vaccine

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും പക്ഷിപ്പനി നിയന്ത്രണങ്ങളിലും കേന്ദ്ര സംഘത്തിന് സംതൃപ്തി. കേരളം മികച്ച പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ സംഘം വ്യക്തമാക്കി. പ്രതിരോധ പ്രവർത്തനങ്ങൾ ഫീൽഡ്-ഔദ്യോഗിക തലത്തിൽ വിലയിരുത്തിയതിന്റെ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് നൽകും. പക്ഷിപ്പനി നിയന്ത്രണ വിധേയമാണെന്നും കൂടുതൽ കാര്യങ്ങൾക്കായി എൻ.സി.ഡിയുടെ റീജിയണൽ സെന്റർ സംസ്ഥാനത്ത് അനുവദിക്കാമെന്നും സംഘം ഉറപ്പ് നൽകി.

കൊവിഡ് ദേശീയ നോഡൽ ഓഫീസർ മിൻഹാജ് അലാം, നാഷണൽ സെൻട്രൽ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ. എസ്.കെ. സിംഗ് എന്നിവരാണ് കേന്ദ്ര സംഘത്തിലുള്ളത്. പക്ഷിപ്പനി ബാധിച്ച കോട്ടയത്തും ആലപ്പുഴയിലും സംഘം സന്ദർശിച്ചു.

കേന്ദ്രസംഘത്തിന്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കുമെന്ന് മന്ത്രി ശൈലജ അറിയിച്ചു. പക്ഷിപ്പനിയുടെ സാമ്പിൾ പരിശോധിക്കാവുന്ന ലാബ് കേരളത്തിൽ സജ്ജമാക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു.

വാക്‌സിന്റെ ലഭ്യതയെപ്പറ്റിയും കേന്ദ്ര സംഘവുമായി ചർച്ച നടത്തിയെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ.രത്തൻ ഖേൽക്കർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.