pocso

തിരുവനന്തപുരം: കടയ്ക്കാവൂരിൽ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസ് കെട്ടിച്ചമച്ചതാണെന്ന സംശയങ്ങൾ ബലപ്പെടുന്നതിനിടെ അമ്മയെ അറസ്റ്റ് ചെയ്തത് ശിശുക്ഷേമ സമിതിക്ക് (സി.ഡബ്ല്യു.സി) കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണെന്ന പൊലീസ് വാദം തള്ളി സി.ഡബ്ല്യു.സി രംഗത്ത്. കുട്ടിയുടെ മൊഴിയെടുത്തിട്ടില്ലെന്നും കേസെടുക്കാൻ ശുപാർശ ചെയ്തിട്ടില്ലെന്നും ശിശുക്ഷേമ സമിതി അദ്ധ്യക്ഷ അഡ്വ. എൻ.സുനന്ദ പറഞ്ഞതോടെ സംഭവത്തിൽ ദുരൂഹത വർദ്ധിക്കുന്നു. വിവാദമായതോടെ കേസ് ദക്ഷിണമേഖല ഐ.ജി ഹർഷിത അട്ടല്ലൂരി​ അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ അറിയിച്ചു. പൊലീസിന് വീഴ്ച പറ്റിയോ എന്നതടക്കമുള്ള കാര്യങ്ങൾ ഐ.ജി അന്വേഷിക്കും.

കേസുമായി ബന്ധപ്പെട്ട് കടയ്ക്കാവൂർ പൊലീസ് തയാറാക്കിയ എഫ്.ഐ.ആറിൽ വിവരം തന്നയാൾ ശിശുക്ഷേമസമിതി അദ്ധ്യക്ഷയാണെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ പൊലീസിന്റെ ആവശ്യപ്രകാരം കുട്ടിയെ കൗൺസലിംഗ് നടത്തിയ ശിശുക്ഷേമസമിതി ശുപാർശകളോ നിഗമനങ്ങളോ ഇല്ലാതെ കൗൺസലിംഗ് റിപ്പോർട്ടാണ് നൽകിയത്. എന്നാൽ വിശദമായ അന്വേഷണംപോലും നടത്താതെ പൊലീസ് പോക്സോ കുറ്റം ചുമത്തി അമ്മയെ ജയിലിലടച്ചെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം യുവതിയുടെ ഇളയ മകൻ പിതാവ് ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് സഹോദരൻ അമ്മയ്‌ക്കെതിരെ പരാതി പറഞ്ഞതെന്ന് വെളിപ്പെടുത്തിയിരുന്നു.

വിവാഹബന്ധം വേർപെടുത്താതെ മൂന്നു വർഷമായി അകന്നു കഴിയുന്ന ഭർത്താവ് മകനെ ഭീഷണിപ്പെടുത്തിയും ഉപദ്രവിച്ചും പരാതി പറയിച്ചുവെന്നാണ് യുവതിയുടെ ബന്ധുക്കൾ പറയുന്നത്.

കുട്ടിയെ ദിവസങ്ങളോളം ഒറ്റയ്ക്കു മാറ്റിനിറുത്തിവേണം കൗൺസലിംഗ് നടത്താനെന്ന നിയമം പോലും പാലിക്കാത്തതിനാൽ കൗൺസലിംഗ് റിപ്പോർട്ടിനും നിയമസാധുതയില്ലെന്ന് വിദഗ്ദ്ധർ പറയുന്നു.

പരാതി സത്യമാണോയെന്ന് ഉറപ്പിക്കാൻ വിശദമായ രണ്ടാം കൗൺസലിംഗാവാമെന്നും ശിശുക്ഷേമ സമിതി പറയുന്നു.

ശിശുക്ഷേമസമിതി പരാതി നൽകും

എഫ്‌.ഐ.ആറിൽ പരാതിക്കാരന്റെ സ്ഥാനത്ത് അദ്ധ്യക്ഷയുടെ പേരു ചേർത്ത സംഭവത്തിൽ ശിശുക്ഷേമ സമിതി ആഭ്യന്തര സെക്രട്ടറിക്കും ഡി.ജി.പിക്കും പരാതി നൽകും. കൗൺസലിംഗ് നൽകാൻ ആവശ്യപ്പെട്ട് പൊലീസ് നൽകിയ കത്തും പരാതിക്കൊപ്പം നൽകും. പൊലീസിനോടും വിശദീകരണം ആവശ്യപ്പെടും.

കേസ് എടുക്കുന്നതിൽ പൊലീസ് കൂടുതൽ ജാഗ്രത കാട്ടണമായിരുന്നു പരാതിയെക്കുറിച്ച് കൂടുതൽ അന്വേഷിക്കേണ്ടതായിരുന്നു

-വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാൽ

കുട്ടിക്ക് കൗൺസലിംഗ് നൽകി റിപ്പോർട്ട് ഹാജരാക്കണം എന്ന് മാത്രമാണ് പൊലീസ് പറഞ്ഞത്. ഒരു വനിതാ സിവിൽ പൊലീസ് ഓഫീസറെയും കൂട്ടിയാണ് പതിന്നാലുകാരനായ കുട്ടിയെ കൗൺസലിംഗിനായി കൊണ്ടുവന്നത്. കൗൺസലിംഗ് നടത്തി റിപ്പോർട്ട് സമർപ്പിച്ചു. പൊലീസിന് നേരത്തേ വിവരം കിട്ടിയതുകൊണ്ടാണല്ലോ കുട്ടിയെ കൗൺസലിംഗിന് കൊണ്ടുവന്നത്. അപ്പോൾ ആ വിവരം നൽകിയ ആളുടെ പേരാണ് എഫ്.ഐ.ആറിലെ വിവരം നൽകിയ ആൾ എന്ന കോളത്തിൽ നൽകേണ്ടത്.

-അഡ്വ. എൻ.സുനന്ദ, ശിശുക്ഷേമ സമിതി അദ്ധ്യക്ഷ