തിരുവനന്തപുരം: പൊലീസ് വാഹനങ്ങൾക്കെല്ലാം സമ്പൂർണ ഇൻഷ്വറൻസ് പരിരക്ഷ ഒരുക്കാൻ പൊലീസ് മേധാവി നിർദേശം നൽകി. അപകടത്തിൽപ്പെടുന്ന പൊലീസ് വാഹനങ്ങളിലെ ഉദ്യോഗസ്ഥർക്ക് അർഹമായ നഷ്ടപരിഹാരം ലഭിക്കാത്തതിനെത്തുടർന്നാണ് നടപടി.
നിലവിൽ പൊലീസിന്റെ കൈവശമുള്ള ഭൂരിഭാഗം വാഹനങ്ങൾക്കും തേഡ്പാർട്ടി ഇൻഷ്വറൻസ് മാത്രമാണുള്ളത്. ഇതുപ്രകാരം പൊലീസ് വാഹനം ഇടിച്ച് ആർക്കെങ്കിലും പരിക്കേറ്റാൽ നഷ്ടപരിഹാരം ലഭിക്കും. എന്നാൽ വാഹനത്തിനുണ്ടായ കേടുപാട് പൊലീസ് തന്നെ പരിഹരിക്കണം.
ഈയിടെ ജീപ്പ് അപകടത്തിൽപ്പെട്ട് പൊലീസുകാർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. എന്നാൽ, പൊലീസുകാർക്ക് പൂർണ നഷ്ടപരിഹാരം അനുവദിക്കാൻ ഇൻഷ്വറൻസ് കമ്പനി വിസമ്മതിച്ചു. കീഴ്ക്കോടതി വിധിക്കെതിരേ ഹൈക്കോടതിയെ സമീപിച്ചു.
തേഡ്പാർട്ടി ഇൻഷ്വറൻസാണ് പൊലീസ് വാഹനത്തിനുള്ളതെന്നും വാഹന ഉടമയായ പൊലീസുകാർ ഇൻഷ്വറൻസിന് അർഹരല്ലെന്നുമായിരുന്നു കമ്പനിയുടെ വാദം.
ഇത് അംഗീകരിച്ച ഹൈക്കോടതി നഷ്ടപരിഹാരത്തുക കുറച്ചു.
സർക്കാർ വാഹനങ്ങൾ പലതും ഇൻഷ്വറൻസ് എടുക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. മിക്ക സർക്കാർ വകുപ്പുകൾക്കും സംസ്ഥാന സർക്കാരിന്റെ ഇൻഷ്വറൻസ് പോളിസിയാണുള്ളത്. ഇതേരീതിയിൽ പൊലീസിനും സമ്പൂർണ പോളിസി എടുക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്.