ഇപ്പ കണ്ടാ, കളി കാര്യമായത്. സർക്കാർ തന്നെ കാര്യമാക്കി. ഇവിടെയൊന്നുമല്ല. അങ്ങ് പാകിസ്ഥാനിൽ. വേണ്ടാ, വേണ്ടാ എന്നു വച്ചിരുന്നതാ. പക്ഷേ നിവൃത്തിയില്ല. രാജ്യം നിലനില്ക്കണ്ടേ. പ്രജകൾ പുലരണ്ടേ. അങ്ങനെ പുതിയ നിയമത്തെക്കുറിച്ച് പാകിസ്ഥാനിൽ ചിന്തയായി. ചർച്ചകളായി. വകുപ്പ് തിരിച്ച് വിചിന്തനങ്ങളും നടന്നു. ഒടുവിൽ ഫലം വന്നു. പുതിയ നിയമം കൂടിയേ തീരൂ. അങ്ങനെ 'രാസ ഷണ്ഡീകരണ" നിയമമുണ്ടായി. എല്ലാ പേർക്കുമില്ല. കുറ്റവാളികൾക്ക്. അതും സർവ കുറ്റവാളികൾക്കുമില്ല. സ്ത്രീകളെ, കുട്ടികളെ ബലാത്സംഗം ചെയ്യുന്നവർ ഉൾപ്പെടും. മറ്റ് ലൈംഗിക പീഡനക്കാരും കുറ്റക്കാർ തന്നെ. പ്രത്യേകം കോടതികൾ നിലവിൽ വരും. വിചാരണ കാലാവധി നാല് മാസങ്ങൾ. അതോടെ വിധി വരണം. പോരാത്തതിന് പാകിസ്ഥാനിലുടനീളം ബലാത്സംഗ വിരുദ്ധ സെല്ലുകൾ സ്ഥാപിതമാകും. പൊലീസ് ഒരു കാര്യം പ്രത്യേകം ചെയ്യണം. പരാതികൾ വച്ചോണ്ടിരിക്കാൻ പാടില്ല. ആറ് മണിക്കൂറിനുള്ളിൽ വൈദ്യപരിശോധന നടത്തണം. സംഗതി ജോറായില്ലേ!
നർമ്മം ഒരാവേശമായിരുന്ന ഒരു മുഖ്യമന്ത്രിയുണ്ടായിരുന്നു നമുക്ക്. കേരളത്തിൽ. ശുദ്ധൻ. ശേഷിമാൻ. ഫലിതം കൂട്ടിയെ മിണ്ടൂ. നിഷ്കളങ്കതയുടെ ഒരു ആൾരൂപം. ഇന്നില്ല. ആ ജീവശ്വാസം നിലച്ച ഒരു നാൾ. കേരളം നിശ്ചലമായി കുറെ നാൾ. ഓർമ്മയിൽ നിന്നും പോകാതെ ഒരു വിലാപയാത്ര. അനന്തപുരിയിൽ നിന്ന് കേരളത്തിന്റെ വടക്കേ ദേശം വരെ. വഴിയരുകിൽ മിഴിനീർ വറ്റാതെ നിന്ന കേരള ജനത. മൃതശരീരത്തിലേക്ക് പൂമഴ.
ആ മുഖ്യനെ കുറിച്ചു പറയുമ്പോൾ ഇത്രയും പോര. അദ്ദേഹം ഒരിക്കൽ പറഞ്ഞു: ''എന്തൊരു ബലാത്സംഗമെടോ. അമേരിക്കയിൽ ചായ കുടിക്കുന്ന പോലെയല്ലേ സംഗതി നടക്കുന്നേ." ഒരു ആഗോള ശരി ഉദ്ധരിക്കാനുള്ള നിഷ്കളങ്കത ആ മുഖ്യമന്ത്രിക്കുണ്ടായിരുന്നു. പൊലീസിനു അതൊരു മുന്നറിയിപ്പായിരുന്നു. കേരള മണ്ണിൽ അന്നു ബലാത്സംഗങ്ങളും പീഡനങ്ങളും ഒരു കണിമഴ പോലെ വല്ലപ്പോഴും. ഉടനെ കുറ്റവാളികളെ തൂക്കിയെടുക്കും കേരള പൊലീസ്. പുതിയ നിയമവും ഈർക്കിൽ ചെലുത്തും ഒന്നുമില്ലായിരുന്നു. ഉള്ള നിയമം ധാരാളം മതിയായിരുന്നു.
