jan10a

ആറ്റിങ്ങൽ: ദേശീയപാത വികസനത്തിന്റെ ഭാഗമായി മൂന്നുമുക്ക് മുതൽ കിഴക്കേനാലുമുക്ക് വരെയുള്ള 900 മീറ്ററിന്റെ ടാറിംഗ് ഇന്നലെ പൂർത്തിയായി. ശനിയാഴ്ച രാത്രി 10.45ഓടെയാണ് ടാറിംഗ് ആരംഭിച്ചത്. റോഡിലെ നിയന്ത്രണത്തെ തുടർന്നുണ്ടായ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൊലീസ് ഏറെ പണിപ്പെട്ടു. ഈ ഭാഗത്തെ റോഡ് നിർമ്മാണത്തിൽ ഏറെ സങ്കീർണതയുണ്ടായെന്ന് ബി. സത്യൻ എം.എൽ.എ പറഞ്ഞു. ഓടയുടെ നിർമ്മാണം, കെ.എസ്.ഇ.ബി പോസ്റ്റ് - ട്രാൻസ്‌ഫോർമർ - കേബിളുകൾ എന്നിവ മാറ്റുന്നത്, ഭാവിയിൽ റോഡ് കുഴിക്കാതിരിക്കാനായി യൂട്ടിലിറ്റി സൗകര്യം ഒരുക്കൽ എന്നിവയെല്ലാം വെല്ലുവിളികളായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. റോഡിന്റെ മദ്ധ്യഭാഗത്തെ മീഡിയനും മറുവശത്തെ നിർമ്മാണങ്ങളും പൂർത്തിയാക്കി ഫെബ്രുവരി ആദ്യ ആഴ്ചയിൽ ടാറിംഗ് നടത്താനാണ് നീക്കം. ഒന്നാംഘട്ടത്തിൽ പൂവമ്പാറ മുതൽ കച്ചേരിനട വരെ ഒരുഭാഗത്തെ ടാറിംഗ് കഴിഞ്ഞിട്ടുണ്ട്. ഇവിടെ നടപ്പാത നിർമ്മാണം അന്തിമ ഘട്ടത്തിലാണ്. നാലുമുക്ക് മുതൽ കച്ചേരി ജംഗ്ഷൻ വരെയുള്ള റോഡ‌ിന്റെ പണികൾ കൂടി പൂർത്തിയാക്കി ടാറിംഗ് നടത്തിയാൽ പാതവികസനം പൂർത്തിയാകുമെന്ന് നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി പറഞ്ഞു.