പൂവാർ: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ പൂവാർ തീരവും സമീപ പ്രദേശങ്ങളും വീണ്ടും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറിയെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. പൂവാർ പൊഴിക്കരയിലേക്ക് ടൂറിസ്റ്റുകൾ വന്നു തുടങ്ങുകയും ഹോട്ടലുകളും റിസോർട്ടുകളും, ഫ്ളോട്ടിംഗ് റെസ്‌റ്റോറന്റുകളും തുറന്നു പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്തതോടെ തീരത്ത് മാലിന്യവും കുന്നുകൂടാൻ തുടങ്ങി.
ബ്രേക്ക് വാട്ടറിൽ മദ്യക്കുപ്പികളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ഒഴുകി നടക്കുന്നു. കണ്ടൽ കാടുകൾക്കിടയിലും മാലിന്യങ്ങൾ തങ്ങി നിൽക്കുന്നു. ഹോട്ടലുകളിൽ നിന്നും മാലിന്യവും മറ്റ് വസ്തുക്കളും ഓടകളിലൂടെ നദിയിലേക്ക് ഒഴുക്കുന്നു. പൊഴിമുറിയുമ്പോൾ ഇവയെല്ലാം കടലിലേക്ക് ഒഴുകി പോകും. തിരകൾ അവയെ വീണ്ടും കരയ്ക്കെത്തിക്കും. മണൽപ്പരപ്പിൽ ഇവ വീണ്ടും കുന്നുകൂടുകയാണ്.
ഇത് കൂടാതെ രാത്രികാലങ്ങളിൽ മറ്റ് സ്ഥലങ്ങളിൽ നിന്നും വാഹനങ്ങളിൽ അറവ് മാലിന്യവും ഇവിടെ കൊണ്ടിടാറുണ്ട്. പ്രദേശത്ത് ഇത്ര രൂക്ഷമായ മാലിന്യ പ്രശ്നമുണ്ടായിട്ടും ഇവയെ ശേഖരിക്കുന്നതിനോ, സംസ്കരിക്കുന്നതിനോ ഏതൊരു സംവിധാനം ഇവിടെയില്ല. പൂവാർ കളിയിക്കാവിള റോഡിൽ വലിയ പാലത്തിന് സമീപവും, അരുമാനൂർ പൂവാർ റോഡിൽ ശൂലംകുടിയിലും ഇപ്പോൾ മാലിന്യ നിക്ഷേപം രൂക്ഷമായിട്ടുണ്ട്. ഇവ ചൂണ്ടിക്കാട്ടി ഗ്രാമപഞ്ചായത്തിന് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
പൂവാർ, കുളത്തൂർ ഗ്രാമ പഞ്ചായത്തുകളുടെ ഭാഗമാണ് നെയ്യാറിന്റെ ഇരുകരയും. രണ്ട് പഞ്ചായത്തുകളിലും ഉൾപ്പെട്ട് കിടക്കുന്നതാണ് പൂവാർ പൊഴിക്കര. മാലിന്യ പ്രശ്നം പരിഹരിക്കുന്നതിൽ ഇരു പഞ്ചായത്തുകളും വീഴ്ച വരുത്തുകയാണെന്ന് സാമൂഹ്യ പ്രവർത്തകർ ആരോപിക്കുന്നു.
രണ്ട് പഞ്ചായത്തുകളും മാലിന്യ മുക്ത പഞ്ചായത്തുകൾക്കുള്ള ശുചിത്വ കേരള മിഷന്റെ 2019-20 സാമ്പത്തിക വർഷത്തെ അവാർഡുകൾ വാങ്ങിയവയുമാണ്. മാലിന്യപ്രശ്നത്തിനെതിരെ ശക്തമായ പ്രതിരോധ പ്രവർത്തനവും മാലിന്യ സംസ്കരണവും അടിയന്തരമായി പൂവാറിൽ നടപ്പിലാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.