congress

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് മുൻനിറുത്തി സുപ്രധാന ചർച്ചകളിലേക്ക് യു.ഡി.എഫ് നേതൃത്വം കടക്കുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന പ്രചരണജാഥയ്ക്ക് ഇന്നത്തെ യോഗം അന്തിമരൂപം നൽകും. തിരഞ്ഞെടുപ്പ് പ്രകടനപത്രിക രൂപീകരണത്തിന് ഉപസമിതിയെയും നിശ്ചയിച്ചേക്കും.

തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടികളിൽ നിന്ന് പാഠമുൾക്കൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പിൽ സംഘടനാ സംവിധാനം സജീവമാക്കാനാണ് യു.ഡി.എഫ് നീക്കം. സീറ്റ് വിഭജനത്തിൽ ഉൾപ്പെടെ, തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് പരമാവധി ധാരണയിലെത്തണമെന്നതാണ് നേതൃത്വത്തിന്റെ നിലപാട്. അടുത്ത ദിവസങ്ങളിൽ ഉഭയകക്ഷി ചർച്ചകളിലേക്ക് കടക്കും.

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ്, മുന്നണി വിപുലീകരണത്തിലൂടെ കരുത്ത് കൂട്ടാനുള്ള സാദ്ധ്യതയും ആരായുന്നു. ഇടതുമുന്നണിയിൽ പാലാ സീറ്റിനെച്ചൊല്ലി ഇടഞ്ഞുനിൽക്കുന്ന എൻ.സി.പി ഔദ്യോഗിക വിഭാഗത്തെ ഒപ്പമെത്തിക്കാമെന്നാണ് കണക്കുകൂട്ടൽ. കോൺഗ്രസ് നേതൃത്വം മുൻകൈയെടുത്ത് അനൗപചാരിക ചർച്ചകൾ മാണി സി.കാപ്പനുമായും മറ്റും ഇതിനകം നടത്തി. എന്നാൽ, എൻ.സി.പി മുന്നണി വിട്ടുപോകാതിരിക്കാനുള്ള തന്ത്രങ്ങൾ സി.പി.എം നേതൃത്വവും ആലോചിക്കുന്നുണ്ട്. എൻ.സി.പിയിലെ ഔദ്യോഗിക വിഭാഗം വിട്ടുപോയാലും, മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ഇടതുമുന്നണിയിൽ നിന്നേക്കും.

ജനപക്ഷം നേതാവ് പി.സി. ജോർജും, എൻ.ഡി.എ വിട്ട പി.സി. തോമസും യു.ഡി.എഫിലേക്ക് ചേക്കേറാൻ തയാറെടുത്ത് നിൽപ്പുണ്ടെങ്കിലും, പി.സി. ജോർജിന്റെ വരവിനോട് കോട്ടയത്ത് കോൺഗ്രസിലും ലീഗിലും വ്യാപകമായ എതിർപ്പ് നിലനിൽക്കുന്നു. കോൺഗ്രസ് അവരുടേതായ നിലയിൽ പി.സി. ജോർജിനെ ഉൾക്കൊള്ളട്ടെയെന്നാണ് മറ്റ് ഘടകകക്ഷികളുടെ നിലപാടെന്നറിയുന്നു. ഈ സാഹചര്യത്തിൽ, ജോർജിന്റെ മുന്നണിപ്രവേശം ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്. കേരള കോൺഗ്രസ്- ജോസഫ് വിഭാഗത്തിൽ ലയിച്ച് ജോർജും തോമസും വരട്ടെയെന്ന അഭിപ്രായവും കോൺഗ്രസ് നേതൃത്വത്തിലുണ്ട്. കേരള കോൺഗ്രസ്- ബി നേതാവ് കെ.ബി. ഗണേശ് കുമാറും ജോർജും ചേർന്ന് യു.ഡി.എഫിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. കേരള കോൺഗ്രസ്-ബി നിലവിൽ ഇടതുമുന്നണി ഘടകകക്ഷിയാണ്. ജോർജിനോട് പഴയ എതിർപ്പില്ലെങ്കിലും ,ഗണേശിന്റെ വരവിൽ ഉമ്മൻ ചാണ്ടിക്കും അത്ര കണ്ട് തൃപ്തിയില്ല. .

എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇന്നത്തെ യോഗത്തിനെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അദ്ദേഹം 14നേ എത്തൂ. ഇരുപതോടെ, കോൺഗ്രസിൽ ഡി.സി.സി തല പുന:സംഘടനയുടെയും സൂചനയുണ്ട്.