തിരുവനന്തപുരം: കൊവിഡ് വാക്സിൻ വിതരണം 16ന് തുടങ്ങുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ, വാക്സിൻ സംസ്ഥാനത്ത് എന്നെത്തിക്കുമെന്ന് ഇന്ന് മുഖ്യമന്ത്രിയുമായി പ്രധാനമന്ത്രി നടത്തുന്ന ചർച്ചയിൽ വ്യക്തമാവും. വാക്സിൻ വിതരണത്തിനുള്ള മറ്റ് നടപടിക്രമങ്ങളും പ്രഖ്യാപിച്ചേക്കും.
കൊവിഡ് വാക്സിൻ വിതരണത്തിനുള്ള ഒരുക്കങ്ങൾ ഇന്നലെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ വിളിച്ച ഉന്നതതല യോഗം വിലയിരുത്തി.. സർക്കാർ മേഖലയിലെ 168,685ഉം സ്വകാര്യമേഖലയിലെ 189889 ഉം ഉൾപ്പെടെ 358 574 പേർക്കാണ് തുടക്കത്തിൽ വാക്സിൻ നൽകുക. മുലയൂട്ടുന്ന അമ്മമാർക്കും ഗർഭിണികൾക്കും നൽകില്ല.133 വാക്സിനേഷൻ കേന്ദ്രങ്ങളാണ് സജ്ജമാക്കിയത്.ദിവസം 13300 പേർക്ക് നൽകും.
സംസ്ഥാനത്തെത്തിക്കുന്ന വാക്സീൻ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം കേന്ദ്രങ്ങളിൽ നിന്നാവും വാക്സിനേഷൻ സെന്ററുകളിലെത്തിക്കുക. തിരുവനന്തപുരത്ത് നിന്ന് തിരുവനന്തപുരം,ആലപ്പുഴ, കൊല്ലം, പത്തനംതിട്ട കേന്ദ്രങ്ങളിലും , കൊച്ചിയിൽ നിന്ന് എറണാകുളം,ഇടുക്കി,കോട്ടയം, പാലക്കാട്, തൃശൂർ കേന്ദ്രങ്ങളിലും കോഴിക്കോട്ട് നിന്ന് കണ്ണൂർ,കോഴിക്കോട്,കാസർകോട്,മലപ്പുറം,വയനാട് കേന്ദ്രങ്ങിലും നൽകും ..മൊത്തം 133 കേന്ദ്രങ്ങൾ.രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഒരു കേന്ദ്രത്തിൽ 100 പേർക്ക് വാക്സിൻ നൽകും.
പൾസ് പോളിയോ
മാറ്റിവച്ചു
കൊവിഡ് വാക്സിൻ വിതരണം നടക്കുന്നതിനാൽ 17ന് നടത്താനിരുന്ന പൾസ് പോളിയോ തുള്ളി മരുന്ന് വിതരണം മാറ്റി വച്ചു.കേന്ദ്ര നിർദ്ദേശമനുസരിച്ചാണിത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.
വാക്സിനേഷൻ കേന്ദ്രം
വെയിറ്റിംഗ് ഏരിയ, വാക്സിനേഷൻ റൂം, ഒബ്സർവേഷൻ റൂം കോൾഡ് സ്റ്റോറേജ് എന്നിവയുൾപ്പെട്ടതാണ് വാക്സിനേഷൻ കേന്ദ്രം. ജില്ലാകളക്ടർമാർക്കാണ് ചുമതല.
. കോൾഡ് സ്റ്റോറേജിന് കേടുപാട് സംഭവിച്ചാൽ പകരം സംവിധാനമുണ്ട്. ജില്ലാതല ടാസ്ക്ഫോഴ്സും ഉണ്ടാകും.