മത്സ്യമോ മാംസമോ ഇല്ലാതെ ചോറ് ഇറങ്ങാത്തവരാണ് പൊതുവേ മലയാളികൾ. രാജ്യത്ത് ഏറ്റവും കൂടുതൽ മാംസം ഉപയോഗിക്കുന്നതും ഇവിടെയുള്ളവരാണെന്നാണു പറയുന്നത്. എന്നാൽ ആധുനികമെന്നു പറയാവുന്ന അറവുശാലകളുടെ കാര്യത്തിൽ കേരളം ഏറെ പിന്നിലാണ്. സംസ്ഥാനത്തു നിത്യേന വിപണിയിലെത്തുന്ന മാംസത്തിന്റെ തൊണ്ണൂറ്റഞ്ചു ശതമാനവും അനധികൃത കശാപ്പുശാലകളിൽ നിന്നാണെന്ന യാഥാർത്ഥ്യം പേടിപ്പെടുത്തുന്നതാണ്. നവീകരിച്ച കശാപ്പുശാലകളുടെ ആവശ്യകത ബോദ്ധ്യപ്പെടാത്തതുകൊണ്ടല്ല ഈ ദുര്യോഗം. അതിനുവേണ്ട നടപടി എടുക്കുന്നില്ല എന്നേയുള്ളൂ. തദ്ദേശ സ്ഥാപനങ്ങളുടെ അധികാര പരിധിയിൽ വരുന്നതാണ് ഇതെങ്കിലും സർക്കാരിനും ഫലപ്രദമായി ഇടപെടാൻ കഴിയുന്ന, അവശ്യം ഇടപെടേണ്ട മേഖല തന്നെയാണിത്. എന്തിനു കൂടുതൽ പറയുന്നു. തലസ്ഥാന നഗരിയിൽ ഭരണസിരാകേന്ദ്രത്തിൽ നിന്ന് ഒരു വിളിപ്പാടകലെ ഉണ്ടായിരുന്ന അറവുശാല നവീകരിക്കാൻ ഒരു പതിറ്റാണ്ടിലേറെയായി ഭഗീരഥപ്രയത്നം നടക്കുകയാണ്. പേരിനു പോലും നഗരത്തിൽ അംഗീകൃത അറവുശാല ഇല്ലാത്തപ്പോഴാണ് നിത്യേന ടൺ കണക്കിന് മാംസം വിപണിയിലെത്തുന്നതും മണിക്കൂറുകൾക്കകം വിറ്റുപോകുന്നതും.
കയറ്റുമതി കൂടി ലക്ഷ്യമിട്ട് കോഴിക്കോട്, പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിൽ അത്യാധുനിക മാംസ നവീകരണ ശാലകൾ തുടങ്ങാനുള്ള ഒരു പദ്ധതി തടസങ്ങളൊന്നും കൂടാതെ പ്രവൃത്തി പഥത്തിലെത്തുകയാണെങ്കിൽ സംസ്ഥാനത്തിന് വലിയ നേട്ടമാകും അത്. തിരുവനന്തപുരത്തും ആധുനിക സൗകര്യങ്ങളോടെ മാംസ സംസ്കരണശാല നിർമ്മാണ ഘട്ടത്തിലാണിപ്പോൾ. താമസിയാതെ പ്രവർത്തനം തുടങ്ങുമെന്നാണ് അറിയിപ്പ്.
പ്രധാന നഗരസഭകളുടെ കീഴിൽ കിഫ്ബി സഹായത്തോടെ ഹൈടെക് അറവുശാലകൾ തുടങ്ങാനുള്ള പദ്ധതിയാണ് വരുന്നത്. ഒരു പ്ളാന്റിന് 14 കോടി രൂപ വരെയാണ് ചെലവു കണക്കാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ 100 കോടി രൂപയാകും കിഫ്ബി ഇതിനായി വായ്പ നൽകുക. കോഴിക്കോട്, പാലക്കാട്, കണ്ണൂർ എന്നിവിടങ്ങൾ കൂടാതെ പുനലൂർ, ആറ്റിങ്ങൽ നഗരസഭകളിലും അത്യാധുനിക അറവുശാലകൾ ആരംഭിക്കാൻ നിർദ്ദേശമുണ്ട്. നഗരസഭകൾക്ക് തനതു ഫണ്ട് കണ്ടെത്തിയും ഹൈടെക് അറവുശാലകൾ തുടങ്ങുകയോ നിലവിലുള്ളവ നവീകരിക്കുകയോ ചെയ്യാവുന്നതാണ്. പുതുതായി അധികാരത്തിലേറിയ തദ്ദേശ ഭരണസമിതികളുടെ ശ്രദ്ധയിൽ പെടേണ്ട ഒരു വിഷയം കൂടിയാണിത്. ജനങ്ങൾക്ക് നല്ല രീതിയിൽ സംസ്കരിച്ച മാംസം ലഭിക്കുന്നു എന്ന് ഉറപ്പാക്കേണ്ട ചുമതല കൂടിയുണ്ടല്ലോ തദ്ദേശസ്ഥാപനങ്ങൾക്ക്. ചന്തപ്പിരിവ് മുടങ്ങാതെ നടത്തുന്നതിനൊപ്പം ജനങ്ങളുടെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതും അവശ്യം വേണ്ടതു തന്നെ.
