പാലോട്: ഏഷ്യയിലെ ഏറ്റവും വലിയ ബൊട്ടാണിക്കൽ ഗാർഡനായ പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിട്ട്യൂട്ടിൽ സംസ്ഥാന സർക്കാരിന്റെ ടൂറിസം ഡിപ്പാർട്ട്മെന്റുമായി സഹകരിച്ച് മൂന്ന് കോടി രൂപയുടെ എക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുന്നു.
പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി ആദ്യവാരം മുഖ്യമന്ത്രി നിർവഹിക്കും. വിദേശത്ത് നിന്നും പഠനത്തിനായ് എത്തുന്ന വിദ്യാർത്ഥികൾക്കും ഗവേഷകർക്കും വേണ്ടിയാണ് ഈ ബൃഹദ് പദ്ധതി ഒരുങ്ങുന്നത്. ഇപ്പോൾ തന്നെ നിരവധി പേർ ഗവേഷണങ്ങൾക്കും ഉപരിപഠനത്തിനുമായി എത്തുന്നുണ്ട്. ടൂറിസം പദ്ധതി നടപ്പിലാക്കുന്നതോടെ വിദേശത്തു നിന്നുള്ള ടൂറിസ്റ്റുകളും ധാരാളമായി എത്തിച്ചേരുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ലോകത്തു നിന്നും നശിച്ചു എന്നു കരുതിയിരുന്ന മലമാവും, കാവിലിപ്പയും കുറച്ചു നാൾ മുൻപാണ് ഇവിടുത്തെ ഗവേഷകർ കണ്ടെത്തിയത്. 1914ൽ എ.ജെ. ഗാമ്പിൾ എന്ന സസ്യശാസ്ത്രജ്ഞനാണ് മല മാവ് വംശനാശഭീഷണി നേരിടുന്നു എന്ന് ആദ്യം കണ്ടെത്തിയത്.
തുടർന്ന് നിരവധി ഗവേഷണങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുവെങ്കിലും മല മാവ് കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ ജെ.എൻ.ടി.ബി.ജി.ആർ ഐയിലെ ശാസ്ത്രജ്ഞർ വനമേഖലയിൽ ഈ മരം കണ്ടെത്തുകയും വനപാലകരുടെ നേതൃത്വത്തിൽ സുരക്ഷാവേലി കെട്ടി സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ കാവിലിപ്പയും ഇവിടുത്തെ ഗവേഷക സംഘം തന്നെ കണ്ടെത്തിയതും യാദൃശ്ചികം. അന്യം നിന്നു എന്നു കരുതുന്ന സസ്യങ്ങളെ കുറിച്ചുള്ള പഠനത്തിനും ഗവേഷണത്തിനും വിപുലമായ സാദ്ധ്യതയാണ് എക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതോടെ തെളിയുന്നത്. 321 ഹെക്ടർ സ്ഥലത്താണ് ബൊട്ടാണിക്കൽ ഗാർഡൻ സ്ഥിതി ചെയ്യുന്നത്.