run

കൊച്ചി: 4431 കിലോമീറ്റർ, 11 സംസ്ഥാനങ്ങൾ, 91 നഗരങ്ങൾ, ആയിരത്തിലധികം ഗ്രാമ പ്രദേശങ്ങൾ ഇവയെല്ലാം താണ്ടി കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച് കാശ്മീരിലെ ഡാൽ തീരത്ത് 56 ദിവസം കൊണ്ട് ഓടിയെത്തുക. വലിയൊരു ദൗത്യത്തിനൊരുങ്ങുകയാണ് സോൾസ് ഒഫ് കൊച്ചി ടീമിലെ പനമ്പിള്ളിനഗർ റണ്ണേഴ്സിന്റെ അംഗങ്ങളായ രാം രത്തനും സഞ്ജയ് കുമാറും. സാംക്രമികേതര രോഗങ്ങൾ, ജീവിതശെെലി അപകടങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ, വെെകല്യങ്ങൾ എന്നിവയെക്കുറിച്ച് രാജ്യമെമ്പാടും അവബോധം വളർത്തുകയാണ് കെ ടു കെ റൺ 2021 എന്ന ദൗത്യത്തിന്റെ ലക്ഷ്യം. ജനുവരി 12 ന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച് മാർച്ച് എട്ടിന് അവസാനിക്കും.

പുലർച്ചെ മൂന്ന് മുതൽ രാവിലെ പത്ത് വരെ 50 കിലോമീറ്ററും വെെകുന്നേരം അഞ്ച് മുതൽ രാത്രി എട്ട് വരെ 25 മുതൽ 30 കിലോമീറ്ററും ഓടാനാണ് പദ്ധതി. റൂട്ട് മാപ്പും പ്രവർത്തന സമയവും തയ്യാറാക്കി. എം.ജി മോട്ടേഴ്സിന്റെയും കോസ്റ്റ് ലെെൻ ഗ്യാരേജസിന്റെയും സഹായത്തോടെ ദൗത്യത്തിലുടനീളം ഇവരെ അനുഗമിച്ചു ഡോക്ടറുടെ സേവനമടങ്ങിയ വാഹനവുമുണ്ടാകും. നല്ലകാര്യം ചെയ്യുമ്പോൾ കിട്ടുന്ന ബോണസാണ് ഓട്ടം പൂത്തിയാക്കുമ്പോൾ ലഭിക്കുന്ന ഗിന്നസ് വേൾഡ് റെക്കോർഡ് എന്നാണ് ഇരുവരുടെയും നിലപാട്.

രാജസ്ഥാൻ സ്വദേശിയായ റാം രത്തൻ ആദ്യമായി കഴിവിന്റെ മാറ്റുരച്ചത് 2017 ലെ ലാ അൾട്രാ മാരത്തോണിലാണ്. ശാരീരിക അസ്വസ്ഥതകൾ മൂലം മത്സരത്തിൽ നിന്ന് ഇടയ്ക്ക് പിന്മാറിയെങ്കിലും ഡൽഹിയിലെ പ്രസിദ്ധമായ 100 കിലോമീറ്റർ ഭാട്ടിലേയ്ക്ക് അൾട്രായിൽ ഒന്നാം റണ്ണർ അപ്പായി വിജയിച്ചു. മണാലിയിൽ നടന്ന പ്രശസ്തമായ ഹെൽ റെയ്സിൽ റെക്കോർഡ് ബ്രേക്ക് ചെയ്ത് വിജയിച്ച സഞ്ജയ് കുമാർ 2018ലെ ബെസ്റ്റ് റണ്ണറും ടി 10 സൺചേഴ്സിന്റെ താരവുമാണ്.

രാത്രികൾ നഗരങ്ങളിൽ

ഞങ്ങളുടെ പദ്ധതി പ്രകാരം എല്ലാ രാത്രിയിലും ഏതെങ്കിലും നഗരത്തിലെത്തും. മറ്റ് ഓട്ടക്കാർ ഞങ്ങളോടൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നു.

റാം രത്തൻ

ബോധവത്കരണം പ്രധാനം

ഓട്ടത്തിനു ശേഷമുള്ള പകൽ സമയങ്ങളിൽ എത്തുന്ന ഇടങ്ങളിൽ ചെറിയ യോഗങ്ങൾ വിളിച്ചുകൂട്ടിയും ലഘുലേഖകൾ വിതരണം ചെയ്തും ആരോഗ്യത്തോടെ ജീവിക്കേണ്ടതിന്റെ ആവശ്യകതയെ ബോദ്ധ്യപ്പെടുത്തും.

സഞ്ജയ് കുമാർ