വലിയ ദൗത്യങ്ങൾ ഏറ്റെടുക്കുമെന്ന പ്രതിജ്ഞയുമായി കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളിൽ പുതിയ സാരഥികൾ സ്ഥാനമേറ്റിരിക്കുന്ന സമയമാണിത് . വാഗ്ദാന നിർവഹണ വഴിയിൽ ധാരാളം കടമ്പകൾ മറികടക്കേണ്ടി വരുമെങ്കിലും, ധനപരമായ പോരായ്മകൾ ചാടിക്കടക്കുക എന്നത് ഏറെ നിർണായകമാകും. ഈ സാഹചര്യത്തിൽ വൻനിക്ഷേപം വേണ്ടിവരുന്ന വികസന കർമ്മങ്ങൾ ഏറ്റെടുക്കേണ്ടി വരുന്ന തിരുവനന്തപുരം, കൊച്ചി തുടങ്ങിയ കോർപ്പറേഷനുകൾക്ക് തുണയായി തീരാവുന്ന ഒരു മാർഗമാണ് മുനിസിപ്പൽ ബോണ്ടുകൾ. തങ്ങളുടെ വികസന പ്രോജക്ടുകൾക്കാവശ്യമായ സംഖ്യയുടെ ഒരു പങ്ക്, മൂലധന വിപണിയുടെ തട്ടകങ്ങളിലൂടെ, സമാഹരിക്കുന്നതിനായി തദ്ദേശഭരണസ്ഥാപനങ്ങൾ പുറപ്പെടുവിക്കുന്ന കടപ്പത്രങ്ങളാണ് മുനിസിപ്പൽ ബോണ്ടുകൾ.
ലോകത്തെ പല നഗരസഭകളും, ഇന്ത്യയിലെ തന്നെ ഏതാനും സിറ്റി കോർപ്പറേഷനുകളും പരീക്ഷിച്ചു ഫലംകണ്ട ധനശേഖരണയന്ത്രമാണിത്. നമ്മുടെ രാജ്യത്ത് ആദ്യമായി ഈസങ്കേതത്തിലൂടെ പണം സമാഹരിച്ചത്,1997ൽ ബാംഗ്ലൂർ നഗരസഭയായിരുന്നു. അടുത്ത വർഷങ്ങളിൽ അഹമ്മദാബാദ് പോലുള്ള ചില കോർപ്പറേഷനുകളും ഈ മാർഗം പയറ്റി നോക്കിയിരുന്നു. ആദ്യകാലത്ത് ഈ ബോണ്ടുകൾക്കു കാര്യമായ സ്വീകാര്യത ലഭിച്ചുവെങ്കിലും പിന്നീടതിന് മങ്ങലേറ്റു. ഈ ദിശാസന്ധിയിലാണ് രാജ്യത്തെ കടപ്പത്ര ഓഹരിവിപണിയുടെ നിയന്താവായ സെബി മുനിസിപ്പൽ ബോണ്ടുകളുടെ വിശ്വാസ്യതയും അതുവഴി അവയുടെ പ്രചാരവും ഉയർത്താൻ പോന്ന മാർഗനിർദ്ദേശങ്ങളും അനുശാസനങ്ങളുമായി, 2015ൽ,എത്തുന്നത്.
സെബിയുടെ ഇടപെടൽ പകർന്നു നൽകിയ കരുത്തിന്റെ ഫലമായി 2019 അവസാനത്തോടെ ഇന്ത്യയുടെ എട്ട് നഗരസഭകൾക്ക് ഈ സ്രോതസിലൂടെ 3500 കോടി രൂപസ്വരൂപിക്കാനായി. ഈ വിജയഗാഥയിൽ ഏറ്റവും തിളക്കമാർന്നതും മാതൃകാപരവുമായ ഏടാണ് അഹമ്മദാബാദ് നഗരസഭയുടേത്. അഞ്ചുപ്രാവശ്യം ഈ ബോണ്ടുകൾ പുറപ്പെടുവിച്ചുകൊണ്ട് ഇക്കാര്യത്തിൽ അഹമ്മദാബാദ് റെക്കാഡിട്ടു. തങ്ങളുടെ കടപ്പത്രങ്ങളുടെ രൂപഘടന മൂലധന കമ്പോളത്തിന്റെ അഭിരുചികൾക്ക് ഇണങ്ങും വിധം തയ്യാറാക്കുന്നതിൽ ഈ നഗരസഭ വിജയിച്ചു ; കൃത്യമായും ഹരിതമെന്ന് അടയാളപ്പെടുത്താവുന്ന പ്രോജക്ടുകൾക്ക് മാത്രമാണ് ഈ സങ്കേതത്തിലൂടെ ധനം സമാഹരിക്കാൻ അവർ ശ്രമിച്ചത് ; കടപ്പത്രത്തിലെ സംഖ്യ പലിശസഹിതം തിരികെ നൽകുമെന്ന വാഗ്ദാനം പരിപൂർണമായി പാലിക്കപ്പെട്ടു. ഇങ്ങനെ പോകുന്നു അഹമ്മദാബാദ് ബോണ്ടുകളുടെ ഗരിമ. സ്വാഭാവികമായും ഈ കടപ്പത്രങ്ങൾ ധനാകർഷണ യന്ത്രങ്ങളായി പരിണമിച്ചു.
