bat

പാരിസ് : ഫ്രാൻസിൽ മനുഷ്യനിൽ അത്യഅപൂർവ റാബീസ് വൈറസ് ബാധ കണ്ടെത്തി. മാസങ്ങൾക്ക് മുമ്പ് മരിച്ചു ഒരു വൃദ്ധനിൽ നടത്തിയ പരിശോധനയുടെ ഫലമാണ് അധികൃതർ പുറത്തുവിട്ടത്. വവ്വാലിൽ നിന്ന് പടരുന്ന വളരെ അപൂർവ തരം റാബീസ് വൈറസാണ് ബാധിച്ചിരുന്നത്. അദ്ദേഹത്തിന്റെ വീടിന്റെ മച്ചിൽ വവ്വാലുകൾ തമ്പടിച്ചിരുന്നതായാണ് റിപ്പോർട്ട്. ലിമോസ് നഗരത്തിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നാണ് ഫ്രാൻസിലെ ദ നാഷണൽ റാബീസ് റഫറൻസ് സെന്ററിന്റെ സ്ഥിരീകരണം. മരിച്ചയാൾക്ക് 60നും 70നും മദ്ധ്യേയാണ് പ്രായം.

2019 ഓഗസ്റ്റിലാണ്അദ്ദേഹത്തെ ലിമോസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. അധികം വൈകാതെ വൃദ്ധൻ മരിച്ചു. എൻസെഫലൈറ്റിസ് ആയിരുന്നു മരണകാരണം. തലച്ചോറിനെ ബാധിക്കുന്ന വീക്കമാണത്. എന്നാൽ, ഇതിന് കാരണമായത് എന്തെന്നുള്ള അന്വേഷണം ആരോഗ്യ വിദഗ്ദ്ധരെ വട്ടം ചുറ്റിച്ചിരുന്നു.

തുടർന്ന്, വൃദ്ധനിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ ഡോക്ടർമാർ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. യൂറോപ്യൻ ബാറ്റ് ലൈസ വൈറസ് ടൈപ്പ് 1 ( EBLV - 1 ) ആണ് വൃദ്ധനിൽ എൻസെഫലൈറ്റിസിന് കാരണമായതെന്ന് പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. വവ്വാലുകളിൽ നിന്നാണ് ഈ വൈറസ് വൃദ്ധനിലേക്ക് കടന്നതെന്ന് കണ്ടെത്തി.

വവ്വാലിന്റെ കടിയേറ്റിരിക്കാമെന്നോ വവ്വാലിന്റെ മാന്തൽ ഏറ്റിരിക്കാമെന്നോ ഡോക്ടർമാർ സംശയം പ്രകടിപ്പിക്കുന്നു. വൃദ്ധൻ മരിച്ച് മാസങ്ങൾക്ക് ശേഷമാണ് മരണത്തിലേക്ക് നയിച്ച കാരണത്തിന്റെ ചുരുൾ നിവരുന്നത്. പേവിഷ ബാധയ്ക്ക് കാരണമായ റാബീസ് വൈറസ് ഉൾപ്പെടെയുള്ള വൈറസുകളുടെ കുടുംബമാണ് ലൈസ വൈറസ്.

ഫ്രാൻസിൽ ഇതാദ്യമായാണ് മനുഷ്യരിൽ EBLV - 1 ന്റെ സാന്നിദ്ധ്യം കണ്ടെത്തുന്നത്. സമാന വൈറസ് ബാധിച്ച് 1985ൽ റഷ്യയിൽ ഒരു മരണം സംഭവിച്ചിരുന്നതായും വവ്വാലിൽ തന്നെയുള്ള മറ്റൊരു ലൈസ വൈറസ് സ്പീഷിസായ EBLV-2 വുമായി ബന്ധപ്പെട്ട് 1985ൽ ഫിൻലൻ‌ഡിലും 2002ൽ സ്കോട്ട്‌ലൻഡിലും ഓരോ മരണം വീതം റിപ്പോർട്ട് ചെയ്തിരുന്നുവെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. അതായത്, EBLV - 1 വൈറസ് കാരണം ലോകത്ത് 35 വർഷങ്ങൾക്ക് ശേഷമാണ് ഒരു മരണം റിപ്പോർട്ട് ചെയ്യുന്നതെന്നാണ് ഗവേഷകർ പറയുന്നത്.