സുഹാസിനി, ശോഭന, രേവതി, കനിഹ,നിത്യമേനോൻ, രമ്യ നമ്പീശൻ, അനുഹാസൻ, ജയശ്രീ, ഉമ അയ്യർ എന്നിവർ ചേരുന്നതാണ് മാർഗഴി തിങ്കൾ സംഗീത വീഡിയോ
മാർഗഴി മാസത്തിന്റെ ചൈത്യനത്തിൽ സുഹാസിനി മണിരത്നത്തിന്റെ നേതൃത്വത്തിൽ മാർഗഴി തിങ്കൾ സംഗീത വീഡിയോ പുറത്തിറങ്ങി. സുഹാസിനിക്കൊപ്പം രേവതി, കനിഹ, നിത്യമേനോൻ, രമ്യനമ്പീശൻ, അനുഹാസൻ, ജയശ്രീ, ഉമ അയ്യർ എന്നിവരാണ് അണിനിരക്കുന്നത്. നൃത്തം അവതരിപ്പിച്ചാണ് ശോഭന മാർഗഴി തിങ്കളിൽ വിസ്മയം തീർത്തത്.
വെള്ളിത്തിരയിൽനിന്ന് ഒൻപത് നടിമാർ ഒരു സംഗീതവീഡിയോയിൽ അണിനിരക്കുന്നതാണ് മാർഗഴി തിങ്കളിന്റെ സവിശേഷത. വിവിധ കർണാടക സംഗീതജ്ഞർ അവതരിപ്പിച്ച ആണ്ടാളിന്റെ 'തിരുപ്പാവൈ" ആണ് താരങ്ങൾ ആലപിക്കുന്നത്. നിത്യമേനോനും കനിഹയും രമ്യനമ്പീശനും ഗായികമാരായി നേരത്തേത്തന്നെ തിളങ്ങിയവരാണ് .സ്വന്തം വീടുകളിൽ നിന്നാണ് വീഡിയോയ്ക്ക് വേണ്ട വരികൾ റെക്കോർഡ് ചെയ്തത്. സമീപത്തുള്ള കുറച്ച് നടിമാർ ഒന്നിച്ചും വീഡിയോ പകർത്തി.എം.എൽ വസന്തകുമാരി എന്ന വിഖ്യാത ഗായികയിലൂടെ ഏറെ ശ്രദ്ധേയമായ
മാർഗഴി തിങ്കൾ എന്ന തമിഴ് ഗാനമാണ് പുനരാവിഷ്കരിക്കുന്നത്. ആണ്ടാൾ തിരുപ്പാവൈ എന്ന കർണാടക സംഗീതമാണ് ഇത്തരമൊരു ഉദ്യമത്തിന് പ്രചോദനമായതെന്ന് സുഹാസിനി വ്യക്തമാക്കി.തിരുപ്പാവൈ സംഗീതത്തെ സാധാരണക്കാരിലേക്ക് എത്തിക്കണം. എട്ടാം നൂറ്റാണ്ടിലെ വാക്യങ്ങളുടെ സമാഹാരമാണ് ഇതിന്റെ ഭംഗി. എന്നാൽ 1,800 വർഷത്തിനുശേഷവും അവ മനസിലാക്കാൻ സാധിക്കണമെന്നും ഇന്നത്തെ തലമുറയ്ക്ക് ഇതിനെക്കുറിച്ച് അറിയില്ലെന്നും സുഹാസിനി.
ആലാപന നിലവാരത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. ഞങ്ങൾ എല്ലാവരും ആലാപനം പഠിച്ചു. പക്ഷേ അത് ഒരു തൊഴിലായി എടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സുഹാസിനി പറയുന്നു.പോയവർഷം സ്ത്രീത്വത്തിന്റെ ചൈതന്യം ആഘോഷിക്കുന്നതിന്റെ ഭാഗമായി രവിവർമ്മ ചിത്രങ്ങളിലെ സുന്ദരികളായി തൊണ്ണൂറുകളിലെ നായികമാരെ സുഹാസിനി അണിനിരത്തിയത് ഏറെ ശ്രദ്ധ നേടിയിരുന്നു.നവമാധ്യമത്തിൽ മാർഗഴി തിങ്കളിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. മദ്രാസ് ടാക്കീസിന്റെ ബാനറിൽ ഒരുക്കിയ മാർഗഴി തിങ്കളിന്റെ ആശയവും സാക്ഷാത്കാരവും സുഹാസിനി മണിരത്നം നിർവഹിക്കുന്നു.സംഗീതം രവി ജി, കെവിൻ ദാസാണ് എഡിറ്റർ.
ക്രിയേറ്റീവ് ഡയറക്ടർ ശുഭശ്രീ .അടുത്ത വർഷം ഞങ്ങൾ വരും.മറ്റൊരു സംഗീതാർച്ചനയുമായി. സുഹാസിനിയും ശോഭനയും രേവതിയും ഉറപ്പ് തരുന്നു.