രാജ്യത്ത് ഏറ്റവുമധികം വാർത്തകളുണ്ടാക്കുന്ന ഭരണഘടനാസ്ഥാപനമേതെന്നു ചോദിച്ചാൽ, എക്കാലത്തും അത് സുപ്രീംകോടതിയാണെന്ന് പറയാം. കൊവിഡെന്ന കെട്ടകാലത്ത്, ലോകം മുഴുവൻ ലോക്ക്ഡൗണിലായിരുന്നപ്പോഴും സുപ്രീംകോടതിയുടെ വലിയ ഗേറ്റിന് താഴിട്ട് പകരം സാങ്കേതികവിദ്യയുടെ സഹായത്തോടെ വിർച്വൽ കോടതികൾ നീതിക്കായി നിലകൊണ്ടു. സമസ്തമേഖലകളെയും സ്വാധീനിക്കുന്ന ഒട്ടേറെ സുപ്രധാന തീരുമാനങ്ങൾ സുപ്രീംകോടതിയിൽനിന്നുണ്ടായി. പല സുപ്രധാന വിഷയങ്ങളിലും സുപ്രീംകോടതിയുടെ ഇടപെടൽ നിയമനിർമാണത്തിന് വഴിവച്ചു. പലതും നിയമത്തിന്റെ ഫലം ചെയ്യുന്ന മാർഗരേഖകളായി.
ഇന്റർനെറ്റ് സ്വാതന്ത്ര്യം അവകാശങ്ങളുടെ ഭാഗം (ജനുവരി 9)
ഇന്റർനെറ്റിനുളള സ്വാതന്ത്ര്യം അഭിപ്രായ സ്വാതന്ത്ര്യത്തിൽ പെടുന്നതാണെന്ന് ജസ്റ്റിസ് രമണ അദ്ധ്യക്ഷനായി മൂന്നംഗ ബെഞ്ച് വിധിച്ചു. ജമ്മുകാശ്മീരിൽ ഏർപ്പെടുത്തിയ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെത്തുടർന്ന് ഇന്റർനെറ്റ് സൗകര്യം വിച്ഛേദിച്ചതിനെതിരെ സമർപ്പിച്ച ഹർജിയിലായിരുന്നു വിധി. കാശ്മീർ ടൈംസിന്റെ എക്സിക്യുട്ടീവ് എഡിറ്റർ അനുരാധ ഭാസിൻ, കോൺഗ്രസ് എം.പി. ഗുലാം നബി ആസാദ് തുടങ്ങിയവരായിരുന്നു ഹർജിക്കാർ.
മുൻകൂർ ജാമ്യത്തിനു സമയപരിധിയില്ല (ജനുവരി 29)
ക്രിമിനൽ നടപടി ചട്ടത്തിലെ 438–ാം വകുപ്പു പ്രകാരം, അറസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിൽ നൽകുന്ന മുൻകൂർ ജാമ്യത്തിന്റെ കാലാവധി വിചാരണ തീരും വരെയാണെന്ന് ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റെ വിധി. കുറ്റകൃത്യത്തിന്റെ സ്വഭാവവും സാഹചര്യങ്ങളുടെ ഗൗരവവും പരിഗണിക്കണം. പ്രതിയോടു കോടതി ഹാജരാകാൻ നിർദേശിച്ചെന്നു കരുതി മുൻകൂർ ജാമ്യം റദ്ദാകുന്നില്ലെന്നും അതേസമയം, മുൻകൂർ ജാമ്യം അനുവദിക്കണമോയെന്നത് കോടതിയുടെ വിവേചനാധികാരത്തിൽപ്പെടുമെന്നും ഉത്തരവിട്ടു. ജാമ്യം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ഡൽഹി സർക്കാരിനെതിരെ സുശീൽ അഗർവാളാണ് കോടതിയിലെത്തിയത്.
എസ്.സി - എസ്.ടി നിയമഭേദഗതി ശരിവച്ചു (ഫെബ്രുവരി 10)
പട്ടിക ജാതി, പട്ടിക വർഗ (അതിക്രമം തടയൽ) നിയമപ്രകാരമുള്ള പരാതികളിൽ സർക്കാർ ഉദ്യോഗസ്ഥരെ പ്രാഥമിക അന്വേഷണം കൂടാതെ ഉടനടി അറസ്റ്റ് ചെയ്യരുതെന്ന 2018 മാർച്ച് 20ലെ സുപ്രീം കോടതി വിധിക്കെതിരെ സർക്കാർ കൊണ്ടുവന്ന നിയമഭേദഗതി ജസ്റ്റിസുമാരായ അരുൺ മിശ്ര ഉൾപ്പെട്ട ബെഞ്ച് ശരിവച്ചു.
