ആരുടെയെങ്കിലും വീട്ടിൽ തേങ്ങവെട്ടി ഉണ്ടാക്കിയതല്ല വൈറ്റില പാലം എന്ന റിട്ട. ജസ്റ്റിസ് ബി. കെമാൽ പാഷയുടെ പ്രതികരണം സമീപകാല കേരളത്തിന്റെ ചൂടേറിയ ചർച്ചയാണ്. അതിന്റെ അലയൊലികൾ തുടരുകയാണ്.
വൈറ്റില, കുണ്ടന്നൂർ പാലങ്ങളുടെ ഉദ്ഘാടനത്തെ ചൊല്ലിയാണ് ഈ പരാമർശം. പാലം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ജനുവരി ഒമ്പതിന് നിർവഹിക്കാനിരിക്കുന്നു. എന്നാൽ അതിന് രണ്ട് ദിവസം മുമ്പ് രാത്രിയിൽ പാലം തുറന്നു! കൊച്ചിയിലും പരിസരപ്രദേശങ്ങളിലും പുതുതായി ഉദയം ചെയ്ത, പാർലമെന്ററി രാഷ്ട്രീയത്തിലടക്കം സജീവമായി ഇടപെട്ട് കൊണ്ടിരിക്കുന്ന, വീ ഫോർ കൊച്ചി എന്ന പേരിലുള്ള സംഘടനയുടെ പ്രവർത്തകൻ നിബുൻ ചെറിയാനും കൂട്ടരുമാണ് രാത്രിയുടെ മറവിൽ പാലം തുറന്നത്. ഇത് ജനത്തിന്റെ സഹികെട്ട പ്രതികരണമെന്ന് ചിലർ. തോന്ന്യവാസമെന്ന് മറ്റുചിലർ.
കൊച്ചിയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. നിബുൻ ചെറിയാന്റെ ഉദ്ദേശശുദ്ധി, വാർത്താപ്രാധാന്യം നേടാനുള്ളതായിരുന്നോ എന്ന് ചിലരെങ്കിലും സംശയിക്കുന്നുണ്ട്. എന്നാൽ ഒരു പാലം തുറന്ന് കൊടുത്തതിനെ ക്രിമിനൽ കുറ്റമായെടുത്ത് കൈകാര്യം ചെയ്യേണ്ടതുണ്ടോയെന്ന തീർത്തും ന്യായമായ മറുചോദ്യം അതിനെ ഖണ്ഡിക്കുന്നു.
എറണാകുളം ജില്ലയിൽ തന്നെയുള്ള പാറക്കടവ് പാലം ചേമാലിപ്പറമ്പിൽ കണ്ണൻ ചാത്തൻ എന്ന കർഷകത്തൊഴിലാളിയെക്കൊണ്ട് ജനങ്ങൾ ഉദ്ഘാടനം ചെയ്യിച്ച കഥ ഓർത്തെടുക്കുന്നുണ്ട് ചിലർ. ചാലക്കുടിപ്പുഴയ്‌ക്ക് കുറുകെ പാറക്കടവിനെയും മൂഴിക്കുളത്തെയും ബന്ധിപ്പിക്കുന്ന പാലമാണ് 1972 ജനുവരിയിൽ, എറണാകുളം ലാ കോളേജ് വിദ്യാർത്ഥി വിൻസന്റ് പാനികുളങ്ങരയുടെ നേതൃത്വത്തിൽ ജനകീയ ഉദ്ഘാടനം നടത്തി ഗതാഗതത്തിന് തുറന്ന് കൊടുത്തത്. സ്ഥലം എം.പിയും കോൺഗ്രസ് നേതാവും അന്ന് കേന്ദ്രമന്ത്രിയുമായിരുന്ന എ.സി. ജോർജിന്റെ സമയത്തിനായി കാത്തിരിക്കുകയായിരുന്നു പാലം ഉദ്ഘാടനം ചെയ്യാൻ. അതിന് ദീർഘനാൾ കാക്കണമെന്ന് മനസിലാക്കിയ, യാത്രാ ദുരിതമനുഭവിക്കുന്ന, നാട്ടുകാർ ചാത്തനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചപ്പോൾ, സർവപ്രതാപിയായ അന്നത്തെ സംസ്ഥാന ആഭ്യന്തരമന്ത്രി കെ. കരുണാകരനടക്കം അതിന്റെ ഗുണഫലം പരാതിയില്ലാതെ അനുഭവിച്ചു എന്നതാണ് ചരിത്രം. ആ പാലം ഇന്ന് ചാത്തൻപാലം എന്നറിയപ്പെടുന്നു. ഒരു മാസമോ മറ്റോ പിന്നിട്ടപ്പോൾ ഔദ്യോഗികമായി കേന്ദ്രമന്ത്രിയെത്തി ഉദ്ഘാടനം ചെയ്തു. ആ ചടങ്ങിൽ അന്നത്തെ പൊതുമരാമത്ത് മന്ത്രി ടി.കെ. ദിവാകരൻ പാലം ഉദ്ഘാടനം വൈകിപ്പോയതിനും ജനത്തെ ബുദ്ധിമുട്ടിച്ചതിനും മാപ്പ് ചോദിച്ചു!
