ശബരിമല മകരവിളക്ക് നാളെ
..........................................
ശബരിമല സ്നേഹത്തിന്റെയും സമത്വത്തിന്റെയും സംഗമഭൂമിയെന്നപോലെ ദേശീയബോധത്തിന്റെ ഉൾക്കരുത്തുപകരുന്ന ഏറ്റവും പ്രമുഖമായ അദ്ധ്യാത്മകേന്ദ്രവുമാണ് . നാടിന്റെ നാനാഭാഗങ്ങളിൽ നിന്നെന്നല്ല, അന്യദേശങ്ങളിൽ നിന്നുപോലും ഇവിടേയ്ക്കൊഴുകുന്ന തീർത്ഥാടകസമൂഹം ശബരിമലയുടെ പ്രാധാന്യം എടുത്തുകാണിക്കുന്നു.
ഈശ്വരഹിതത്തിനു വിപരീതമായി മനുഷ്യന്റെ സങ്കുചിതമായ ജാതി-മത വിരോധങ്ങൾക്ക് വിരാമം കുറിക്കാനും അതിന്റെ അർത്ഥശൂന്യതയിലേക്ക് വിരൽചൂണ്ടാനും ശക്തമായ ഉദ്ബോധനമാണ് ശബരിമല തീർത്ഥാടനം നൽകുന്നത്.
തിരുവിതാംകൂറിന്റെ ക്ഷേത്രചരിത്ര സൗന്ദര്യങ്ങളിൽ നിന്നും തികച്ചും വേറിട്ടുനിൽക്കുന്ന ശബരിമലക്ഷേത്രവും തീർത്ഥാടന മഹിമയും ഭക്തജനങ്ങൾക്ക് അനുഗ്രഹവും അഭയ കാരണവുമാണ്.
മനുഷ്യൻ പ്രകൃതിയുമായി സമന്വയിച്ചും പ്രകൃതിയെ ആദരിച്ചും നിഷ്ഠയോടെയുള്ള ജീവിതരീതിക്ക് പ്രേരകമായിമാറുന്ന ശബരിമല തീർത്ഥാടനം നൈഷ്ഠിക ബ്രഹ്മചാരിയായ ശ്രീഅയ്യപ്പന്റെ കൃപാതിരേകത്തിനു മുന്നിലാണെന്നതും സവിശേഷ ശ്രദ്ധ കൈവരിക്കാൻ ഇടയാക്കുന്നു.
മതസൗഹൃദത്തിന്റെയും മാനവ മൈത്രിയുടെയും ദേശാദരത്തിന്റെയും തീർത്ഥാടന മഹിമയാണ് ഇവിടെ പ്രസ്പഷ്ടമാകുന്നത്. ഏകഭാവത്തോടെ ഭക്തനെ കാണുകയും സ്വീകരിക്കുകയും സത്ക്കരിക്കുകയും ചെയ്യുന്ന, അനന്യസാധാരണമായ ആദർശപരതയുടെ അനുഭൂതി പകരുന്ന ഈ മഹാസന്നിധാനം ലോകത്തിനുതന്നെ മഹനീയ മാതൃകയാണ്.
ധർമ്മത്തിന്റെ അർത്ഥമെന്തെന്നും അർത്ഥത്തിന്റെ വ്യാപ്തിയെന്തെന്നും അഹംചിന്തയുടെ അതിരുകൾ എവിടെ വരെയെന്നും ആത്മധന്യതാപരമായ നേട്ടങ്ങൾ എങ്ങനെ വന്നുചേരുന്നു എന്നുമെല്ലാം ഇവിടെ നമുക്ക് കാണാം. മാനവസേവയാണ് യഥാർത്ഥ മാധവസേവയെന്ന് മനുഷ്യനെ ഓർമ്മിപ്പിക്കുന്ന ഈ മകരവിളക്ക് മഹോത്സവം അഹത്തിൽ അധിവസിക്കുന്ന ബ്രഹ്മത്തെ നമുക്ക് കാട്ടിത്തരുന്നു.
കോടാനുകോടി ഭക്തജനങ്ങളുടെ ജീവിത പുണ്യമുഹൂർത്തവേളയാണിത്. ജാതിയുടേതായ വിഭാഗീയതകളും മതത്തിന്റെ പേരിലുള്ള അനാദരങ്ങളും കൊണ്ട് കലുഷിതമായിക്കൊണ്ടിരിക്കുന്ന സമൂഹമദ്ധ്യത്തിൽ ഭക്തിയുടെ ഭാവത്തിൽനിന്നുകൊണ്ട് ഹൃദയശുദ്ധിക്കുള്ള വിളക്കുതെളിക്കുകയാണ് ഓരോ ഭക്തനും ഇവിടെ ചെയ്യുന്നത്. അശരണർക്ക് ആശ്രയവും അന്വേഷകർക്ക് വഴികാട്ടിയും ആത്മശുദ്ധിയുള്ളവന് സുഹൃത്തും സന്യാസിക്ക് ആത്മബോധവുമായി ശ്രീ ശബരീശൻ പ്രകാശമരുളുന്നു.
ക്ഷേത്രപ്രവേശന വിളംബരത്തിനു മുൻപുതന്നെ മതവിദ്വേഷത്തിന്റെയും സമഭാവനയുടെയും ഏകീകരണത്തിന്റെ ശംഖധ്വനി ശബരീശ സന്നിധിയിൽ മുഴങ്ങിയിരുന്നു. അതിന്റെ ഉത്തമോദാഹരണമാണ് എരുമേലി. എരുമേലി പേട്ടതുള്ളൽ ചരിത്രപ്രസിദ്ധമാണല്ലോ!
ശബരിമല തീർത്ഥാടനം ഉൽക്കൃഷ്ടമായ ഒരു ജീവിതചര്യയാണ്. മനസിന്റെ മാലിന്യം ഇല്ലാതാക്കാനുള്ള ശരണംവിളിയിൽ ശരണാഗത രക്ഷകനായ ശബരീശൻ അശരണകോടികളെ അനുഗ്രഹിച്ചു ചേർത്തുനിറുത്തുമ്പോൾ ജനമനസുകളിൽ ഉൽക്കൃഷ്ട ചിന്തയുടെ സുവർണ സൂര്യോദയമായി മകരനക്ഷത്രം ഉദിച്ചുയരുന്നു.
ധനുരാശിയിൽ നിന്ന് സൂര്യതേജസ് മകരം രാശിയിലേക്ക് സംക്രമിക്കുന്ന ഈ വേളയിൽ ചിന്തകൊണ്ടും വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ഇതിനെല്ലാം നിദാനമായ ആത്മശുദ്ധികൊണ്ടും നമുക്ക് ഒന്നുചേരാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കാം.