വക്കം: വക്കം റൂറൽ ഹെൽത്ത് സെന്റിലെ കയർ വാർഡ് കെട്ടിടം അപകടാവസ്ഥയിൽ. 1994ലാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. കയർ മേഖലയായ വക്കത്തെ കയർ തൊഴിലാളികളുടെ ചികിത്സയ്ക്കും ക്ഷേമത്തിനും വേണ്ടി കയർ വാർഡായിട്ടാണ് കെട്ടിടം നിർമ്മിച്ചത്. കെട്ടിടത്തിന്റെ ഇപ്പോഴത്തെ നില അപകടകരമാണ്. ചുവരുകൾ പൊട്ടിപ്പൊളിഞ്ഞു. മേൽക്കൂരയിൽ ഒരാൾ പൊക്കത്തിൽ ആൽമരം വളർന്നു നിൽക്കുന്നു.
മഴവള്ളത്തിൽ ചുവരുകൾ നനഞ്ഞു കുതിർന്നു കഴിഞ്ഞു. ഏത് സമയവും നിലംപൊത്താവുന്ന അവസ്ഥ. ഇതിന് പുറമേ കെട്ടിടത്തിന്റെ ഇടനാഴിയിലെ ഷീറ്റുകളും തുരുമ്പെടുത്ത് നശിച്ചുകഴിഞ്ഞു. കെട്ടിടത്തിന്റെ ദുരവസ്ഥ കണക്കിലെടുത്ത് പ്രവർത്തനങ്ങൾ ഭാഗികമായി നിറുത്തലാക്കി. രോഗികളോ കൂട്ടിരിപ്പുകാരോ ഇതിനടുത്ത് കൂടി പോകാൻ പോലും ഭയക്കുന്നു. നിലവിലെ സാഹചര്യത്തിൽ അറ്റകുറ്റപ്പണികൾ കൊണ്ട് കെട്ടിടം സംരക്ഷിക്കാൻ കഴിയില്ലെന്നാണ് വിദഗ്ദ്ധാഭിപ്രായം.