ഇന്നിപ്പോൾ നിബുൻ ചെറിയാനെ കൈവിലങ്ങണിയിച്ച് ജയിലിലേക്കാനയിക്കാൻ മാത്രം ഗുരുതരമായ കുറ്റകൃത്യമുണ്ടായിട്ടുണ്ടോ എന്നതാണ് ചോദ്യം. അതിനേക്കാൾ ന്യായമായ ചില സാങ്കേതികത്വ പ്രശ്നങ്ങൾ ഈ പാലങ്ങളുമായി ബന്ധപ്പെട്ടുണ്ട് എന്നതാണ് വൈറ്റില, കുണ്ടന്നൂർ പാലങ്ങളുടെ കാര്യത്തിൽ വീ ഫോർ കൊച്ചിയെ തള്ളിപ്പറയുന്നവരുടെ വികാരങ്ങൾക്ക് അടിസ്ഥാനം. ഒന്നാമത്, ഉദ്ഘാടനത്തീയതി നിശ്ചയിച്ച് കഴിഞ്ഞിരിക്കെ നടത്തിയ നാടകം അപ്രതീക്ഷിതമാണ്. നിർമ്മാണം പൂർത്തിയായാലുടൻ വണ്ടിയിറക്കാം എന്നത് തെറ്റായ ധാരണയാണെന്ന സാങ്കേതികവിദഗ്ദ്ധരുടെ വാദഗതികളെയും ഇവരാശ്രയിക്കുന്നു. പൊളിഞ്ഞ പാലാരിവട്ടം പാലത്തിൽ ഉദ്ഘാടനത്തിന് മുമ്പ് ഭാരപരിശോധന നടത്താത്തതിനെ ചോദ്യം ചെയ്തിരുന്നവർ, വൈറ്റിലയിൽ അതിന്റെ ആവശ്യമില്ലെന്ന് വാദിക്കുന്നതിന്റെ യുക്തി സംശയാസ്പദമാണെന്നാണ് വാദം.
നമുക്ക് ജസ്റ്റിസ് കെമാൽ പാഷയിലേക്ക് വരാം. ആരുടെയെങ്കിലും വീട്ടിൽ തേങ്ങാവെട്ടി ഉണ്ടാക്കിയതല്ല വൈറ്റില പാലം എന്ന അദ്ദേഹത്തിന്റെ പ്രസ്‌താവന അത്രമേൽ നിഷ്‌കളങ്കമായിരുന്നോ? അതിനു പിന്നിലെ നിഷ്‌കളങ്ക ബുദ്ധി ചോദ്യം ചെയ്യപ്പെടുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു കൈ നോക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ജസ്റ്റിസ് കെമാൽ പാഷയുടെ നീക്കങ്ങളും ഇന്ന് ചർച്ചയാണ്. അദ്ദേഹം തന്റെ മനസിലിരിപ്പ് തുറന്നുപറഞ്ഞു. കളമശ്ശേരിയിലോ തൃക്കാക്കരയിലോ യു.ഡി.എഫിന്റെ സ്ഥാനാർത്ഥിയായി മത്സരിച്ചാൽ കൊള്ളാമെന്ന്.
