aram-pathira

2020 ൽ മലയാള സിനിമയിൽ ഹിറ്റായ അഞ്ചാം പാതിരയുടെ ഒന്നാം വാർഷിക ദിനത്തിൽ ചിത്രത്തിന്റെ രണ്ടാം ഭാഗവും എത്തുന്നു. കഴിഞ്ഞ ജനുവരി 10ന് തിയേറ്ററിൽ എത്തിയ ചിത്രം കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ്. ആറാം പാതിരാ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മിഥുൻ മാനുവൽ പുറത്ത് വിട്ടു. അഞ്ചാം പാതിരയുടെ അണിയറക്കാർ തന്നെയാണ് ആറാം പാതിരയിലും. "അൻവർ ഹുസൈൻ പുതിയ ഒരു നിഗൂഢതയിലേക്ക് കാലെടുത്ത് വയ്ക്കുന്നു.. ഒരു പുതിയ കേസ്, ഒരു പുതിയ നിഗൂഢതയുടെ ചുരുൾ അഴിയുന്നു.. ആറാം പാതിരാ. ഈ ത്രില്ലർ രൂപപ്പെടുന്നതിന് സാക്ഷിയാവുന്നതിൽ ഏറെ ആവേശമുണ്ട്". ടൈറ്റിൽ പോസ്റ്ററിനൊപ്പം മിഥുൻ ഫേസ്ബുക്കിൽ കുറിച്ചു. കുഞ്ചാക്കോ ബോബനും 'അഞ്ചാം പാതിരാ' നിർമ്മാതാവ് ആഷിക് ഉസ്മാനുമൊപ്പം ഒരു പുതിയ ത്രില്ലർ ചെയ്യാൻ ഒരുങ്ങുകയാണെന്ന് മിഥുൻ മാനുവൽ ഇക്കഴിഞ്ഞ ഡിസംബറിൽ പ്രഖ്യാപിച്ചിരുന്നു. അഞ്ചാം പാതിരായുടെ ബോളിവുഡ് റീമേക്കും വരാനിരിക്കുകയാണ്. ഈ ചിത്രവും സംവിധാനം ചെയ്യുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. റിലയൻസ് എന്റർടെയ്ൻമെന്റ്, എ.പി ഇന്റർനാഷണൽ, മലയാളം ഒറിജിനലിന്റെ നിർമ്മാതാക്കളായ ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് റീമേക്ക് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.