തിരുവനന്തപുരം: മതപരിഗണനകൂടാതെ സംസ്ഥാനതലത്തിൽ സംവരണാനുകൂല്യം നൽകണമെന്നാവശ്യപ്പെട്ട് നാടാർ സർവീസ് ഫോറം സുപ്രീംകോടതിയെ സമീപിച്ചു. ക്രിസ്ത്യൻ,ഹിന്ദുവിഭാഗങ്ങളിലെ നാടാർ സമുദായത്തിന് മതപരിഗണനയില്ലാതെ കേന്ദ്രസർക്കാർ നിയമനങ്ങളും വിദ്യാഭ്യാസാനുകൂല്യങ്ങളും സംവരണപരിഗണനയിലൂടെ കിട്ടുന്നുണ്ട്. എന്നാൽ സംസ്ഥാനത്ത് ചർച്ച് ഒഫ് സൗത്ത് ഇന്ത്യയിൽ അംഗമായ നാടാർ സമുദായത്തിന് മാത്രമാണ് ഇൗ ആനുകൂല്യങ്ങൾ ലഭിക്കുന്നത്. ഇതിനെതിരെ പരാതി ഉയർന്നപ്പോൾ ജസ്റ്റിസ് ഹരിഹരൻനായർ കമ്മിഷനെ സർക്കാർ നിയോഗിച്ചെങ്കിലും തുടർനടപടികളുണ്ടായില്ല. ഒരേവീട്ടിൽ തന്നെ ക്രിസ്ത്യൻ,ഹിന്ദു നാടാർ വിഭാഗങ്ങൾ വസിക്കുന്ന സാഹചര്യമുള്ളപ്പോൾ ഒരുവിഭാഗത്തിന് മാത്രം സംവരണം നൽകുന്ന വിവേചനം അവസാനിപ്പിക്കണമെന്നതാണ് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ ഉന്നയിച്ചതെന്ന് ഫോറം ജനറൽ സെക്രട്ടറി ചൊവ്വര സുനിൽ കുമാർ പറഞ്ഞു.