തിരുവനന്തപുരം:മാരക മയക്കുമരുന്നുകൾ വിവാഹസൽകാരത്തിന് ഉപയോഗിച്ച കേസിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന പൂജപ്പുര സ്വദേശി നന്ദു (21),കൊച്ചുവേളി സ്വദേശി അർജ്ജുൻ (28),ജഗതി സ്വദേശി കിരൺ (32), ഇവർക്ക് മയക്കുമരുന്ന് എത്തിച്ച് നൽകിയ വഞ്ചിയൂർ സ്വദേശി തമ്പി എന്ന് വിളിക്കുന്ന വിഷ്ണു (25) എന്നിവരെയാണ് എം.ഡി.എം.എയും കഞ്ചാവും ഉപയോഗിച്ച് വിവാഹ സൽക്കാരം നടത്തിയകേസിൽ മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലർച്ചെ 2 മണിയോടെ മണ്ണന്തല എസ്.ഐ ഗോപിചന്ദ്രന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. യുവാക്കളുടെ സുഹൃത്തിന്റെ വിവാഹ സൽക്കാരത്തിന്റെ ഭാഗമായി നാലാഞ്ചിറ ഹിൽ ഗാർഡൻസിലെ ഒരു ഹോംസ്റ്റേയിലാണ് ഇവർ ഒത്തു ചേർന്ന് മയക്കുമരുന്ന് പാർട്ടി നടത്തിയത്.ഇവരിൽ നിന്നും 297 മി.ഗ്രാം എം.ഡി.എം.എയും കഞ്ചാവ് പൊതികളും കണ്ടെടുത്തു. വളരെ കുറഞ്ഞ അളവിൽ ഉപയോഗിച്ചാലും കൂടുതൽ സമയം ലഹരി ലഭിക്കുന്ന മാരക മയക്കുമരുന്നാണിത്. എം.ഡി.എം.എ.മണ്ണന്തല എസ്.ഐ ഗോപിചന്ദ്രൻ,പ്രൊബേഷൻ എസ്.ഐ സജിത് സജീവ്,എ.എസ്.ഐ മനോജ്, സി.പി.ഒ അജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.