
തിരുവനന്തപുരം: കൊവിഡിനെ പിടിച്ചുകെട്ടാൻ കേരളം പ്രതിരോധകോട്ടയൊരുക്കിയപ്പോൾ കുമിഞ്ഞുകൂടിയത് ടൺകണക്കിന് മാലിന്യം. കൊവിഡ് കാലത്ത് കൂടുതൽ മാലിന്യമുണ്ടായ സംസ്ഥാനങ്ങളിൽ രണ്ടാമതാണ് കേരളം. മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. മഹാരാഷ്ട്രയിൽ 3587 ടൺ മാലിന്യമുണ്ടായപ്പോൾ കേരളത്തിലത് 3300 ടണ്ണാണ്. ജൂൺ മുതൽ ഡിസംബർ വരെയുള്ള കണക്കാണിത്.
സംസ്ഥാനത്ത് എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലായി ഉപയോഗിച്ച മാസ്ക്, പി.പി.ഇ കിറ്റ്, ഷൂ കവർ, ഗ്ലൗസ്, കോട്ടൺ, ഫേസ് ഷീൽഡ് എന്നിവയുൾപ്പെടെയാണ് കൂടുതൽ മാലിന്യങ്ങളുണ്ടായത്. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചതിലൂടെ സുരക്ഷയിൽ കേരളം മുന്നിൽ നിന്നതിന്റെ നേർകാഴ്ചയാണിത്. ബയോമെഡിക്കൽ മാലിന്യത്തിന്റെ അളവ് കണക്കാക്കുന്നതിന് COVID19BWM എന്ന ആപ്പുമുണ്ട്. ഇതുവഴിയുമാണ് മാലിന്യത്തിന്റെ അളവ് ശേഖരിച്ചത്. 2020 ജൂൺ മുതൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകൾ ശേഖരിച്ച കണക്കുകൾ ക്രോഡീകരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
 മാർഗരേഖ പാലിച്ചു
ആശുപത്രികളടക്കമുള്ള ചികിത്സാകേന്ദ്രങ്ങളിൽ കൊവിഡ് മാലിന്യം എങ്ങനെ സംസ്‌കരിക്കണം എന്നതിനെക്കുറിച്ച് കഴിഞ്ഞ മാർച്ചിൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് മാർഗരേഖ പുറത്തിറക്കിയിയിരുന്നു. ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ, റൂം ക്വാറന്റൈനിലുള്ളവരുടെ മാലിന്യം, സാമ്പിൾ ശേഖരണ കേന്ദ്രത്തിലെ മാലിന്യങ്ങൾ എന്നിവ എങ്ങനെ കൈകാര്യം ചെയ്യണമെന്നും നിഷ്‌കർഷിച്ചിരുന്നു. അത് സംസ്ഥാനം കൃത്യമായി പാലിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
 കൂടുതൽ ഒക്ടോബറിൽ
കൊവിഡ് വ്യാപനത്തിന് ശേഷമുള്ള ഏഴ് മാസത്തിനിടെ ഇന്ത്യയിൽ 33,000 ടൺ ബയോമെഡിക്കൽ മാലിന്യമുണ്ടായി എന്നാണ് വെളിപ്പെടുത്തൽ. കൂടുതൽ മാലിന്യം ഉണ്ടായത് ഒക്ടോബറിലാണ്, 5,500 ടൺ. ഡിസംബറിൽ 32.994 ടൺ കൊവിഡ് മാലിന്യം സംസ്‌കരിച്ചു. സംസ്ഥാനത്ത് ഈ കാലയളവിൽ 300 ടൺ മാലിന്യം സംസ്‌കരിച്ചു.
സംസ്ഥാനങ്ങളിലെ കണക്ക് (ടണ്ണിൽ)
 ഗുജറാത്ത്- 3,086
 തമിഴ്‌നാട്- 2,806
 ഉത്തർ പ്രദേശ്- 2,502
 ഡൽഹി- 2,471
 പശ്ചിമ ബംഗാൾ- 2,095
 കർണാടകം- 2,026