കൊവിഡ് മഹാമാരി ആദ്യമായി ജീവൻ കവർന്നെടുത്തത് എന്നാണ് ? കൃത്യമായ ഒരു ഉത്തരം പറയാൻ സാധിക്കില്ല. എങ്കിലും ഔദ്യോഗികമായി ജനുവരി 11നാണ് ആദ്യമായി കൊവിഡ് മരണം ചൈനയിൽ റിപ്പോർട്ട് ചെയ്തത്. ഇപ്പോൾ ഒരു വർഷം പിന്നിട്ടിരിക്കുന്നു. വുഹാനിലെ വെറ്റ് മാർക്കറ്റിലെ സന്ദർശകനായിരുന്ന 61 കാരനാണ് മരിച്ചത്.
ചൈന അന്നാണ് പുതിയ കൊറോണ വൈറസിൽ നിന്നുള്ള മരണം പുറംലോകത്തോട് വെളിപ്പെടുത്തിയത്. എന്നാൽ, ഇതിനു മുമ്പ് തന്നെ മരണങ്ങൾ ഉണ്ടായിരിക്കാമെന്നാണ് നിരവധി ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. ചൈനയിൽ നിന്ന് ഉത്ഭവിച്ച കൊവിഡിന്റെ വ്യാപനവും മരണവും ചൈനീസ് ഭരണകൂടം മൂടിവയ്ക്കാൻ ശ്രമിച്ചത് ഇന്നും നിഗൂഡമാണ്. അതുപോലെ തന്നെയാണ് കൊവിഡിന് കാരണമായ കൊറോണ വൈറസിന്റെ ഉത്ഭവം എവിടെ നിന്നാണ് എന്നുള്ളതും ഇന്നും ശാസ്ത്രലോകത്തിന് അജ്ഞാതമാണ്.
അന്വേഷണങ്ങൾക്ക് തടയിടുന്നു
ഇതുവരെ ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവൻ കൊവിഡ് കവർന്നു കഴിഞ്ഞു. പക്ഷേ, സ്വന്തം മണ്ണിൽ കൊവിഡിനെ നിയന്ത്രിച്ച് നിറുത്താൻ സാധിച്ചു എന്ന് അവകാശപ്പെടുന്ന ചൈനയാകട്ടെ, കൊവിഡിന്റെ ഉത്ഭവത്തെ പറ്റിയുള്ള സ്വതന്ത്ര അന്വേഷണങ്ങൾക്ക് തടയിടുകയാണ്. ഡബ്ല്യൂ. എച്ച്. ഒയുടെ ശ്രമങ്ങൾക്ക് വരെ ചൈനീസ് ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തി. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് കൊവിഡ് എങ്ങനെ പകർന്നു എന്നുള്ളത് ഉത്തരം കിട്ടാത്ത വലിയ ചോദ്യമായി അവശേഷിക്കുകയാണ്.
വുഹാനിലെ വെറ്റ് മാർക്കറ്റാണ് കൊവിഡിന്റെ പ്രഭവ കേന്ദ്രം എന്നാണ് നിലവിൽ കരുതപ്പെടുന്നത്. വവ്വാലിൽ നിന്നുള്ള വൈറസിനെ മനുഷ്യരിലെത്തിച്ച ജീവികളുടെ ലിസ്റ്റിൽ ഈനാംപേച്ചി മുതൽ പാമ്പ് വരെയുണ്ട്.
വുഹാൻ മാർക്കറ്റുമായി ബന്ധമില്ലാതിരുന്നവരും രോഗികളായി
കൊവിഡ് വ്യാപനത്തെ വുഹാൻ മാക്കറ്റിൽ മാത്രം ഒതുക്കാൻ ശ്രമിച്ച ചൈന രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരില്ലെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, വുഹാൻ മാർക്കറ്റുമായി ബന്ധമില്ലാത്തവർക്ക് പോലും ആദ്യഘട്ടത്തിൽ രോഗബാധ കണ്ടെത്തിയതായി രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. അങ്ങനെയെങ്കിൽ വുഹാൻ മാർക്കറ്റ് തന്നെയാണോ വൈറസിന്റെ ഉത്ഭവ സ്ഥാനം എന്നതിൽ വ്യാപക സംശയം ഉയരുന്നുണ്ട്. വുഹാൻ മാർക്കറ്റിലല്ല, ചൈനയിൽ തന്നെ മറ്റെവിടെയോ കൊവിഡ് ഉത്ഭവിച്ചിരിക്കാമെന്ന് ചില ചൈനീസ് ആരോഗ്യവിദഗ്ദ്ധർ പോലും പറഞ്ഞിട്ടുണ്ട്.
