നെടുമങ്ങാട്:ചരിത്രമുറങ്ങുന്ന നാട്ടകങ്ങളുടെ ഓർമ്മപ്പെടുത്തലുകൾ പങ്കുവെച്ച് നെടുമങ്ങാട് കേന്ദ്രമാക്കി ചരിത്രം പൈതൃക വേദി പ്രവർത്തനം ആരംഭിച്ചു.പൈതൃകവേദി രക്ഷാധികാരിയും അദ്ധ്യാപകനുമായ കരുപ്പൂര് കൃഷ്ണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ കവി അയ്യപ്പൻ വീഥിയിൽ ചേർന്ന സാംസ്കാരിക കൂട്ടായ്മയിൽ നെടുമങ്ങാട് നഗരസഭ ചെയർപേഴ്‌സൺ സി.എസ് ശ്രീജ ഉദ്‌ഘാടനം നിർവഹിച്ചു.സെക്രട്ടറി ഹരി നീലഗിരി താളിയോലകളിൽ തെളിയുന്ന നെടുമങ്ങാടിന്റെ ചരിത്രരേഖകൾ ഏറ്റുവാങ്ങി. ചരിത്രകാരനും പൈതൃകവേദി പ്രസിഡന്റുമായ വെള്ളനാട് രാമചന്ദ്രന്റെ 'മൊഴിയും വഴിയും" എന്ന പുസ്തകം ഭാഷാദ്ധ്യാപകനും ഫോക്ക് ലോറിസ്റ്റുമായ പ്രൊഫ. ഉത്തരംകോട് ശശി സ്മൃതി സാംസ്കാരിക വേദി സെക്രട്ടറി കെ.സി സാനുമോഹന് കൈമാറി പ്രകാശനം നിർവഹിച്ചു. നോവലിസ്റ്റും അദ്ധ്യാപകനുമായ ഇരിഞ്ചയം രവി പുസ്തക പരിചയം നടത്തി. ബി.ബാലചന്ദ്രൻ, കച്ചേരി വാർഡ് കൗൺസിലർ ആദിത്യ വിജയകുമാർ, കെ.വിജയൻ എന്നിവർ പ്രസംഗിച്ചു.ഉമയമ്മ റാണിയുടെയും കൊക്കോത റാണിയുടെയും പോരാട്ട ചരിതങ്ങളും സാമൂഹ്യ മുന്നേറ്റങ്ങളും പുതുതലമുറയെ പരിചയപ്പെടുത്തുകയാണ് പൈതൃകവേദിയുടെ ലക്ഷ്യം.ചരിത്ര രേഖകൾ അടങ്ങിയ താളിയോലകൾ കണ്ടെത്തി സംരക്ഷിക്കാനും പദ്ധതിയുണ്ട്.