k

തിരുവനന്തപുരം: ശംഖുംമുഖത്ത് കാനായി കുഞ്ഞിരാമൻ നിർമ്മിച്ച പ്രശസ്‌തമായ സാഗരകന്യക ശില്പത്തിന് ദൃഷ്ടിദോഷം വരുത്തി സ്ഥാപിച്ച ഹെലികോപ്ടർ സമീപത്തെ കുട്ടികളുടെ പാർക്കിൽ മാറ്റി സ്ഥാപിച്ചേക്കും. ഹെലികോപ്ടർ മാറ്റുന്നത് ശില്പിയുടെ ഇഷ്ടംകൂടി അനുസരിച്ചായിരിക്കുമെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചത്. അനുയോജ്യമായ സ്ഥലം കുട്ടികളുടെ പാർക്കാണെന്നു തന്നെയാണ് കാനായിയുടെയും അഭിപ്രായം. ചിൽഡ്രൻസ് പാർക്കാണ് യോജിച്ച സ്ഥലമെന്ന് ലളിതകലാ അക്കാഡമി ചെയർമാൻ നേമം പുഷ്പരാജും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. സാഗരകന്യകയ്‌ക്ക് സമീപം ഹെലികോപ്ടർ സ്ഥാപിച്ചതിൽ ശില്പി കാനായിക്കുണ്ടായ വിഷമം മനസിലാക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉചിതമായ തീരുമാനമുണ്ടാകുമെന്ന് ഉറപ്പുനൽകുകയും ചെയ്‌തു. വരും ദിവസങ്ങളിൽ കാനായി കുഞ്ഞിരാമനെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശംഖുംമുഖത്തേക്ക് ക്ഷണിക്കും. സ്ഥലംസന്ദർശിച്ച ശേഷം ചർച്ച നടത്തി മറ്റ് കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കും. വ്യോമസേന നൽകിയ പഴയ ഹെലികോപ്ടർ ഇവിടെ സ്ഥാപിച്ചപ്പോൾ തന്നെ ശില്പത്തിന്റെ ദൃശ്യഭംഗിക്ക് കോട്ടം വരുത്തുന്നതാണിതെന്ന് ചൂണ്ടിക്കാട്ടി 'കേരളകൗമുദി ' 2020 ജൂലായ് നാലിന് വാർത്ത നൽകിയിരുന്നു. കാനായി കുഞ്ഞിരാമന്റെ പ്രതികരണം ഉൾപ്പെടുത്തിയുള്ള വാർത്തയെ തുടർന്ന് ശില്പിയെ അനുകൂലിച്ചുകൊണ്ട് നിരവധി രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ രംഗത്തെത്തിയിരുന്നു.

ഇടങ്കോലിടാൻ ഉദ്യോഗസ്ഥ നീക്കം

ഹെലികോപ്ടർ സാഗരകന്യക ശില്പത്തിന്റെ സമീപത്തുനിന്നു മാറ്റാൻ മന്ത്രിതലത്തിലെടുത്ത വിവേക പൂർണമായ തീരുമാനത്തിൽ ടൂറിസം വകുപ്പിലെ ചില ഉദ്യോഗസ്ഥർക്ക് എതിർപ്പുണ്ടെന്നാണ് വിവരം. ഹെലികോപ്ടർ അവിടെ വച്ചത് മഹത്തായ കാര്യമെന്നാണ് ഇപ്പോഴും ചില ഉദ്യോഗസ്ഥർ കരുതുന്നത്.

ദൃഷ്ടിദോഷം ചൂണ്ടിക്കാണിച്ചത് കേരളകൗമുദി: കാനായി കുഞ്ഞിരാമൻ


''സാഗരകന്യക ശില്പത്തിന് സമീപം ഹെലികോപ്ടർ കൊണ്ടുവച്ചതിലെ അനീതി ആദ്യം ചൂണ്ടികാണിച്ചത് ' കേരളകൗമുദി'യാണ്. തുടർന്നാണ് സാം‌‌സ്‌കാരിക കേരളം ശബ്ദിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ അതിനുശേഷമാണ് എന്നോട് കാര്യങ്ങൾ തിരക്കിയത്. ഇപ്പോൾ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഹെലികോപ്ടർ മാറ്റാനെടുത്ത തീരുമാനത്തിൽ ഞാനേറെ സന്തോഷവാനാണ്. ഹെലികോപ്ടർ മാറ്റി കുട്ടികളുടെ പാർക്കിൽ വയ്‌ക്കുമ്പോൾ അവിടം ഒരുക്കുന്നതിന് ശില്പിയെന്ന നിലയിലുള്ള സഹായവും എന്റെ ഭാഗത്തുനിന്നുണ്ടാകും''.