സെബിയുടെ ഭാഗത്തുനിന്നുണ്ടായ കരുതലിനോടൊപ്പം മുനിസിപ്പൽ ബോണ്ടുകൾക്ക് തുണയായ മറ്റൊരു ഘടകം കേന്ദ്ര സർക്കാരിന്റെ പാർപ്പിട നഗരവികസന മന്ത്രാലയം ഇവയ്ക്ക് നൽകിയ പ്രോത്സാഹനമാണ്. ഈ മന്ത്രാലയം 2015ൽ പ്രഖ്യാപിച്ച നഗര പുനരുജ്ജീവന പദ്ധതിയായ 'അമൃത്' ആണ് ഉത്തേജനത്തിനായി സ്വീകരിച്ച ഒരു മാർഗം. പട്ടണങ്ങളുടെ അടിസ്ഥാന സൗകര്യവികസനവും അവിടത്തെ സാധാരണ ജനങ്ങളുടെ ക്ഷേമവും ലക്ഷ്യമാക്കുന്ന പ്രോജക്ടുകൾക്ക് പണമെത്തിക്കുന്നതി നോടൊപ്പം, മുനിസിപ്പൽ ബോണ്ടുകൾ വഴി നടപ്പാക്കുന്ന പദ്ധതികൾക്ക് പ്രത്യേക ധനസഹായവും 'അമൃത് ' നൽകുന്നുണ്ട്. ഇക്കാര്യത്തിലും അഹമ്മദാബാദ് കോർപ്പറേഷന്റെ അനുഭവം പറയാം. മാലിന്യ മാനേജ്മെന്റ്, നദികളുടെശുദ്ധീകരണം എന്നിങ്ങനെയുള്ള ദൗത്യങ്ങൾക്കായി, 2019 ൽ, ഈ കടപ്പത്രം വഴി 200 കോടി രൂപ സമാഹരിച്ചതിന്റെ അടിസ്ഥാനത്തിൽ അമൃത് വഴി അവർക്ക് ലഭിച്ചത് 150 കോടി രൂപയായിരുന്നു; കൂടാതെ സംസ്ഥാന സർക്കാരിൽ നിന്ന് ഇതിനായി 100 കോടി രൂപയും കിട്ടി. അപ്രകാരം മൊത്തം 450 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ ഈ നഗരസഭയ്ക്കായി. ഏറ്റവുമൊടുവിൽ, 2020 ഡിസംബറിൽ, നഗരവികസന പ്രോജക്ടുകൾക്കായി മൂലധന വിപണിയുടെ സഹായം തേടിയത് ലക്നൗ കോർപ്പറേഷൻ ആണ്.
ശുദ്ധജലം എത്തിക്കൽ, പാർപ്പിട സൗകര്യമൊരുക്കൽ എന്നിങ്ങനെയുള്ള സംരംഭങ്ങൾക്കായി നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെ പുറപ്പെടുവിച്ച 200 കോടി രൂപയുടെ കടപ്പത്രങ്ങൾക്ക് രണ്ട് മിനിട്ടിനുള്ളിൽ പൂർണമായ ഓഫറുകൾ വന്നെത്തി; ഒരു മണിക്കൂർ ആയപ്പോൾ ആകെ 1085 കോടിരൂപയുടെ വാഗ്ദാനം ലഭിക്കുന്ന നിലയിൽ നിക്ഷേപകരുടെ എണ്ണം വർദ്ധിച്ചു.ലക്നൗ ബോണ്ടുകളിൽ 26 കോടി രൂപ തങ്ങൾ തന്നെ നിക്ഷേപിക്കുമെന്ന കേന്ദ്ര പാർപ്പിട നഗര മന്ത്രാലയത്തിന്റെ പ്രഖ്യാപനം ഈ ബോണ്ടുകളുടെ വശ്യത കാര്യമായി ഉയർത്തി എന്നതാണ് വസ്തുത. വികസനക്കുതിപ്പിനായുള്ള ധനം സമാഹരിക്കാൻ യത്നിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ സംസ്ഥാനത്തിന് സഹായകരമായി തീരാവുന്ന ചില അനുഭവങ്ങളാണ് മുകളിൽ പറഞ്ഞത്. കേരളത്തിന്റെ നഗരസഭകൾക്ക് മുനിസിപ്പൽ ബോണ്ട് വഴി വന്നു ചേരാവുന്ന സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനെ കുറിച്ചുള്ള പഠനങ്ങൾക്ക് പ്രസക്തിയുണ്ടെന്നാണ് ഇവ സൂചിപ്പിക്കുന്നത്.