savala

ആര്യനാട്:സവാള കച്ചവടത്തിന് വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി പണം തട്ടിയെന്ന് സ്ഥാപന ഉടമയ്ക്കെതിരെ ആര്യനാട് പൊലീസിൽ പരാതി. ഉഴമലയ്ക്കൽ അയ്യപ്പൻകുഴിയിൽ സ്ഥാപനം തുടങ്ങിയ പനയ്ക്കാട് വട്ടപ്പുല്ല് പാറയിൽ വീട്ടിൽ ജോസ് വൈദ്യർ(39)ക്കെതിരെയാണ് വാട്സ് ആപ്പ് കൂട്ടായ്മയിലെ അംഗങ്ങൾ പരാതി നൽകിയത്.

ജോസ് വൈദ്യർ അയ്യപ്പൻകുഴിയിൽ ആരംഭിച്ച ജനറൽ സ്റ്റോഴ്സിന്റെ നടത്തിപ്പിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും കൂട്ടായ്മയിലെ അംഗങ്ങൾ 10,000രൂപ വീതം നിക്ഷേപിച്ചാൽ വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ വൻ വിജയമാകുമെന്നും കൂട്ടായ്മയിലെ അംഗങ്ങളെ അറിയിച്ചുവത്രെ. ഈ വാട്സ് ആപ്പ് കൂട്ടായ്മ വിപുലീകരിച്ച് സൊസൈറ്റിയാക്കി നിരവധിപേർക്ക് തൊഴിലവസരമാണ് ലക്ഷ്യമിടുന്നതെന്നും വലിയ പ്രസ്ഥാനമായി മാറുമെന്നും കാര്യങ്ങൾ സുതാര്യമായിരിക്കാൻ കൂട്ടായ്മയിലെ അംഗങ്ങളെ ഉൾപ്പെടുത്തി ഒരു എഗ്രിമെന്റും തയ്യാറാക്കി. ഇതോടെയാണ് കൂട്ടായ്മയിലെ 36 അംഗങ്ങൾ 10,000രൂപവീതം അക്കൗണ്ടിൽ നിക്ഷേപിച്ചതെന്നും പരാതിയിൽ പറയുന്നു. കേരളത്തിന് പുറത്തുനിന്നു സവാളവാങ്ങി ജില്ലയിലെ ഗ്രൂപ്പംഗങ്ങൾ വഴിയും അല്ലാതെയും വിൽപ്പന നടത്താനായി ഇയാളുടെ ശ്രമം.സവാളവാങ്ങി എന്നു പറയുന്നതല്ലാതെ വാങ്ങിയ സാധനത്തിന്റെ ബില്ലോ കണക്കോ കാണിക്കാൻ സ്ഥാപന ഉടമ തയ്യാറല്ലെന്നും പരാതിയിൽ പറയുന്നു. വിവരം തിരക്കിയവരോട് ഇറക്കിയ സവാള നശിക്കുന്ന സാധനമാണെന്നും മൊത്തത്തിൽ അഴുകിപ്പോയതായും ഗ്രൂപ്പംഗങ്ങളെ അറിയിച്ചു. കണക്കുകൾ ചോദിച്ച ഗ്രൂപ്പംഗങ്ങളെ ഭീഷണിപ്പെടുത്താൻ തുടങ്ങി. ഗ്രൂപ്പംഗങ്ങൾ മൊത്തത്തിൽ ഈ സ്ഥാപനവുമായി സഹകരിക്കാൻ തയ്യാറല്ലെന്നും നിക്ഷേപിച്ച തുക തിരികെ വേണമെന്ന് ആവശ്യപ്പെട്ടിട്ടും നൽകാതെ വന്നതോടെ കൂട്ടായ്മയിലെ അംഗങ്ങൾ ആര്യനാട് പൊലീസിൽ പരാതി നൽകി. സ്ഥാപന ഉടമയ്ക്കെതിരേ പൊലീസ് കേസെടുത്തെന്ന് പറയുന്നതല്ലാതെ തുടർ നടപടികളൊന്നും ഉണ്ടായില്ല. തുടർന്ന് റൂറൽ എസ്.പി,ഡി.ജി.പി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരിക്കുകയാണ്.