ss

നെടുമങ്ങാട്: സ്ഥലമെടുപ്പ് വില്ലനായതോടെ വിനോദ സഞ്ചാരികളുടെ ചിരകാലാഭിലാഷമായ അരുവിക്കര - നെടുമങ്ങാട് റോഡ് നവീകരണം കടലാസിൽ ഒതുങ്ങി. ഫണ്ട് അനുവദിച്ച് രണ്ടു വർഷം പിന്നിട്ടിട്ടും തുടങ്ങിയിടത്ത് തന്നെ നിൽക്കുകയാണ് റോഡ് വികസന പദ്ധതി. ചിലയിടങ്ങളിൽ 12 മീറ്ററും മറ്റിടങ്ങളിൽ 9 മീറ്ററുമായി പരിമിതപ്പെടുത്തി കല്ലിട്ടതൊഴിച്ചാൽ നിർമ്മാണ പ്രവർത്തങ്ങളെല്ലാം അനിശ്ചിതത്വത്തിലാണ്. മഞ്ച റോഡ് തുടങ്ങുന്ന നെടുമങ്ങാട് മാർക്കറ്റ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച് മഞ്ച, കളത്തറ, മുള്ളിലവിൻമൂട് വഴി അരുവിക്കര ജംഗ്ഷനിലെത്തി പൊലീസ് സ്റ്റേഷൻ വഴി വെള്ളനാട് - കുളക്കോട് അവസാനിക്കുന്ന രീതിയിൽ 11 കിലോ മീറ്റർ റോഡാണ് നവീകരിക്കാൻ പദ്ധതിയിട്ടിരുന്നത്. നിലവിലെ റോഡിന്റെ വീതി വർദ്ധിപ്പിച്ച് ആവശ്യമായ സ്ഥലങ്ങളിൽ ഓടയും സംരക്ഷണഭിത്തിയും കലുങ്കുകളും നടപ്പാതയും നിർമ്മിച്ച് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരിക്കുന്നതിനാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. അരുവിക്കര, നെടുമങ്ങാട് നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡ് ആധുനിക വത്കരിക്കുന്നതിന് 41.60 കോടി രൂപയാണ് കിഫ്ബി അനുവദിച്ചത്. വെള്ളൂർക്കോണം വരെയാണ് നെടുമങ്ങാട് മണ്ഡലത്തിന്റെ പരിധി. പ്രദേശവാസികളാണ് എതിർപ്പുമായി ആദ്യം രംഗത്തുവന്നത്.