tata

ചട്ടഞ്ചാൽ: തെക്കിലിലെ ടാറ്റാ കൊവിഡ് ആശുപത്രിയിലെ സെപ്റ്റിക്ക് ടാങ്ക് പൊട്ടി മാലിന്യം പുറത്തേക്കൊഴുകുന്നത് പരിസര പ്രദേശത്തുകാർക്ക് ദുരിതമാകുന്നു. സമീപവാസികൾക്ക് താമസിക്കാൻ പറ്റാതെയും നാറ്റം സഹിച്ച് പുറത്തിറങ്ങാൻ പറ്റാത്തതുമായ സാഹചര്യത്തിൽ അധികൃതർ അടിയന്തരമായി ഇടപ്പെടണമെന്ന് സ്ഥലം സന്ദർശിച്ച കെ.പി.സി.സി ജനറൽ സെക്രട്ടറി ജി. രതികുമാറും, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിലും ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടു.

കുന്നിൽ മുകളിൽ സ്ഥിതി ചെയ്യുന്ന ആശുപത്രിയുടെ മാലിന്യവിസർജ്ജ്യങ്ങൾ പുറന്തള്ളുന്നത് അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. മല മൂത്ര, വിസർജ്ജ്യങ്ങൾ പുറന്തള്ളുന്നതിനാൽ കിണർവെള്ളം ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണുള്ളതെന്നും പരിസര പ്രദേശത്തെ താമസക്കാർ പറയുന്നു. ഉദുമ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാജൻ പെരിയ, ജനറൽ സെക്രട്ടറി സുകുമാരൻ പൂച്ചക്കാട്, ചെമ്മനാട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കൃഷ്ണൻ ചട്ടഞ്ചാൽ, ഖാദർ മല്ലം, ഹമീദ് തെക്കിൽ, മുഹമ്മദ് ശാഫി തെക്കിൽ, ഷറഫു മൂപ്പൻ തുടങ്ങിയവർ നേതാക്കൾക്കൊപ്പം ഉണ്ടായിരുന്നു.