വർക്കല: സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി ചുഴിയിൽ അകപ്പെട്ട് മുങ്ങി മരിച്ചു. ഇടവ ഓടയം ആലുനിന്ന തൊടിയിൽ വീട്ടിൽ നവാബിന്റെയും മിനിമോളുടെയും മകൻ നൂർ മുഹമ്മദ് (16) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെ ഓടയം വലിയപള്ളിക്ക് മുന്നിലെ മത്സ്യബന്ധന കേന്ദ്രത്തിന് സമീപമുള്ള കടലിലാണ് നൂർ മുഹമ്മദും കൂട്ടുകാരും കുളിക്കാനിറങ്ങിയത്.
നാൽവർസംഘത്തിലെ ഒരാൾ കരയിലിരുന്നപ്പോൾ നൂർ മുഹമ്മദും മറ്റു രണ്ടുപേരുമാണ് കടലിലിറങ്ങിയത്. അല്പനേരം കുളിച്ച ശേഷം തിരികെ കയറുന്നതിനിടെ നൂർ മുഹമ്മദിനെ കാണാതാവുകയായിരുന്നു. കൂട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്ന് ഏറെനേരം തെരച്ചിൽ നടത്തിയെങ്കിലും നൂർ മുഹമ്മദിനെ കണ്ടെത്താനായില്ല.ഞായറാഴ്ച രാവിലെ മാന്തറ ഭാഗത്തെ കടലിൽ നിന്നാണ് മത്സ്യത്തൊഴിലാളികൾ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി ഓടയം വലിയപള്ളി ഖബർസ്ഥാനിൽ ഖബറടക്കി. കാപ്പിൽ ഗവ. എച്ച്.എസ്.എസിലെ വിദ്യാർത്ഥിയായിരുന്നു. മുഹമ്മദ് നൂഹു, നൂറ ഫാത്തിമ എന്നിവർ സഹോദരങ്ങളാണ്.