k-j-yesudas

തിരുവനന്തപുരം: മലയാളികളുടെ നാദസൗഭാഗ്യം യേശുദാസ് അമേരിക്കയിലെ വസതിയിൽ തന്റെ 81-ാം പിറന്നാൾ കുടുംബാംഗങ്ങൾക്കൊപ്പം ആഘോഷിച്ചു. മകനും ഗായകനുമായ വിജയ് യേശുദാസും കുടുംബവും ചെന്നൈയിലെ വസതിയിലിരുന്ന് സ്‌കൈപ്പിലൂടെ ആശംസകൾ നേർന്നു.

അദ്ദേഹത്തിന് ആദരമർപ്പിച്ച് ഗായിക ശ്വേതമോഹനും ഗാനരചയിതാവ് ബി.കെ. ഹരിനാരായണനും മ്യൂസിക്കൽ വീഡിയോ യു ട്യൂബിലൂടെ പുറത്തിറക്കി

കെ.എസ്.ചിത്ര, എം.ജി. ശ്രീകുമാർ, സുജാതമോഹൻ, ശ്രീനിവാസ്, ജി. വേണുഗോപാൽ, ഉണ്ണി മേനോൻ, ബിജു നാരായണൻ, സിത്താര കൃഷ്ണകുമാർ, വിജയ് യേശുദാസ് അടക്കം 28 ഗായകരാണ് ''മണ്ണിന്റെ പുണ്യമാം ഗന്ധർവഗായകാ, മന്ത്രമേ ഞങ്ങൾക്ക് നിൻനാദം..'' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചത്.

ഗായിക സുജാത മോഹന്റെ മകൾ ശ്വേത ആദ്യമായാണ് സംഗീത സംവിധാനം ചെയ്യുന്നത്. 'എല്ലാ തലമുറകൾക്കും കേൾക്കുവാനുള്ള പാട്ടുകൾ സമ്മാനിച്ച ദാസ് അങ്കിളിനുള്ള നന്ദിയർപ്പിക്കലാണ് ഈ ഗാനം. എല്ലാ ഗായകർക്കും അവർ പാടാനുള്ള ഭാഗം അയച്ചുകൊടുക്കുകയായിരുന്നു. അവർ റെക്കോഡ് ചെയ്ത് അയച്ചുതന്നു. ഈ ഗാനം മലയാളികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ' -ശ്വേത പറഞ്ഞു.

' മലയാളിയെ സംബന്ധിച്ച് അച്ഛൻ, അമ്മ, ഭാഷ എന്നതുപോലെ ഹൃദയത്തോട് ചേർന്നുനിൽക്കുന്നതാണ് അദ്ദേഹത്തിന്റെ ശബ്ദം. മലയാളത്തിന്റെ നാദം. ഈ ഗാനത്തിൽ ഭാഗമാവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്- ഗാനരചയിതാവ് ഹരിനാരായണൻ പറഞ്ഞു.