തിരുവനന്തപുരം: പി.ജി ആയുർവേദ കോഴ്സിലേക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അവരുടെ ഹോം പേജിലെ ഡാറ്റ ഷീറ്റ് എന്ന മെനു ക്ലിക്ക് ചെയ്ത് ഡാറ്റാ ഷീറ്റ് ഡൗൺലോഡ് ചെയ്തെടുക്കണം. വിദ്യാർഥികൾ മെമ്മോയും പ്രോസ്പെക്ടസും ക്ളോസ് 9.3 പ്രകാരമുള്ള രേഖകളുമായി അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ 15 നകം പ്രവേശനം നേടണമെന്ന് പ്രവേശന പരീക്ഷാ കമ്മിഷണർ അറിയിച്ചു.
പി.ജി നഴ്സിംഗ് : മൂന്നാംഘട്ട
അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സർക്കാർ നഴ്സിംഗ് കോളേജുകളിൽ പി.ജി നഴ്സിംഗ് കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ മെമ്മോയിൽ കാണുന്ന ഫീസ് അതാത് കോളേജുകളിൽ ഒടുക്കി രേഖകൾ സഹിതം 14നകം പ്രവേശനം നേടണമെന്ന് പ്രവേശന പരീക്ഷാ കമ്മിഷണർ അറിയിച്ചു.
ബി.എഡ് പ്രവേശനം: സ്പോട്ട് അലോട്ട്മെന്റ്
തിരുവനന്തപുരം: കേരള സർവകലാശാലയുടെ കീഴിലുള്ള ഗവൺമെന്റ്, എയ്ഡഡ്, സ്വാശ്രയ, കെ.യു.സി.ടി.ഇ കോളേജുകളിലെ ഒന്നാം വർഷ ബി. എഡ്കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ജനറൽ /മറ്റ് സംവരണ വിഭാഗക്കാർക്ക് കാര്യവട്ടത്തുള്ള യൂണിവേഴ്സിറ്റി എൻജിനിയറിംഗ് കോളേജിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തും.
ബി.എഡ് നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ്, മാത്തമാറ്റിക്സ്,സോഷ്യൽ സയൻസ്, ജിയോഗ്രാഫി വിഷയങ്ങൾക്ക് 12നും ബി.എഡ് ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ്, അറബിക്, സംസ്കൃതം,കൊമേഴ്സ് വിഷയങ്ങൾക്ക് 13നുമാണ് സ്പോട്ട് അലോട്ട്മെന്റ്. സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കുന്നവർ ഓൺലൈൻ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റ് ഔട്ട് കൊണ്ടുവരണം. വിദ്യാർത്ഥികൾ രാവിലെ 10 ന് ഹാജരാകണം. ഒഴിവുള്ള കോളേജുകളുടെയും സീറ്റുകളുടെയും വിവരം http://admissions.keralauniversity.ac.in ൽ പ്രസിദ്ധീകരിക്കും.
ഓൺലൈൻ അദാലത്ത് ജനുവരി 15ന്
തിരുവനന്തപുരം: ജനുവരി 15ന് നടക്കുന്ന സംസ്ഥാന പൊലീസ് മേധാവിയുടെ അടുത്ത ഓൺലൈൻ പരാതിപരിഹാര പരിപാടിയിൽ കോഴിക്കോട് സിറ്റി, റൂറൽ ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥരുടെ പരാതികൾ പരിഗണിക്കും. പരാതികൾ spctalks.pol@kerala.gov.in എന്ന വിലാസത്തിൽ മൊബൈൽ നമ്പർ ഉൾപ്പെടെ ജനുവരി 11ന് മുമ്പ് ലഭിക്കണം. ഹെൽപ്പ് ലൈൻ നമ്പർ: 9497900243.