വർക്കല: ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചിട്ടും ഇടവ ഗ്രാമപഞ്ചായത്തിലേക്ക് ബസ് സർവീസുകൾ പൂർണമായും
പുനഃസ്ഥാപിക്കുന്നില്ലെന്ന് വ്യാപകമായ പരാതി. ഉൾനാടൻ തീരദേശ പഞ്ചായത്തായ ഇടവയിൽ യാത്രാക്ലേശം ഓരോദിവസം കൂടുന്തോറും രൂക്ഷമാവുകയാണ്. മതിയായ ബസ് സർവീസുകൾ ഇല്ലാത്തതിനാൽ ഗ്രാമവാസികൾ നേരിടുന്ന യാത്രാദുരിതം ചില്ലറയൊന്നുമല്ല. സ്വകാര്യ വാഹനങ്ങളെ ആശ്രയിച്ച് യാത്ര ചെയ്യേണ്ട ഗതികേടിലാണ് പ്രദേശവാസികൾ.
തിരുവനന്തപുരം - കൊല്ലം ജില്ലകളുടെ അതിർത്തി പങ്കിടുന്ന കാപ്പിൽ നിവാസികളാണ് യാത്ര ദുരിതമനുഭവിക്കുന്നവരിൽ ഭൂരിപക്ഷവും.
പക്കാ പെർമിറ്റ് ലഭിച്ച ചില സ്വകാര്യബസുകൾ റൂട്ട് മാറ്റി സർവീസ് നടത്തുന്നതായും ആക്ഷേപമുണ്ട്. ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ ആർ.ടി.ഒ വകുപ്പിനും കഴിയുന്നില്ല. കെ.എസ്.ആർ.ടി.സിയാകട്ടെ മതിയായ കളക്ഷൻ ഇല്ലെന്ന പേരിൽ സർവീസുകൾ നിറുത്തിവച്ചിരിക്കുകയാണ്.
സ്വകാര്യ ബസുകളെ സഹായിക്കുന്ന പ്രവണതയാണ് കെ.എസ്. ആർ.ടി.സി.യും അനുവർത്തിച്ചു പോരുന്നത്. മത്സ്യമേഖല കൂടിയാണ് ഇടവ. മത്സ്യത്തൊഴിലാളികൾക്ക് യഥാസമയങ്ങളിൽ നിശ്ചിത ഇടങ്ങളിൽ എത്തിച്ചേരാൻ മതിയായ സർവീസ് ബസുകൾ ഇല്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ജില്ലയിലെ പ്രധാന ടൂറിസം മേഖല കൂടിയാണ് കാപ്പിൽ. നിരവധി വനോദസഞ്ചാരികളാണ് ഇവിടെയെത്തുന്നത്. വിദേശികളും സ്വദേശികളുമായ വിനോദസഞ്ചാരികൾക്ക് ഇവിടെ എത്തിച്ചേരുന്നതിന് പലപ്പോഴും ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്.
25 സർവീസുകൾ ഉണ്ടായിരുന്നു
25ഓളം സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്ന ഇടവ മേഖലയിൽ നിലവിൽ 5 ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. അവധി ദിവസങ്ങളിൽ ഈ ബസുകളെ കണികാണാൻ പോലും കഴിയില്ല. ഒരു ഫാസ്റ്റ് പാസഞ്ചറും സ്റ്റേ ബസും ഉൾപ്പെടെ അഞ്ച് സർവീസുകൾ ഇവിടേക്ക് ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് ഒരു കെ.എസ്.ആർ.ടി.സി ബസ് പുനരാരംഭിച്ചത്.
കൊടുങ്ങല്ലൂർ ഫാസ്റ്റ് അടുത്തിടെ സർവീസ് ആരംഭിച്ചെങ്കിലും സ്ഥിരമായി വരാറില്ലെന്ന് യാത്രക്കാർ പറയുന്നു.
ട്രെയിനും ഇല്ല
ഇടവ- കാപ്പിൽ എന്നീ രണ്ട് റെയിൽവേ സ്റ്റേഷനുകളുള്ള പഞ്ചായത്താണ് ഇടവ. ലോക്ക് ഡൗണിന് ശേഷം ഇതുവരെ ഒരു ട്രെയിനും ഇവിടങ്ങളിൽ നിറുത്തിയിട്ടുമില്ല. രണ്ട് സ്റ്റേഷനുകളിലും സ്റ്റോപ്പ് ഉണ്ടായിരുന്ന പാസഞ്ചർ ട്രെയിനുകൾ സർവീസ് തുടങ്ങാത്തതിനാൽ രണ്ട് സ്റ്റേഷനുകളും അടച്ചിട്ടിരിക്കുകയാണ്. ഇടവ കാപ്പിൽ നിവാസികൾക്ക് തിരുവനന്തപുരം -കൊല്ലം ഭാഗങ്ങളിൽ പോകണമെങ്കിൽ വർക്കലയിലോ പരവൂരിലോ പോയി ട്രെയിൻ കേറണം.
"കാപ്പിൽ നിവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം കാണാൻ അധികൃതർ മുൻകൈ എടുക്കണം. പ്രമുഖ വിനോദസഞ്ചാര കേന്ദ്രവും, മത്സ്യ -കയർ മേഖല കൂടിയായ ഈ ഉൾനാടൻ പ്രദേശത്തോട് അധികൃതർ കാട്ടുന്ന അവഗണന അവസാനിപ്പിക്കണം. നിറുത്തിവച്ച കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് സർവീസുകൾ പുനരാരംഭിക്കണം."
കാപ്പിൽ സുരേഷ്, ഇടവ പഞ്ചായത്ത് മുൻ അംഗം
" ഇടവ ഗ്രാമപഞ്ചായത്തിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കും. കഴിഞ്ഞദിവസം കാപ്പിൽ സ്കൂളിൽ നിന്നും തിരുവനന്തപുരത്തേക്ക് ഒരു കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിച്ചിട്ടുണ്ട്. കൂടുതൽ കെ. എസ് .ആർ.ടി.സി ബസുകൾ സർവീസ് നടത്തുന്നതിനും. സ്വകാര്യബസ്സുകൾ പുനഃസ്ഥാപിക്കുന്നതിനും നടപടികൾ ഉടനുണ്ടാകും. "
(അഡ്വ. വി. ജോയി എം.എൽ.എ)