television-award

തിരുവനന്തപുരം: ഇരുപത്തിയെട്ടാമത് സംസ്ഥാന ടെലിവിഷൻ പുരസ്‌കാര വിതരണം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കഥ, കഥേതരം, രചനാ വിഭാഗങ്ങളിലായി 53 പേർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. കഥേതര വിഭാഗത്തിൽ മികച്ച അവതാരകനുള്ള പുരസ്‌കാരം (വിദ്യാഭ്യാസ പരിപാടി) കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ വി.എസ്. രാജേഷ് മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. 'സ്‌ട്രെയിറ്റ് ലെയ്ൻ" എന്ന അഭിമുഖ പരിപാടിയുടെ അവതരണത്തിനാണ് പുരസ്‌കാരം.

ഏഴ് പുരസ്കാരങ്ങളാണ് കൗമുദി ടി.വിക്ക് ലഭിച്ചത്. വാർത്തേതര പരിപാടിയുടെ അവതാരകനുള്ള പുരസ്കാരം വാവാ സുരേഷും (സ്‌നേക്ക് മാസ്റ്റർ), മികച്ച ബാലതാരത്തിനുള്ള പുരസ്കാരം ലെസ്വിൻ ഉല്ലാസും (മഹാഗുരു), ഛായാഗ്രാഹകനുള്ള അംഗീകാരം എസ്. ലോവലും (മഹാഗുരു), കലാസംവിധായകനുള്ള പുരസ്കാരം ഷിബുകുമാറും (മഹാഗുരു), ഡബിംഗ് ആർട്ടിസ്റ്റിനുള്ള (മെയിൽ) പുരസ്കാരം ശങ്കർ ലാൽ (മഹാഗുരു), ഡബിംഗ് ആർട്ടിസ്റ്റ് (ഫീമെയിൽ) പുരസ്കാരം രോഹിണി എ. പിള്ളയും (മഹാഗുരു) ഏറ്റുവാങ്ങി.

മികച്ച നടിക്കുള്ള പുരസ്‌കാരം കവിതാനായർ നന്ദനും നടനുള്ള പുരസ്‌കാരം മധുവിഭാകറിന് വേണ്ടി ഭാര്യ സുസ്മിതയും മകൻ ഹരിനന്ദനും ഏറ്റുവാങ്ങി. സുജിത് സഹദേവനാണ് മികച്ച സംവിധായകൻ.

ടി.വി ചാനലുകളും പരിപാടികളും മത്സരിക്കേണ്ടിവരുന്നത് വെബ്സീരിസുകളോടും ഒ.ടി.ടി പ്ലാറ്റ്ഫോമുകളോടുമാണെന്നും, അത് തിരിച്ചറിഞ്ഞുള്ള മാറ്റങ്ങൾ ടെലിവിഷൻ രംഗത്ത് വരണമെന്നും മന്ത്രി കടകംപള്ളി പറഞ്ഞു.

മേയർ ആര്യാ രാജേന്ദ്രൻ അദ്ധ്യക്ഷയായിരുന്നു. കൊവിഡ് ബാധിച്ചതു കാരണം ചടങ്ങിലെത്താനാകാത്ത മന്ത്രി എ.കെ. ബാലന്റെ സന്ദേശം ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ വായിച്ചു. ടെലിവിഷൻ അവാർഡ് ബുക്കിന്റെ പ്രകാശനം ജനറൽ കൗൺസിൽ അംഗവും നടനുമായ പ്രേംകുമാർ,​ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാറിന് നൽകി നിർവഹിച്ചു. ചലച്ചിത്ര അക്കാഡമി വൈസ് ചെയർപേഴ്‌സൺ ബീനാപോൾ, ജൂറി ചെയർമാൻമാരായ മധുപാൽ, ഒ.കെ. ജോണി, ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി. അജോയ്,​ ട്രഷറർ സന്തോഷ് ജേക്കബ് എന്നിവർ സംസാരിച്ചു.