customs

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസിനെ പരിഹസിച്ചും വിമർശിച്ചും സി.പി.എം അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ളോയീസ് അസോസിയേഷൻ രംഗത്ത്. 'തരമറിഞ്ഞ് കളിക്കണം കൂട്ടിലടച്ച കസ്റ്റംസ്' എന്ന തലക്കെട്ടിലാണ് ലഘുലേഖ. കേന്ദ്രത്തിലെ മോട്ടോഭായിയുടെയും ഛോട്ടാഭായിയുടെയും പാദസേവകരായ ഏതെങ്കിലും പടുജന്മങ്ങൾ സെക്രട്ടേറിയറ്റ് ജീവനക്കാരെ മൂക്കിൽ കയറ്റിക്കളയാമെന്ന് കരുതുന്നുവെങ്കിൽ അത്തരക്കാരോട് പോ... മാേനെ ലാലു എന്നേ പറയാനുള്ളൂ എന്നാണ് തുടക്കം. കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ ലാലുവിനെയാണ് ഇതിൽ ഉദ്ദേശിക്കുന്നത്.സെക്രട്ടേറിയറ്റിലെ അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസർ ഹരികൃഷ്ണനെ, മൊഴിയെടുക്കുന്ന വേളയിൽ, കസ്റ്റംസ് ഭീഷണിപ്പെടുത്തിയെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് ലഘുലേഖ ഇറങ്ങിയത്.

ജീവനക്കാരുടെ ആത്മാഭിമാനത്തെ തകർക്കുന്ന അന്വേഷണ ഏജൻസികളെ ഒറ്റക്കെട്ടായി ചെറുക്കുമെന്നും ജനറൽ സെക്രട്ടറി കെ.എൻ. അശോക് കുമാർ ഇറക്കിയ ലഘുലേഖയിൽ പറയുന്നു.

ഹരികൃഷ്ണനെ കസ്റ്റംസ് ഭീഷണിപ്പെടുത്തിയെന്ന് സംസ്ഥാന പൊലീസ് മേധാവിക്കും ചീഫ് സെക്രട്ടറിക്കും സംഘടന പരാതിയും നൽകി.നേരത്തെ എൻ.ഐ.എയും ഹരികൃഷ്ണന്റെ മൊഴിയെടുത്തിരുന്നു.