ആധുനിക അറവുശാലകൾ വരുന്നതുകൊണ്ട് നേട്ടങ്ങൾ പലതാണ്. പ്രഥമവും പ്രധാനവുമായത് ഗുണമേന്മയുള്ള മാംസം ആവശ്യക്കാരിൽ എത്തുമെന്നതു തന്നെ. അതുപോലെ തന്നെ പ്രധാനമാണ് അറവുമാലിന്യ സംസ്കരണവും ഇതോടൊപ്പം തന്നെ നടക്കുമെന്നത്. സംസ്ഥാനം ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പരിസ്ഥിതി മലിനീകരണങ്ങളിലൊന്ന് അറവു മാലിന്യങ്ങളിൽ നിന്നുള്ളതാണ്. നാടും നഗരവുമെന്ന വ്യത്യാസമില്ലാതെ എവിടെയും
അറവുമാലിന്യങ്ങൾ അലക്ഷ്യമായി ഉപേക്ഷിക്കുന്ന പ്രവണതയാണുള്ളത്. മാലിന്യങ്ങൾ പൊതു ഇടങ്ങളിൽ ഉപേക്ഷിക്കുന്നത് ശിക്ഷാർഹമായ കുറ്റമാക്കി നിയമം പ്രാബല്യത്തിലുണ്ടെങ്കിലും രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അത് എല്ലായിടത്തും എത്തുന്നുണ്ട്. സംഘടിത മാഫിയാ സംഘങ്ങൾ പോലും കരാറെടുത്താണ് അറവുമാലിന്യങ്ങൾ പൊതുവഴികളിലും ജലസ്രോതസുകളിലും ഒഴിഞ്ഞ പുരയിടങ്ങളിലും മറ്റും കൊണ്ടുചെന്ന് തള്ളുന്നത്. മലിനീകരണ നിയന്ത്രണ നിയമമൊന്നും ഇക്കൂട്ടർക്കു ബാധകമാകാറില്ല. ഹൈടെക് അറവുശാലകളുടെ പിറവി ഏറ്റവും അനുഗ്രഹമാവുക സംസ്ഥാനത്തെ ജലസ്രോതസുകൾക്കും ഓടകൾക്കും നീർച്ചാലുകൾക്കും പൊതുകുളങ്ങൾക്കും മറ്റുമായിരിക്കും. അറവുശാലകളിലെ അവശിഷ്ടങ്ങളിൽ സിംഹഭാഗവും ഇപ്പോൾ എത്തിച്ചേരുന്നത് ജലസ്രോതസുകളിലാണ്. കടൽ പോലും ഇവയുടെ ആധിക്യത്താൽ വൻ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണിപ്പോൾ. പ്രതിദിനം 1600 ടൺ അറവുമാലിന്യങ്ങൾ പുഴകളിലും കായലുകളിലും നദികളിലുമൊക്കെയായി എത്തുന്ന കണക്കു തന്നെ ഞെട്ടിക്കുന്നതാണ്. അതിഭീകരമായ ഈ ഭീഷണിയെക്കുറിച്ച് ആരും ബോധവാന്മാരല്ല എന്നതാണ് കൂടുതൽ ഭയാനകമായ വസ്തുത. ഇപ്പോൾത്തന്നെ സംസ്ഥാനത്ത് കുടിവെള്ള സ്രോതസുകൾ ഉൾപ്പെടെ എല്ലാ ജലാശയങ്ങളും മാരകമായ തോതിൽ മലിനപ്പെട്ടുകഴിഞ്ഞു എന്നാണ് പഠനങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്. മാംസപ്രിയർ വർദ്ധിക്കുന്നതിനനുസരിച്ച് മാലിന്യഭീഷണിയും ഉയരുന്നു എന്നു വേണം മനസിലാക്കാൻ. നാശത്തിലേക്കുള്ള ഈ പോക്ക് ഇനിയെങ്കിലും തടയാൻ കഴിഞ്ഞില്ലെങ്കിൽ വരും തലമുറ ശുദ്ധമായ കുടിനീരിനായി ഒരുപാടു കഷ്ടപ്പെടേണ്ടിവരും. നവീന അറവുശാലകളുടെ ഏറ്റവും വലിയ പ്രസക്തിയും ഇതാണ്.
നഗരസഭകൾ മാത്രമല്ല പഞ്ചായത്തുകളും അറവുശാലകളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ട കാലമാണിത്. സാംക്രമിക രോഗങ്ങൾ ഒന്നൊന്നായി നേരിടേണ്ടിവരുന്ന സാഹചര്യത്തിൽ മത്സ്യ - മാംസ - പച്ചക്കറി ചന്തകൾ ശുദ്ധവും വെടിപ്പുമുളവാക്കി സൂക്ഷിക്കേണ്ടത് എത്രയും ആവശ്യമാണ്. ശുചിത്വം വീടുകളിൽ മാത്രം പോരെന്ന് ബോദ്ധ്യപ്പെടുത്തുന്നതാണ് സമീപകാല അനുഭവങ്ങൾ. പല രംഗത്തും നേട്ടമുണ്ടാക്കാനായ കേരളത്തിന് ശുചിത്വത്തിലും മുന്നേറാൻ കഴിയേണ്ടതാണ്. അറവു മാലിന്യമുക്ത സംസ്ഥാനമെന്ന നിലയിലേക്കുയരണമെങ്കിൽ ആധുനിക മാംസ സംസ്കരണശാലകളുടെ ശൃംഖല തന്നെ സ്ഥാപിക്കേണ്ടിവരും. നഗരങ്ങളെ കേന്ദ്രീകരിച്ചു തുടങ്ങാനിരിക്കുന്ന ഹൈടെക് അറവുശാലകളുടെ ചെറു പതിപ്പുകൾ ചെറുപട്ടണങ്ങളിലേക്കും വലിയ ഗ്രാമങ്ങളിലേക്കും കൂടി വ്യാപിപ്പിക്കേണ്ടതുണ്ട്.