meerod-mala

പേരാമ്പ്ര: മീറോട് മല ഖനനത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു .കൊയിലാണ്ടി താലൂക്കിലെ കീഴരിയൂർ, മേപ്പയ്യൂർ, തുറയൂർ പഞ്ചായത്തുകളിൽ 140 ഏക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന വിശാലവും മനോഹര ദൃശ്യവിരുന്നൊരുക്കുന്ന
മീറോട് മല ഖനത്തിനെതിനെതിരെ നാട്ടുകാർ ശക്തമായ പ്രതിഷേധത്തിലാണ്. അതിനിടെ കേരളത്തിലെ മുപ്പതിൽപരം സാംസ്‌കാരിക പ്രവർത്തകർ മല സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി. കൊറവട്ട, ഇരിങ്ങത്ത്കുളങ്ങര പ്രദേശങ്ങളുടെ നിലനിൽപ്പിന്റെ ആധാരമാണ് മീറോട് മലയെന്ന് ഇവർ വ്യക്തമാക്കുന്നു.

പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ളം, കൃഷി, ഭക്ഷണം തുടങ്ങിയവയെല്ലാം മലയുമായി ബന്ധപ്പെട്ടാണ്. മീറോട് മലയുടെ ഘടനയിൽ ഉണ്ടാകുന്ന മാറ്റം താഴ്വരയിലെ ജനജീവിതത്തെ ബാധിക്കുന്നതാണെന്ന് വിലയിരുത്തുന്നു. മിച്ചഭൂമിയായി സർക്കാർ ഏറ്റെടുത്ത 140 ഏക്കറും അതിലും കൂടുതലായുള്ള സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമിയും ചേർന്നതാണ് മീറോട് മല. സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ സിംഹഭാഗവും ഭൂമിയില്ലാത്തവർക്കായി പതിച്ചു നൽകിക്കഴിഞ്ഞിട്ടുണ്ട്. കുന്നിനു മുകളിൽ വാഹനസൗകര്യം, കുടിവെള്ളലഭ്യത തുടങ്ങിയവയുടെ അഭാവം മൂലം ഭൂമി ലഭിച്ച ആർക്കും തന്നെ അവിടെ വീട് വെക്കാൻ കഴിഞ്ഞില്ല. ഭൂമി ലഭിച്ചവർക്ക് അവരുടെ ഭൂമിയുടെ കൃത്യമായ അതിരുകളും അറിയാത്ത അവസ്ഥയാണ്. അതുകൊണ്ടുതന്നെ ഭൂമി അളന്ന് തിട്ടപ്പെടുത്തുകയും സർക്കാർ ഭൂമി വേർതിരിച്ചടയാളപ്പെടുത്തുകയും വേണമെന്ന ആവശ്യം കുറേക്കാലമായി നിലനിൽക്കുന്നുണ്ട്.
ഭൂമി ലഭിച്ച ആളുകളിൽ നിന്നും ചെങ്കൽ ഖനനലോബി ഭൂമി വിലയ്ക്ക് വാങ്ങുകയും വാങ്ങിയ ഭൂമിയും സർക്കാർ ഭൂമിയും ചേർത്ത് ഖനനത്തിന്റെ എല്ലാ മാനദണ്ഡങ്ങളും നിയമങ്ങളും കാറ്റിൽ പറത്തി അപകടകരമായ രീതിയിൽ ഖനനം നടത്തുകയുമാണെന്ന പരാതി ശക്തമാണ്. ഒരിക്കലും വറ്റാത്ത നീരുറവകളുണ്ടായിരുന്ന ചമ്പഭാഗത്തെ ചോലയിൽ പ്രദേശം ഇപ്പോൾ തന്നെ
വരണ്ടുണങ്ങുന്ന സ്ഥിതിയാണ്. കണിയാണ്ടി കൊല്ലി ഭാഗവും മഴ കഴിയുന്നതോടെ വരണ്ടുണങ്ങും. ഈ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം ഓരോ വർഷം കഴിയുന്തോറും രൂക്ഷമായി കൊണ്ടിരിക്കുകയാണ്. ഖനനഫലമായി മലയുടെ മുകളിൽ രൂപീകൃതമായ വൻ കുഴികളും കുഴിയിൽ നിന്നും സമീപസ്ഥലങ്ങളിലേക്ക് മാറ്റിയിട്ട മണ്ണിന്റെ വൻ കൂനകളും മഴക്കാലത്ത് താഴ്വരയ്ക്ക് വൻ ഭീഷണിയാകുന്നു. ഏത് സമയവും ഭീകരമായ ഒരു ഉരുൾപൊട്ടലിന്റെ വക്കിലാണ് മിറോട് മലയെന്ന് പ്രസ്താവനയിൽ ആശങ്കപ്പെടുന്നു.
അമൂല്യ ഔഷധ സസ്യങ്ങൾ, അപൂർവ്വയിനം ചിത്രശലഭങ്ങൾ, മയിലും പെരുമ്പാമ്പുമടക്കമുള്ള വിവിധയിനം പക്ഷിമൃഗാദികൾ തുടങ്ങിയവയാൽ സമൃദ്ധമായ മീറോട് മല ജൈവ വൈവിദ്ധ്യത്തിന്റെ കലവറ കൂടിയാണ്. മീറോട് മല സംരക്ഷിക്കപ്പെടേണ്ടത് മേഖലയിലെ ജീവിവർഗ്ഗങ്ങളുടെ മുഴുവൻ ആവശ്യമാണ്. മീറോട് മലയിൽ നടക്കുന്ന എല്ലാവിധ ഖനനപ്രവർത്തനങ്ങളും ഉടൻ നിർത്തിവെക്കാനാവശ്യമായ നടപടികൾ ഉണ്ടാവണമെന്ന് കൽപ്പറ്റ നാരായണൻ, ടി.പി. രാജീവൻ, പ്രൊഫ. വീരാൻ കുട്ടി, കെ.അജിത, ഡോ. ഖദീജ മുംതാസ്, മനോജ് കാന, പ്രകാശ് ബാരെ, ജോളി ചിറയത്ത്, ശിവദാസ് പുറമേരി, രമേശ് കാവിൽ, സോമൻ കടലൂർ, സി.ആർ. നീലകണ്ഠൻ, പ്രൊഫ. കുസുമം ജോസഫ് (എൻ.എ.പി.എം), പി.ജെ. ബേബി (എഡിറ്റർ, സോഷ്യൽ ഔട്ട്ലുക്ക് ), കെ. സഹദേവൻ, പ്രൊഫ. വി. വിജയകുമാർ, സിവിക് ചന്ദ്രൻ, ഡോ. കെ.എൻ. അജോയ് കുമാർ തുടങ്ങിയവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അതിനിടെ കളക്ടർ സാംബശിവറാവു ഇന്നലെ മേഖല സന്ദർശിച്ചു. ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്ന് കളക്ടർ ഉറപ്പ് നൽകി. പാരിസ്ഥിതിക ആഘാതം പഠിക്കുന്നതിന് ഒരു സംഘത്തെ നിയോഗിക്കുമെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും സാംബശിവറാവു പറഞ്ഞു.