തിരുവനന്തപുരം:കാർഷിക സംസ്കൃതിയുടെ കാവലാളായിരുന്നു അന്തരിച്ച നിയമസഭാംഗം സി.എഫ്. തോമസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതുപ്രവർത്തനത്തിൽ ധാർമ്മികമൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ അദ്ദേഹത്തിനായെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. സൗമ്യം,ലളിതം എന്ന രണ്ടുവാക്കുകൾ കൊണ്ട് സി.എഫിനെ വരച്ചിടാമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ. മുനീർ പറഞ്ഞു. ഒരു മണ്ഡലത്തിൽ നിന്ന് ഒൻപത് തവണ തോൽക്കാതെ നിയമസഭയിലെത്തുന്നത് നിസ്സാരകാര്യമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.വ്യക്തിമഹത്വവും ജനങ്ങളെ അറിയാനുള്ള മനസുമാണതിന് സി.എഫിനെ പ്രാപ്തനാക്കിയത്.ചങ്ങനാശേരിയിൽ മതസൗഹാർദ്ദമൂട്ടിയുറപ്പിച്ചതിൽ സി.എഫ്. തോമസിന്റെ പങ്ക് നിസ്തുലമാണെന്ന് കേരളകോൺഗ്രസ് നേതാവ് പി. ജെ. ജോസഫ് പറഞ്ഞു.
അറിവിനെ ആദരിക്കാനും പകരാനും ഹൃദയവിശാലതയുള്ള മഹനീയ വ്യക്തിത്വമായിരുന്നു രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖർജിയെന്ന് അനുസ്മരണ പ്രമേയത്തിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു.അസുര രാജാവിനെ ദൈവത്തെപ്പോലെ സ്നേഹിക്കുന്ന രാജ്യത്തെ ഒരേയൊരു സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം വിശേഷിപ്പിച്ചതും സ്പീക്കർ അനുസ്മരിച്ചു.ധനമന്ത്രിയായിരിക്കെ അദ്ദേഹം കാർഷികമേഖലയിൽ കേരളത്തിലെ പ്രശ്നങ്ങളറിയാൻ എം. എൽ.എ മാത്രമായിരുന്ന തന്നെ ഡൽഹിക്ക് വിളിപ്പിച്ച് ചർച്ച ചെയ്തിട്ടുണ്ടെന്ന് പി. ജെ. ജോസഫ് പറഞ്ഞു.
പാർലമെന്ററികാര്യ ചുമതലയുണ്ടായിരുന്നപ്പോൾ രാജ്യസഭയിൽ ഉപദേശങ്ങൾ നൽകി സഹായിക്കാൻ അന്ന് പ്രതിപക്ഷത്തായിരുന്ന പ്രണബ് സന്മനസ് കാണിച്ചിട്ടുണ്ടെന്ന് ബി.ജെ.പി. അംഗം ഒ. രാജഗോപാൽ പറഞ്ഞു.
മന്ത്രി ഇ.ചന്ദ്രശേഖരൻ, മാണി.സി. കാപ്പൻ, അനൂപ് ജേക്കബ്, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി,പി.സി.ജോർജ് തുടങ്ങിയ കക്ഷിനേതാക്കളും സംസാരിച്ചു. മറ്റ് നടപടികളിലേക്ക് കടക്കാതെ സഭ പിരിഞ്ഞു.