മുടപുരം: അഴൂർ ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ പഞ്ചയത്തിന്റെ ഹൃദയ ഭാഗമായ പെരുങ്ങുഴി മാർക്കറ്റ് ജംഗ്‌ഷനിൽ പ്രവർത്തിക്കുന്ന ഗ്രാമ പഞ്ചായത്ത് പബ്ലിക് ലൈബ്രറിക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി ഗ്രാമീണകലാകേന്ദ്രമാക്കി ഉയർത്തണമെന്ന് പഞ്ചായത്തിലെ പൊതുപ്രവർത്തകരും കലാസാംസ്കാരിക സാഹിത്യ പ്രവർത്തകരും ആവശ്യപ്പെടുന്നു.
ഒൻപതിനായിരത്തോളം പുസ്തകങ്ങൾ അടങ്ങുന്ന ഡി. ഗ്രേഡ് ലൈബ്രറിയാണിത്. നാല് ദിനപത്രവും പതിനഞ്ചിൽപരം മറ്റ് പ്രസിദ്ധീകരണങ്ങളുമുണ്ട്. ഒരു ലൈബ്രറിയിൻ മാത്രമെ ജീവനക്കാരനായുള്ളൂ. റീഡിംഗ് റൂമും ലൈബ്രറിയും ഒരേ മുറിയിൽ തന്നെ പ്രവർത്തിക്കുന്നത് കൊണ്ട് സ്ഥലപരിമിതി ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
ലൈബ്രറിയും റീഡിംഗ്‌റൂമും കമനീയമായി ഫർണിഷിംഗ് നടത്തി ആധുനികവത്കരിച്ച് സാങ്കേതികമായി മികവുറ്റതാക്കണമെന്നാണ് പ്രധാന ആവശ്യം. അങ്ങനെ ലൈബ്രറിയെ ഗ്രാമ പഞ്ചായത്തിന്റെ കലാകേന്ദ്രമായി മാറ്റിയെടുക്കാൻ കഴിയും. ലൈബ്രറിയെ സാങ്കേതിക മികവോടെ ആധുനികവത്കരിച്ചാൽ പഞ്ചായത്തിലെ നൂറുകണക്കിന് വിദ്യാർത്ഥികൾക്കും മറ്റ് സാംസ്‌കാരിക സാഹിത്യ പ്രേമികൾക്കും ഈ സ്ഥാപനത്തെ പ്രയോജനപ്പെടുത്താൻ കഴിയുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.