ആലക്കോട്: കൊവിഡിൽ അയവു വന്നിട്ടും സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായം ഊർദ്ധശ്വാസം വലിക്കുന്നു. ലോക്ക്ഡൗൺ കാലത്ത് രണ്ടുമാസത്തിലധികം ബസ് സർവീസുകൾ നിറുത്തിവെക്കേണ്ടി വന്നതോടെ ഈ മേഖലയിൽ തൊഴിൽ ചെയ്തുവന്ന പതിനായിരക്കണക്കിന് ആളുകളുടെ കുടുംബങ്ങളാണ് മുഴുപ്പട്ടിണിയിലേയ്ക്ക് എടുത്തെറിയപ്പെട്ടത്.
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ലോക്ഡൗൺ കാലത്ത് സർക്കാരിന്റെ ആനുകൂല്യങ്ങൾ ലഭിച്ചപ്പോൾ സ്വകാര്യ ബസുകളിലെ ജീവനക്കാരെ സർക്കാരോ സംഘടനകളോ സംരക്ഷിക്കാൻ തയ്യാറായതുമില്ല. കഴിഞ്ഞവർഷം മാർച്ച് മാസത്തിൽ ഓട്ടം നിലച്ച ടൂറിസ്റ്റു ബസ്സുകൾ ഇന്നും കട്ടപ്പുറത്തുതന്നെയാണ്. സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സിയും പതിയെ സർവീസുകൾ പുനഃരാരംഭിച്ചെങ്കിലും യാത്ര ചെയ്യുന്നവരുടെ എണ്ണം പകുതിയിലും താഴെയായതിനാൽ പല ദിവസങ്ങളിലും എണ്ണ പൈസ പോലും ലഭിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
മലയോരമേഖലയിൽ ബസുടമകൾ ബസുകളുടെ നടത്തിപ്പ് ജീവനക്കാരെ ഏൽപ്പിച്ചിരിക്കുകയാണെന്ന് പറയാം. സാധാരണയായി സ്വകാര്യ ബസുകളിൽ കണ്ടക്ടർ, ഡ്രൈവർ, ക്ലീനർ എന്നിങ്ങനെ മൂന്ന് ജീവനക്കാരാണുണ്ടാവുക. ഓരോ ദിവസത്തെയും സർവീസ് കഴിഞ്ഞ് കണക്കുകൂട്ടുമ്പോൾ ജീവനക്കാർക്ക് കാര്യമായൊന്നും വരുമാനം ലഭിക്കാത്ത സ്ഥിതി വന്നതോടെ ക്ലീനർ തസ്തിക ഇല്ലാതാക്കേണ്ടി വന്നു. തങ്ങളുടെ തൊഴിൽ നഷ്ടപ്പെട്ടുവെങ്കിലും ബസ് സർവ്വീസ് നിലനിറുത്താൻ സാധിച്ചതിന്റെ ചാരിതാർത്ഥ്യം ക്ലീനർമാർക്കുണ്ടായിരുന്നു. എന്നാലിപ്പോൾ ആ സന്തോഷവും നിലയ്ക്കുകയാണ്.
കൊവിഡ് ഭീതി മൂലം ആളുകൾ പൊതു വാഹനങ്ങളിൽ യാത്ര ചെയ്യുന്നത് കുറഞ്ഞു വരികയാണ്. സ്‌കൂളുകളും കോളജുകളും പൂർണ്ണ തോതിൽ തുറന്നു പ്രവർത്തിക്കാത്തതും, വിവാഹം, പൊതുപരിപാടികൾ, ഉത്സവങ്ങൾ തുടങ്ങിയവയൊക്കെ നിയന്ത്രണങ്ങൾക്കു വിധേയമായി മാത്രം നടത്തുന്നതും ബസുകളിൽ യാത്രക്കാർ കുറയുന്നതിനിടയാക്കി.
ഇന്നത്തെ നിലയിൽ ബസ് വ്യവസായം അധികനാൾ ഉണ്ടാവുകയില്ല എന്ന തിരിച്ചറിവിലാണ് ഓരോ ദിവസവും ജീവനക്കാർ ട്രിപ്പ് അവസാനിപ്പിക്കുക. ബസ് മുതലാളിമാരൊക്കെ ലക്ഷങ്ങളുടെ കടക്കാരായി മാറിയതോടെ ആരാണ് ഇനി തങ്ങളുടെ രക്ഷയ്‌ക്കെത്തുക എന്നറിയാതെ നിരാശയോടെ നാളുകൾ തള്ളിനീക്കുകയാണ് ജീവനക്കാരുടെ കുടുംബങ്ങൾ. പീഢിത വ്യവസായമായി കണക്കാക്കി സംസ്ഥാന സർക്കാർ സ്വകാര്യ ബസ് വ്യവസായത്തെ നിലനിറുത്തുന്നതിനാവശ്യമായ നടപടികളെടുക്കണമെന്നാണ് ജീവനക്കാരും ബസ് ഉടമകളും ആവശ്യപ്പെടുന്നത്.