ചാലക്കുടി: ജർമ്മനിയിൽ നഴ്‌സിംഗ് പഠനത്തിന് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതിയായ സ്ത്രീയെ അറസ്റ്റ് ചെയ്തു. കൂത്താട്ടുകളം തിരുമാറാടി ദേശത്ത് ഗ്രേസി മത്തായിയെ(52) ആണ് കൊരട്ടി സി.ഐ: ബി.കെ അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യ പ്രതിയടക്കമുള്ളവർ ഒളിവിലാണ്. കൊരട്ടി സ്വദേശിനിയായ പെൺകുട്ടിയുടെ കൈയിൽ നിന്നും 13 ലക്ഷത്തോളം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
കേസിലെ കണ്ണികളിലൊരാളാണ് ഗ്രേസി മത്തായി. മുഖ്യപ്രതികളായ മേലൂർ കരുവാപ്പടി സ്വദേശികളായ നന്ദീവരം വീട്ടിൽ റിഷികേശ്, റിഷികേശിന്റെ അമ്മ ഉഷാവർമ എന്നിവരാണ് ഒളിവിൽ. പണമിടപാടുകൾ മുഴുവനും ബാങ്ക് മുഖേനയായിരുന്നു. ഓഫറിംഗ് ലെറ്റർ, ഡോക്യുമെന്റേഷൻ ഹെൽത്ത് ഇൻഷ്വറൻസ് തുടങ്ങി വിവിധ ആവശ്യങ്ങൾ പറഞ്ഞു റിഷികേശും ഉഷവർമ്മയും ബാങ്ക് അക്കൗണ്ടുകളിൽ പണം അടപ്പിക്കുകയായിരുന്നു. ലെറ്ററുകളും രേഖകളും ജർമ്മനിയിലെ ലാംഗ്വേജ് ഇൻസ്റ്റിറ്റിറ്റ്യൂട്ടുകളിൽ നിന്നും യൂണിവേഴ്‌സിറ്റികളിൽ നിന്നും ഉള്ളതാണെന്ന് പറഞ്ഞ് കബളിപ്പിക്കുകയായിരുന്നു. ജർമ്മൻ ഭാഷ പഠിപ്പിക്കുന്നതിലേക്കും വിസ ഇന്റർവ്യൂനുമാണ് തുകയിൽ നല്ലൊരു പങ്ക് ഗ്രേസി മത്തായി വാങ്ങിയത്. റിഷികേശും അമ്മ ഉഷവർമ്മയും നിരവധി ആളുകളുടെ കൈയിൽ നിന്നും വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയതായി പൊലീസ് പറഞ്ഞു. എസ്.ഐമാരായ ഷാജു എടത്താടൻ, സി.കെ. സുരേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ത്രേസ്യ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.