വിരമിച്ച ജഡ്ജിമാരുടെ രാഷ്ട്രീയ ലാവണം തേടൽ, നീതിന്യായ സംവിധാനത്തിൽ അതിന് മുമ്പുള്ള, അവരുടെ നിലപാടുകളെയും അറിഞ്ഞോ അറിയാതെയോ സ്വാധീനിക്കുമോ? വിരമിച്ചശേഷം പദവി പ്രതീക്ഷിക്കുന്ന ജഡ്ജിമാർ അവസാന വർഷമെങ്കിലും സർക്കാരിന്റെ അപ്രീതി ക്ഷണിച്ചുവരുത്താതിരിക്കാൻ ശ്രദ്ധിക്കാറുണ്ടെന്ന പരാതി നിലനിൽക്കുന്നതായി , ന്യായാധിപസ്ഥാനത്ത് നിന്ന് വിരമിച്ച ശേഷം ലഭിച്ച യാത്രയയപ്പ് ചടങ്ങിൽ ജസ്റ്റിസ് കെമാൽ പാഷ തുറന്ന് പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച ബാർ കോഴക്കേസിൽ, കെ.എം. മാണിയുടെ രാജിയിലേക്ക് വരെ നയിച്ച സുപ്രധാന വിധിപ്രസ്‌താവം നടത്തിയ ജഡ്ജിയാണ് കെമാൽ പാഷ. അതുകൊണ്ടുതന്നെ അദ്ദേഹത്തിൽ അത്തരം പ്രതീക്ഷകൾ സ്വാധീനം ചെലുത്തിയിരുന്നില്ലെന്ന് നിസംശയം പറയാം.
ചീഫ് ജസ്റ്റിസ്
രഞ്ജൻ ഗോഗോയിയുടെ
രാജ്യസഭാ പ്രവേശം
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് രഞ്ജൻ ഗോഗോയ് വിരമിക്കുന്നതിന് തൊട്ടുമുമ്പായി ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ശ്രദ്ധേയമായ ചില വിധിപ്രസ്താവങ്ങൾ നടത്തുകയുണ്ടായി.
റാഫേൽ ആയുധമിടപാട് കരാറിൽ കുഴപ്പമില്ലെന്ന വിധി അതിലൊന്നാണ്. അതിനേക്കാൾ പ്രധാനവും, ഇന്ത്യൻ രാഷ്ട്രീയചരിത്രത്തിലെ വഴിത്തിരിവുമായി മാറിയത് അയോദ്ധ്യയിലെ തർക്കഭൂമിയിൽ രാമക്ഷേത്ര നിർമ്മാണത്തിന് അനുവാദം നൽകിയ വിധിയാണ്. ബാബ്റി മസ്ജിദിനായി തർക്കഭൂമിക്ക് പുറത്ത് സ്ഥലമനുവദിക്കാൻ നിർദ്ദേശിച്ചപ്പോൾ, വർഷങ്ങളായി തുടരുന്ന വലിയ തർക്കത്തിന് രമ്യമായ പരിഹാരമായെന്ന് കൊട്ടിഘോഷിക്കപ്പെട്ടു. രോഗി ഇച്ഛിച്ച വിധി വൈദ്യർ കല്പിച്ചെന്ന് ചിലരെല്ലാം ഊറിച്ചിരിച്ചത്, പിന്നീട് രാമക്ഷേത്ര ശിലാന്യാസത്തിന്റെ പൂജാചടങ്ങിന് മതേതര ഇന്ത്യയുടെ പ്രധാനമന്ത്രി നേരിട്ടെത്തി കാർമ്മികത്വം വഹിക്കുന്നത് കണ്ടപ്പോഴായിരുന്നു!
ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചുള്ള ചരിത്രപ്രധാനമായ വിധി പ്രസ്താവിച്ചത് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉൾപ്പെട്ട സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചായിരുന്നു, 2018 സെപ്റ്റംബറിൽ. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് എ.എം. ഖാൻവിൽക്കറും പുറപ്പെടുവിച്ച സംയുക്ത വിധിയിലെ ചില പ്രസ്‌താവങ്ങൾ നമ്മുടെ സാമൂഹ്യമണ്ഡലത്തെ പലതും ഓർമ്മിപ്പിച്ചു: "ദിവ്യത കല്പിക്കുന്ന ഭക്തി സർവസാധാരണമായ സമൂഹത്തിലെ ലിംഗഭേദങ്ങൾക്ക് വിധേയമാകരുത്. ഒരു വശത്ത് സ്ത്രീകളെ ദേവതകളായി ആരാധിക്കുകയും മഹത്വവത്കരിക്കുകയും ചെയ്യുമ്പോൾ മറുഭാഗത്ത് അവൾക്ക് കർശന നിയന്ത്രണങ്ങൾ ഭക്തിയുടെയും വിശ്വാസത്തിന്റെയും പേരിൽ ഏർപ്പെടുത്തുന്ന മതത്തിന്റെ ദ്വന്ദഭാവം ഉപേക്ഷിക്കപ്പെടണം. അത്തരം പ്രവണതകളും കടന്നുകയറ്റ മനോഭാവവും സ്ത്രീകൾക്ക് അപമാനകരവും അവരുടെ അന്തസിന് കോട്ടം തട്ടുന്നതുമാണ്. സ്ത്രീകളിൽ നിന്ന് മാത്രം ചാരിത്ര്യം, പരിശുദ്ധി എന്നിവ പ്രതീക്ഷിക്കുന്ന പുരുഷമേധാവിത്വത്തിന്റെ പ്രചാരകരിൽ നിന്ന് വ്യത്യസ്തമായി സ്ത്രീയെ പുരുഷനേക്കാൾ ഒരു തരത്തിലും ദുർബലയോ കുറഞ്ഞതോ താഴ്ന്നതോ ആയ വ്യക്തിത്വമായി കാണാതെ, സമത്വം വിളയിക്കും വിധം സമൂഹം പ്രത്യക്ഷത്തിൽ മാറേണ്ടതുണ്ട്. ഈ സമത്വം കൊണ്ടുവരുന്നതിനുള്ള ശ്രമകരമായ ദൗത്യം നിയമത്തിനും സമൂഹത്തിനുമുണ്ട്"- ഇരുവരുംചൂണ്ടിക്കാട്ടി.