അതേ സമയം, വൈറസ് ഉത്ഭവത്തെ സംബന്ധിച്ച തെളിവുകൾ ഇതിനോടകം ചൈന നശിപ്പിച്ചിരിക്കാമെന്നും വാദമുണ്ട്. ചൈനയിൽ അജ്ഞാത രോഗം പടർന്നു പിടിക്കുന്നതായി ലോകത്തോട് വെളിപ്പെടുത്താൻ ശ്രമിച്ചവരുടെ വായ് മൂടിക്കെട്ടാൻ ചൈനീസ് ഭരണകൂടം നടത്തിയ നീക്കങ്ങൾ ഇതിനെ സാധൂകരിക്കുന്നതായി ചൂണ്ടിക്കാട്ടുന്നു. ചൈന പുറത്തുവിട്ടിരിക്കുന്ന കൊവിഡ് രോഗികളുടെയും മരണത്തിന്റെയും കണക്കുകളും സംശയമുനയിലാണ്.
ലാബിൽ നിന്ന് ചോർന്നു
പക്ഷേ, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം ഇതൊന്നുമല്ല. കൊറോണ വുഹാനിൽ ലാബിൽ നിർമിച്ചതാണെന്നും അവിടെ നിന്ന് ചോർന്നതാണെന്നുമാണ് ട്രംപ് പറയുന്നത്. കൊറോണ വൈറസ് മനുഷ്യ നിർമമിതമാണെന്ന് അവകാശപ്പെട്ട് ട്രംപിനൊപ്പം നിരവധി പേർ രംഗത്തെത്തിയെങ്കിലും ശാസ്ത്രീയമായി തെളിയിക്കുന്നതിൽ പരാജയപ്പെട്ടു. കൊറോണ മനുഷ്യനിർമ്മിതമാണെന്ന സിദ്ധാന്തങ്ങളെ ശാസ്ത്രലോകം പാടേ തള്ളുന്നു.
വവ്വാലിൽ നിന്ന് പകരുന്ന ആറാമത്തെ രോഗം
ഏകദേശം 5000ത്തോളം കൊറോണ വൈറസുകൾ ആണത്രെ ലോകമെമ്പാടുമുള്ള വവ്വാൽ സ്‌പീഷീസുകളിൽ നിന്ന് ഇനിയും കണ്ടുപിടിക്കാനുള്ളത്. ഇതിൽ മനുഷ്യന് ഹാനികരമല്ലാത്തതും ഉൾപ്പെടുന്നു. കഴിഞ്ഞ 26 വർഷത്തിനിടെ വവ്വാലുകളിൽ നിന്ന് പകരുന്ന ആറാമത്തെ രോഗമാണ് വുഹാനിലെ കൊറോണ. 1994ൽ ഹെൻഡ്ര, 1998ൽ നിപ, 2002ൽ സാർസ്, 2012ൽ മെർസ്, 2014ൽ എബോള എന്നിവയാണ് മറ്റ് അഞ്ചെണ്ണം. ഇക്കാര്യങ്ങൾ മുൻനിറുത്തുമ്പോൾ SARS-CoV-2 ( കൊവിഡ് 19 ) ന്റെ ഉത്ഭവം വവ്വാലിൽ നിന്ന് തന്നെയാകാമെന്നാണ് വിലയിരുത്തൽ. ഭാവിയിൽ മഹാമാരികൾ ഉണ്ടാകുന്നത് തടയാൻ തീർച്ചയായും കൊവിഡിന്റെ ഉത്ഭവ സ്ഥാനം കണ്ടെത്തേണ്ടതുണ്ട്. ഒപ്പം, ഇത്തരം വൈറസുകളുടെ വ്യാപനം തടയാൻ വന്യജീവികളുടെ മാംസം വിൽക്കുന്ന വെറ്റ് മാർക്കറ്റുകൾക്കും മറ്റും നിയന്ത്രണങ്ങളും അനിവാര്യമാണ്.