രാസഷണ്ഡീകരണം അപരിഷ്കൃതം. ആധുനിക നാളുകളിൽ നിന്ന് ആ രാജ്യം പിന്നോട്ടടിക്കുന്നു. ലോകത്തെവിടെയെങ്കിലും ഇങ്ങനെയുണ്ടോ. പരീക്ഷിച്ചിട്ടുണ്ടോ. അതിന്റെ പരിണിതഫലമെന്താകും. അറിയില്ല. ആർക്കുമറിയില്ല. രാസവസ്തുക്കൾ ശരീരത്തിൽ (എവിടെ?) കുത്തിവയ്ക്കും. അതോടെ ധ്വജഭംഗം സംഭവിക്കും. ഉറപ്പുണ്ടെന്നു പാകിസ്ഥാൻ. അവിടെ നിയമം നടപ്പിലായി എന്നു വാർത്ത. ബലാത്സംഗം, പീഡനം എന്നിത്യാദികൾക്കു ശൂന്യശേഷി പ്രതീക്ഷയും!!
നമ്മുടെ മുൻ മുഖ്യന്റെ പറച്ചിലില്ലേ: 'ചായ കുടിക്കുന്ന പോലെ..." പാകിസ്ഥാന്റെ സ്ഥിതി അതാണ്. അതല്ല ഈ പുതിയ നിയമം ജന്മം പൂണ്ടിരിക്കുന്നത്. രാസവസ്തുക്കൾ കുറെ വേണമവിടെ. അതിന്റെ നിർമ്മാണം ഒരു വൻ വ്യവസായമാകും. വളരും. എത്രപേർക്കു തൊഴിൽ. കയറ്റുമതി. ഇറക്കുമതി.
കുറച്ചുമുമ്പാണ്. ശാസ്ത്രജ്ഞന്മാരുടെ സമ്മേളനം. മിക്ക രാജ്യങ്ങളിൽ നിന്നും ശാസ്ത്ര പ്രതിഭകൾ സംബന്ധിച്ചിട്ടുണ്ട്. സമ്മേളനം തുടങ്ങി. ഒരു അമേരിക്കൻ ശാസ്ത്രകാരൻ എഴുന്നേറ്റ് പറഞ്ഞു: '' എന്റെ രാജ്യത്ത് വലിയ ശാസ്ത്ര നേട്ടങ്ങൾ ഉണ്ട്. ഈയിടെ ഒരപകടത്തിൽ ഒരു യുവാവിന്റെ കാലുകൾ നഷ്ടമായി. ഞങ്ങൾ അയാൾക്കു കൃത്രിമ കാലുകൾ വച്ചുപിടിപ്പിച്ചു. കഴിഞ്ഞ ഒളിമ്പിക്സിനു അയാൾ സ്വർണ മെഡൽ നേടുകയും ചെയ്തു."
അടുത്ത ഊഴം ജപ്പാൻ ശാസ്ത്രജ്ഞന്റേതായിരുന്നു. സദസിനോടയാൾ വച്ചടിച്ചു: ''അമേരിക്കക്കാരന്റെ കാര്യത്തിൽ എന്തിരിക്കുന്നു. ഒന്നുമില്ല. ടോക്കിയോവിൽ ഒരപകടം നടന്നു. ജപ്പാൻകാരനൊരുത്തന്റെ കാലുകളും കൈകളും പോയി. പകരം ഞങ്ങൾ അവ വച്ചു പിടിപ്പിച്ചു. ഇന്നയാൾ ജപ്പാനിലെ കരാട്ടെ ചാമ്പ്യനാണ്."
പിന്നെ വന്നയാൾ പാകിസ്ഥാനി. അയാളൊന്നു ഊറി ചിരിച്ചു. എന്നിട്ട് മൊഴിഞ്ഞു : ''ഇതിലൊക്കെ എന്തു നേട്ടം. ഒന്നുമില്ല. എന്റെ നാടിന്റെ ശാസ്ത്രനേട്ടം ഉന്നതമാണ്. ഈ അടുത്ത കാലത്ത് നടന്ന ഒരപകടം തന്നെ ഞാനും പറയാം. അപകടത്തിൽപ്പെട്ട ആളിന്റെ തലച്ചോർ ആകെ ചിതറിപ്പോയി. നമ്മൾ എന്തു ചെയ്തെന്നോ. തലച്ചോറിനു പകരം ഒരു 'കൈപ്പന്ത്" തലയ്ക്കുള്ളിൽ വച്ചു തല ശരിയാക്കി. ആ വ്യക്തി പില്ക്കാലത്ത് പാകിസ്ഥാൻ ഭരണാധികാരിയായി വിലസി.
അക്ഷരങ്ങളില്ലാത്ത ശബ്ദഘോഷത്തോടെ സഭ പിരിഞ്ഞു.