വനിതകൾക്ക് സ്ഥിരം കമ്മിഷൻ (ഫെബ്രുവരി 17)
സൈന്യത്തിൽ വനിതാ ഉദ്യോഗസ്ഥർക്ക് സ്ഥിരം കമ്മിഷൻ പദവി നൽകണമെന്ന് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, അജയ് രസ്തോഗി എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.നാവികസേനയിലെ ഷോർട്ട് സർവീസ് കമ്മിഷനിലെ എല്ലാ വനിതാ ഉദ്യോഗസ്ഥർക്കും സ്ഥിരം കമ്മിഷൻ പദവികൾ നൽകാനുള്ള 2010 ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ പ്രതിരോധമന്ത്രാലയം നൽകിയ ഹർജിയിലാണ് വിധി.സ്ത്രീകൾക്ക് ശാരീരിക പരിമിതിയുണ്ടെന്ന കേന്ദ്ര സർക്കാർ വാദം തള്ളി പുരുഷ ഉദ്യോഗസ്ഥർക്കുള്ള എല്ലാ അവകാശവും സ്ത്രീകൾക്കും ഉണ്ടാകണമെന്ന കോടതി വിധി.
ആരാധനാസ്വാതന്ത്ര്യവും ആചാരസംരക്ഷണവും (ഫെബ്രുവരി 17)
ശബരിമല യുവതീപ്രവേശന വിഷയമടക്കമുള്ള കേസുകളിലെ ആരാധനാസ്വാതന്ത്ര്യവും ആചാരസംരക്ഷണവുമുൾപ്പെട്ട കാര്യങ്ങളും പരിശോധിക്കാൻ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡേ അദ്ധ്യക്ഷനായ ഒൻപതംഗ വിശാല ബെഞ്ച്. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിന്റെ പരിധിയും വ്യാപ്തിയും എന്താണ് മതസ്വാതന്ത്ര്യത്തിലെ ധാർമ്മികതയുടെ നിർവ്വചനം തുടങ്ങി ഏഴ് പരിഗണന വിഷയങ്ങളിലാണ് ഭരണഘടന ബെഞ്ച് വാദം കേൾക്കുക.
ക്രിപ്റ്റോ കറൻസി ഇടപാടാകാം (മാർച്ച് 4 )
രാജ്യത്ത് ഇനി ബിറ്റ്കോയിൻ ഉൾപ്പടെയുള്ള ക്രിപ്റ്റോ കറൻസികളുടെ നിരോധനം ഉത്തരവ് നീക്കിയ കോടതി, ഇടപാട് നടത്തുന്നതിന് നിയമതടസമില്ലെന്ന് ജസ്റ്റിസ് ആർ.എസ്. നരിമാൻ ഉൾപ്പെട്ട ബെഞ്ച് വിധിച്ചു. 2018 ഏപ്രിലിലാണ് ക്രിപ്റ്റോ കറൻസി ഇടപാടുകൾക്ക് റിസർവ് ബാങ്ക് നിയന്ത്രണം കൊണ്ടുവന്നത്. ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഒഫ് ഇന്ത്യ (ഐ.എ.എം.എ.ഐ.) ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
നിർഭയയ്ക്ക് നീതി (മാർച്ച് 20)
രാജ്യത്തെ നടുക്കിയ ഡൽഹിയിലെ 2012 നിർഭയ കൂട്ടബലാത്സംഗക്കേസിലെ നാലു പ്രതികളും തൂക്കുകയറിൽ നിന്ന് രക്ഷപ്പെടാൻ ഹർജിയും പുനഃപരിശോധന ഹർജിയും തിരുത്തൽ ഹർജിയുമൊക്കെയായി പലതവണ സുപ്രീംകോടതിയിലെത്തി. മുകേഷ് സിംഗ് (32), പവൻ ഗുപ്ത (25), വിനയ് ശർമ (26), അക്ഷയ് കുമാർ സിംഗ് (31) എന്നിവരുടെ ഹർജി ജസ്റ്റിസ് ആർ. ഭാനുമതി അദ്ധ്യക്ഷയായ ബെഞ്ച് വധശിക്ഷ നടപ്പിലാക്കുന്നതിന്റെ അന്ന് (മാർച്ച് 20ന് ) പുലർച്ചെ 2. 45 വരെ വാദം കേട്ട് തള്ളി. രാജ്യത്ത് ആദ്യമായാണ് നാലു കുറ്റവാളികളെ ഒന്നിച്ച് തൂക്കിലേറ്റി എന്ന ചരിത്രം ബാക്കിയാക്കി 20ന് പുലർച്ചെ 5.30 ന് തിഹാർ ജയിലിൽ ശിക്ഷ നടപ്പിലാക്കിയത്.