കേവലമായ സ്ത്രീദർശനം കൊണ്ടുമാത്രം ബ്രഹ്മചര്യത്തിന് പ്രതിജ്ഞയെടുത്ത ഒരാളുടെ ബ്രഹ്മചര്യം ഭംഗപ്പെടില്ലെന്നും അന്ന് ഭരണഘടനാബഞ്ച് വിധിച്ചു. ഏതെങ്കിലും വർഗത്തെയോ വിഭാഗത്തെയോ പൂർണമായി ഒഴിവാക്കാനോ നിരോധിക്കാനോ ഒരു മതവിഭാഗത്തിനുമാകില്ലെന്നും അത്തരത്തിലുള്ള ചട്ടങ്ങൾ ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്നുമാണ് അർത്ഥശങ്കയ്ക്കില്ലാത്ത വിധം സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്. കേരളത്തിൽ പിന്നീടിങ്ങോട്ട് കലാപകലുഷിതമായ അന്തരീക്ഷമുണ്ടായി. 2019ൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ നേതൃത്വത്തിൽ പുന:പരിശോധനാ ഹർജികൾ പരിശോധിച്ചപ്പോൾ, അദ്ദേഹം നടത്തിയ നിരീക്ഷണം മതവിശ്വാസത്തിലെ കോടതി ഇടപെടൽ തർക്കവിഷയമാണെന്നാണ് ! മാത്രമല്ല, ഗോഗോയി അദ്ധ്യക്ഷനായ ബെഞ്ച് വിവിധ വിശ്വാസങ്ങൾ സംബന്ധിച്ച ഏഴ് ചോദ്യങ്ങളുയർത്തി വിശാലബെഞ്ചിന് വിട്ടിരിക്കുകയാണിപ്പോൾ.
2018ൽ സുപ്രീംകോടതിയിലെ അരുതായ്മകളെ ചോദ്യം ചെയ്‌തെത്തിയ നാല് ജഡ്‌ജിമാരിലൊരാൾ രഞ്ജൻ ഗോഗോയി ആണെന്നതും വിസ്മരിക്കാവുന്നതല്ല.
യാത്രയയപ്പ് വേളയിൽ ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞ കാര്യം ഇവിടെ പ്രസക്തമാണ്. കെമാൽ പാഷയുടെ ഇപ്പോഴത്തെ രാഷ്ട്രീയാഭിമുഖ്യത്തെ എടുത്തുകാട്ടി അന്ന് രഞ്ജൻ ഗോഗോയിയെ ന്യായീകരിച്ചവർ ചോദ്യങ്ങളുയർത്തുന്നുണ്ട്.
ജസ്റ്റിസ് കെമാൽ പാഷയുടെ സമീപകാല പ്രതികരണങ്ങളിൽ കോൺഗ്രസിന്റെയോ യു.ഡി.എഫിന്റെയോ സ്വാധീനങ്ങൾ പ്രതിഫലിക്കുന്നുണ്ടോയെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്തുന്നില്ല. എന്നാൽ, അദ്ദേഹം ന്യായാധിപപദവിയിൽ നിന്നിറങ്ങിക്കഴിഞ്ഞാണ് ഇത്തരം ഇടപെടലുകൾ നടത്തുന്നത് എന്നത്, മേല്പറഞ്ഞ ആക്ഷേപങ്ങളെയെല്ലാം റദ്ദാക്കുന്നുമുണ്ട്.