തിരുവനന്തപുരം: കോടതി ഉത്തരവിനെ തുടർന്ന് പി.എസ്.സി ലിസ്റ്റിലുള്ളവരെ നിയമിക്കാനായി കെ.എസ്. ആർ.ടി.സിയിൽ നിന്ന് പിരിച്ചുവിട്ട എംപാനൽ ജീവനക്കാരിൽ 908 പേരെ തിരിച്ചെടുത്ത് സ്ഥിരനിയമനം നൽകാൻ സർക്കാർ തീരുമാനം. പത്തുവർഷം തുടർച്ചയായി സർവീസിലുണ്ടായിരിക്കുകയും ഒരു വർഷം 240 ഡ്യൂട്ടി പൂർത്തിയാക്കുകയും ചെയ്തവരെയാണ് സ്ഥിരപ്പെടുത്തുന്നത്.ഇതിനുപുറമേ, അഞ്ചു വർഷത്തിലേറെ ജോലി നോക്കിയിരുന്ന 2400 പേർക്ക് പുതുതായി രൂപീകരിക്കുന്ന ട്രാൻസ്പോർട്ട് കമ്പനിയായ കെ- സ്വിഫ്ടിൽ കരാർ അടിസ്ഥാനത്തിൽ ജോലി നൽകും. ഇതോടെ കോടതി വിധിപ്രകാരം പിരിച്ചുവിട്ട 6561പേരിൽ 3308 പേർക്ക് ജോലി ലഭ്യമാവും. ഇവരിൽ ഭൂരിപക്ഷവും ഡ്രൈവർമാരും കണ്ടക്ടർമാരുമാണ്. അതേസമയം, സ്ഥിരനിയമനം നൽകാൻ സ്വീകരിച്ച മാനദണ്ഡത്തിനെതിരെ പരാതിയുയർന്നിട്ടുണ്ട്.പിരിച്ചുവിട്ടവരുടെ സർവീസ് കാലാവധി പ്രകാരമുള്ള ലിസ്റ്റ് ഡിപ്പോ മേധാവികൾ ചീഫ് ഓഫീസിലേക്ക് അയച്ചുകൊടുത്തിട്ടുണ്ട്. ഇത് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയാണ് നിയമനം നടത്തുക. നിലവിൽ 780 പേർ ലിസ്റ്റിലുണ്ട്. 2013ൽ താല്ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയപ്പോൾ ഏതാനും മാസത്തെ വ്യത്യാസത്തിൽ അവസരം നഷ്ടപ്പെട്ട 128 പേരെയും സ്ഥിരപ്പെടുത്തുന്നുണ്ട്. അങ്ങനെയാണ് ആകെ എണ്ണം 908 ആകുന്നത്. നേരത്തെ കോടതിവിധിയുടെ അടിസ്ഥാനത്തിൽ പി.എസ്.സി അഡ്വൈസ് മെമ്മോ ലഭിച്ച കണ്ടക്ടർ റാങ്ക് പട്ടികയിലുള്ളവർക്ക് നിയമനം നൽകിയിരുന്നു.
ഉപാധികളുടെ മറവിൽ വെട്ടിനിരത്തൽ
പത്തുവർഷത്തിലേറെ ജോലി ചെയ്തു. വർഷം 300 ഡ്യൂട്ടിയിൽ കൂടുതൽ നോക്കി. എന്നിട്ടും ലിസ്റ്റിലില്ല. എന്നെപ്പോലെ ധാരാളം പേരുണ്ട്.
ഇന്ദു, വനിതാ കണ്ടക്ടർ,
തിരുവനന്തപുരം