കുടിയേറ്റ തൊഴിലാളികൾക്കായി (മേയ് 15ന്)
ലോക്ക്ഡൗണിനെ തുടർന്ന് നടന്ന് പോകുന്ന കുടിയേറ്റ തൊഴിലാളികൾക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കാനും സൗജന്യമായി ട്രെയിനുകളിൽ അടക്കം നാട്ടിലെത്തിക്കാൻ സൗകര്യമൊരുക്കാൻ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിർദേശം നൽകി. സ്വമേധയാ എടുത്ത കേസിൽ ജസ്റ്റിസുമാരായ അശോക് ഭൂഷൺ, സഞ്ജയ് കിഷൻ കൗൾ, എം.ആർ. ഷാ എന്നിവരുടെ ബെഞ്ചായിരുന്നു. കൊവിഡിനെ പ്രതിരോധിക്കാൻകൊവിഡിനെ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ഇടപെടലുകളാണ് സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്. കൊവിഡ് വ്യാപനം തടയാൻ ജയിലുകളിലെ തടവുപുള്ളികൾക്ക് ആറാഴ്ച വരെ പരോൾ അനുവദിക്കുന്നു, സ്വകാര്യ ആശുപത്രികളിലും കൊവിഡ് ചികിത്സ ഉറപ്പാക്കുന്നു, സാധാരണക്കാർക്ക് ആയുഷ്മാൻ ഭാരത് ഇൻഷ്വറൻസ് സ്കീമിലൂടെ സൗജന്യ ചികിത്സ ഉറപ്പാക്കൽ, കൊവിഡ് പരിശോധന നിരക്ക് ഏകീകരിക്കാനുള്ള ഉത്തരവ് അങ്ങനെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ച് അടിയന്തര പ്രാധാന്യത്തോടെ പരിഗണിച്ചത് അൻപതിലേറെ ഹർജികളാണ്.
നീറ്റ് മാത്രം മതി (ഏപ്രിൽ 29)
രാജ്യത്തെ മെഡിക്കൽ കോളേജുകളിലേക്കുള്ള പ്രവേശനം എൻ.ടി.എ നടത്തുന്ന നീറ്റ് പരീക്ഷയിലൂടെ മാത്രം മതിയെന്ന് ജസ്റ്റിസ് അരുൺ മിശ്ര ഉൾപ്പെട്ട ബെഞ്ച് വിധിച്ചു. നീറ്റ് പരീക്ഷയെ ചോദ്യം ചെയ്ത് ന്യൂനപക്ഷ മാനേജുമെന്റുകൾ നൽകിയ ഹർജിയിലാണ് വിധി.
സ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശം (ആഗസ്റ്റ് 10)
ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിൽ സുപ്രീംകോടതിയുടെ സുപ്രധാന വിധി. പെൺമക്കൾക്ക് തുല്യ സ്വത്തിന് അവകാശമുണ്ടെന്ന ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിൽ 2005ൽ കൊണ്ടുവന്ന ഭേദഗതി സുപ്രീംകോടതി ശരിവച്ചു. പിതാവ് ജീവിച്ചിരിപ്പില്ലെങ്കിൽ പെൺമക്കൾക്ക് തുല്യാവകാശമില്ലെന്ന ഡൽഹി ഹൈക്കോടതി വിധി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ വിധി. പ്രശാന്തിന് ഒരു രൂപ പിഴ (ആഗസ്റ്റ് 31)ചീഫ് ജസ്റ്റിസുമാരെ വിമർശിച്ച് ട്വീറ്റ് ചെയ്തതിന്റെ പേരിലുള്ള കോടതിയലക്ഷ്യക്കേസിൽ അഡ്വ. പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ വിധിച്ച് സുപ്രീം കോടതി.ഭൂഷൺ മാപ്പുപറയാൻ വിസമ്മതിക്കുകയും പ്രസ്താവനയിൽ ഉറച്ചുനിൽക്കുകയും ചെയ്തതോടെയാണ് ജസ്റ്റിസ് അരുൺമിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ശിക്ഷ വിധിച്ചത്. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ നാഗ്പുരിൽ വച്ച് ഹാർലി ഡേവിഡ്സൺ ബൈക്കിൽ ഇരിക്കുന്ന ചിത്രത്തെക്കുറിച്ചും കഴിഞ്ഞ ആറുവർഷത്തെ നാല് ചീഫ് ജസ്റ്റിസുമാരെക്കുറിച്ചുമായിരുന്നു ട്വീറ്റുകൾ.
പൊതുസ്ഥലത്ത് സ്ഥിരം സമരം അനുവദിക്കില്ല (ഒക്ടോബർ 6)
സമാധാനപരമായി പ്രതിഷേധിക്കാൻ ജനത്തിന് അവകാശമുള്ളപ്പോഴും പൊതുവഴികളും പൊതുസ്ഥലങ്ങളും സ്ഥിരം സമരവേദി ആക്കുന്നത് ഒരിടത്തും അനുവദിക്കാനാവില്ല.പൗരത്വ നിയമത്തിനെതിരെ ഡൽഹിയിലെ ഷഹീൻ ബാഗിൽ നടത്തിയ സമരം ചോദ്യം ചെയ്ത ഹർജിയിലാണ് ജസ്റ്റിസ് എസ്.കെ. കൗൾ ഉൾപ്പെട്ട ബെഞ്ചിന്റെ വിധി.