എടപ്പാൾ : മുതൂരിൽ അടച്ചിട്ട വീട്ടിൽ നിന്നും ആഭരണവും പണവും അപഹരിച്ച സംഭവത്തിൽ അന്വേഷണം നാട്ടുകാർക്കൊപ്പം അന്യ സംസ്ഥാന തൊഴിലാളികളിലേക്കും. വിരലടയാള വിദഗ്ദ്ധർക്കൊപ്പം പൊലീസ് നായയുടെ സേവനവും പ്രയോജനപ്പെടുത്തിയാണ് നാടിനെ ഞെട്ടിച്ച കവർച്ചയുടെ അന്വേഷണം പുരോഗമിക്കുന്നത്. സംശയമുള്ളവരുടെ പേരുകളും ചെയ്തികളും പൊലീസ് സസൂഷ്മം പരിശോധിക്കുകയാണ്. ഉടമ മുഹമ്മദ് സുഹൈൽ തൃശൂരിലെ സഹോദരീഭവനത്തിലേയ്ക്ക് പോകുന്നത് നേരത്തെ മനസിലായവരാണ് മോഷണത്തിന് നേതൃത്വം നൽകിയതെന്നത് വ്യക്തമാണ്. വീട് അടച്ചു പോകുന്ന സമയത്ത് തന്നെ മോഷ്ടാക്കൾ വീടിന്റെ മുകൾമുറിയിൽ ഒളിച്ചിരുന്നുവെന്ന അനുമാനവും പുറത്ത് പറയപ്പെടുന്നുണ്ട്. സുഹൈലിന്റെ ബന്ധുക്കളെയും പൊലീസ് വിളിച്ചു വരുത്തി വിവരങ്ങൾ ശേഖരിച്ചു വരികയാണ്. പൊന്നാനി എസ്.ഐ. മഞ്ജിഷ് ലാൽ ആണ് അന്വേഷണത്തിന് നേതൃത്യം നൽകുന്നത്.