഞ്ഞു. ബാങ്ക് പലിശ കുറഞ്ഞതോടെ നിരവധി പേ‌ർ ട്രഷറി സേവിംഗ്സ് അക്കൗണ്ടിൽ പണം നിക്ഷേപിച്ചിരുന്നു. പലിശ കുറ‌ഞ്ഞതോടെ നിക്ഷേപവും കുറയും.

പതിനൊന്നാം ശമ്പള കമ്മിഷൻ റിപ്പോർട്ട് കിട്ടിയാലുടൻ ശമ്പള പരിഷ്കരണം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. പങ്കാളിത്ത പെൻഷൻ നിറുത്തി അത് കൂടി സ്റ്രാറ്ര്യൂട്ടറി പെൻഷൻ ആക്കില്ല. ഇത് സംബന്ധിച്ച് കമ്മിഷൻ വിവിധ മേഖലകളിലുള്ളവരുമായി ചർച്ച നടത്തി റിപ്പോർട്ട് തയ്യാറാക്കുകയാണ്.
കൊവിഡ് വാക്സിൻ എല്ലാവർക്കും സൗജന്യമായി നൽകണമെന്നാണ് സർക്കാരിന്റെ നിലപാട്. അതിന് വേണ്ടി വന്നാൽ 2000 കോടി രൂപ വരെ കടമെടുക്കും. 15 ന് അവതരിപ്പിക്കുന്ന ബ‌‌‌ഡ്ജറ്റിൽ കൊവിഡ് പശ്ചാത്തലത്തിൽ ടൂറിസം മേഖലയ്ക്കായി പ്രത്യേകം പാക്കേജ് പരിഗണിക്കുന്നുണ്ട്. ടൂറിസം സംരംഭകർക്ക് വായ്പ നൽകുന്നതിന് പുറമെ കേരളത്തെ ബ്രാൻഡ് ആയി മാർക്കറ്റ് ചെയ്യാനും പണം വകയിരുത്തുമെന്നും മന്ത്രി പറ‌ഞ്ഞു.