തിരുവനന്തപുരം: വീടാക്രമണക്കേസിൽ അറസ്റ്റുചെയ്യാനെത്തിയ ഫോർട്ട് സ്റ്റേഷനിലെ പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ പിടിയിലായി. എസ്.എസ് കോവിൽ റോഡിൽ ഇന്നലെ വൈകിട്ട് 6.30ഓടെയായിരുന്നു സംഭവം. സംഭവത്തിൽ രണ്ടുപൊലീസുകാർക്ക് പരിക്കേറ്റു. കമലേശ്വരത്ത് വീടാക്രമിച്ച് പണവും സ്വർണവും മോഷ്ടിച്ച കേസിലെ പ്രതികളായ ആൽത്തറ വിനീഷ് വധക്കേസ് പ്രതിയായ ചന്ദ്രബോസ്, മെഡിക്കൽ കോളേജ് രഞ്ജിത്ത് വധക്കേസ് പ്രതി ദീപക് എന്ന ഫിറോസ്, നിരവധി കേസുകളിൽ പ്രതിയായ വിഷ്ണു എന്നിവരെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരെയാണ് ആക്രമിച്ചത്. ആദ്യം മഫ്ടിയിലെത്തിയ പൊലീസുകാർ പ്രതികളെ തടഞ്ഞുവച്ചു. പിന്നാലെ ജീപ്പിൽ മറ്റൊരു സംഘമെത്തിയതോടെ മഫ്ടിയിലെത്തിയ പൊലീസുകാരെ തള്ളിമാറ്റി കാറിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അമിതവേഗത്തിൽ മുന്നോട്ടെടുത്ത കാർ പൊലീസ് ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ജീപ്പിലുണ്ടായിരുന്ന എസ്.ഐ പ്രേമചന്ദ്രൻ, ഡ്രൈവർ വിഷ്ണു എന്നിവർക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. ഇതിനിടെ കൂടുതൽ പൊലീസെത്തി പ്രതികളെ പിടികൂടി സ്റ്റേഷനിലെത്തിച്ചു. എസ്.ഐമാരായ അനുരാജ്, സെൽവിയസ്, കണ്ണൻ, ഷിബു, സാബു എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.